കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനസികരോഗ ചികിത്സ വേണ്ടത് നടത്തിപ്പുകാര്‍ക്ക്

Google Oneindia Malayalam News

Mental Health Nursing
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചതിനേക്കാള്‍ അക്രമമാണ് കേരളത്തിലെ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ നടക്കുന്നതെന്നത് ബീഹാര്‍ സ്വദേശി സത്‌നാം സിംഗ്മാന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. പരിഷ്‌കൃത സമൂഹങ്ങളെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതകളും അക്രമങ്ങളും അരങ്ങേറുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും നോട്ടമെത്താത്തത് സൗകര്യമായി കരുതുകയാണ് അധികൃതരും ജീവനക്കാരും.

മാനസീകമായി ദൗര്‍ബല്യമുള്ളവരും സുബോധമില്ലാത്തവരുമായ ആളുകളെ ക്രൂരമായി പീഡിപ്പിക്കുന്നതില്‍ ഹരം കണ്ടെത്തുന്ന കൊടും മാനസികരോഗികള്‍ തന്നെയാണ് ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും നടത്തുകയും ചെയ്യുന്നതെന്നാണ് സത്‌നാമിന്റെ കൊലയില്‍ നിന്ന് വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ മൂന്ന് ജീവനക്കാരെയും ഒരു ജയില്‍വാര്‍ഡനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സസ്‌പെന്റ് ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകര്‍ സമരത്തിനിറങ്ങിയിട്ടുമുണ്ട്. എന്ത് തോന്ന്യാസം നടന്നാലും അതിനെ പിന്തുണയ്ക്കാനും ഇവിടെ ആളുണ്ട്.

അഞ്ഞൂറിലേറെ മാനസിക രോഗികള്‍ പാര്‍ക്കുന്ന പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വേണ്ടത് അമ്പത് ഡോക്ടര്‍മാരും അതിനനുസരിച്ച മറ്റ് വിഭാഗങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. എന്നാല്‍ ഇവിടെ 15 ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ എന്നാണ് വിവരം. രോഗികളെ കൈകാര്യം ചെയ്യുന്നത് അറ്റന്റര്‍മാരും വാര്‍ഡന്‍മാരുമാണ്. ഇവരുടെ 'ചികിത്സ'യാണ് ഇവിടെ പ്രധാനമായും നടക്കുക. സുബോധത്തോടെ തിരിച്ച് പ്രതികരിക്കില്ല എന്ന ഉറപ്പുള്ളതിനാല്‍ 'കൊടുംക്രൂരത'യാണ് ഇവിടെ രോഗികള്‍ക്ക് മേല്‍ അറ്റന്റര്‍മാരും വാര്‍ഡന്‍മാരും പ്രയോഗിക്കുന്നത്.

കോഴിക്കോട് കുതിരവട്ടത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തിലും ആവശ്യത്തിന് ചികിത്സകരില്ല. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആവശ്യമുള്ളതിന്റെ നാലിലൊന്ന് ചികിത്സകര്‍ പോലും ഇവിടെയില്ല. ഇവിടങ്ങളിലും രോഗികള്‍ക്ക് പലപ്പോഴും 'ചികിത്സ' വിധിക്കുന്നത് മറ്റ് ജീവനക്കാരാണ്.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാനസികരോഗാശുപത്രികളില്‍ രാത്രികളില്‍ ഓരോ വാര്‍ഡുകളിലും അതിക്രൂരമായ മര്‍ദ്ദനമുറകളാണ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് വിവരം. അക്രമാസക്തരായ മാനസിക രോഗികളെ അടിച്ചൊതുക്കി ചികിത്സിക്കുകയാണിവര്‍. പകലത്തെ അനുസരണക്കേടുകള്‍ക്കുള്ള ശിക്ഷ രാത്രിയിലെ മൂന്നാംമുറയാണ്. സംഘം ചേര്‍ന്നുള്ള പ്രയോഗത്തില്‍ നിസഹായരും സുബോധമില്ലാത്തവരുമായ മനുഷ്യര്‍ എന്താണ് നടക്കുന്നതെന്ന് അറിയുകപോലുമുണ്ടാകില്ല. അത്തരത്തിലുള്ള ക്രൂരമര്‍ദ്ദനമാണ് സത്‌നാം സിംഗിന്റെ മരണത്തിനിടയാക്കിയത്. ജയിലുകളിലുള്ള നടയടി പ്രയോഗത്തെക്കാളും മുന്തിയ പ്രയോഗത്തിനിടെയാണ് സത്‌നാമെന്ന ചെറുപ്പക്കാരന്‍ രക്തസാക്ഷിയായത്.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ രാത്രികളില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇല്ലാത്തത് വാര്‍ഡന്‍മാരും അറ്റന്റര്‍മാരും അടക്കമുള്ളവര്‍ക്ക് സൗകര്യമാണ്. രാത്രി റസിഡന്റ് ഡോക്ടര്‍മാര്‍ വേണമെന്ന് നിര്‍ബന്ധമാണെങ്കിലും ആവശ്യത്തിന് സ്റ്റാഫില്ലെന്ന കാരണം പറഞ്ഞ് മുങ്ങുകയാണ് പതിവ്. ഭ്രാന്തന്മാര്‍ ചത്താലും ജീവിച്ചാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്ന് കരുതുന്ന സമൂഹവും കുടുംബങ്ങളുമാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ യഥാര്‍ത്ഥ മാനസിക രോഗികളായ ജീവനക്കാര്‍ക്ക് ധൈര്യം പകരുന്നത്. ഉപേക്ഷിക്കപ്പെട്ടവരും അന്വേഷിച്ചുവരാന്‍ ആളില്ലാത്തവരുമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെത്തുവരില്‍ അധികവും. ഇവിടങ്ങളിലെത്തുന്നവര്‍ ഏറെപ്പേരും സുബോധത്തോടെ പുറംലോകത്തെത്തുകയുമില്ല. യഥാര്‍ത്ഥത്തില്‍ ചികിത്സ വേണ്ടത് മാനസികാരോഗ്യകേന്ദ്രം നടത്തിപ്പുകാര്‍ക്ക് തന്നെയാണ്.

English summary
Whats the real reason for the death of a youth from Bihar under suspicious circumstances in the mental health center?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X