കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉസ്‌കൂള്‍ കലോത്സവം' കൂടാന്‍ നമ്മളുമുണ്ടേ ചങ്ങായീ... ങ്ങക്ക് ഏട്യാ പോണ്ട്യേ, കണ്ണൂര്ക്കാ?

  • By Muralikrsihna Maaloth
Google Oneindia Malayalam News

മുരളീകൃഷ്ണ മാലോത്ത്

കണ്ണൂര്‍ക്കാരുടെ സ്‌നേഹത്തെക്കുറിച്ച് വാചാലരാകുന്നവരെല്ലാം ഒരു പരാതിയേ പറഞ്ഞിട്ടുള്ളൂ, കണ്ണൂരിന്റെ ഭാഷ. 'ഇതെന്നാ ഫാഷയാ നിങ്ങള് പറയുന്നേ'-ഇതാണ് ചോദ്യം.

ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയത്ത് ഒരു 'മങ്ങലം' കൂടാന്‍ കണ്ണൂരേക്ക് പോയ കഥ വിവിത ഞങ്ങളുടെ 'കല്യാണം' കഴിഞ്ഞ കാലത്ത് പറഞ്ഞിട്ടുണ്ട്. ഇന്നത്തെപ്പോലെ കാറ്ററിങ്ങൊന്നും ഇല്ലല്ലോ. തലേന്ന് രാത്രി ആണും പെണ്ണുമായി പത്തമ്പത് ആള്‍ക്കാരുണ്ടാവും ചര്‍മിക്കാന്‍. കുറേ വെളുത്തുള്ളി പൊളിച്ച് അതിന്റെ തൊലിയും കൈയ്യില്‍ വാരിപ്പിടിച്ച് ഇരിക്കുന്ന വിവിതയോട് മച്ചുനന്‍ സച്ചിയേട്ടന്‍ പറഞ്ഞുപോലും, 'യ്യ് അതെടുത്ത് ചാടിക്കള' എന്ന്. ഇതെന്താ ഈ പറയുന്നേ എന്നാലോചിച്ച് ഒരുനിമിഷം അന്തിച്ചെങ്കിലും ഒട്ടും മടിക്കാതെ രണ്ട് ചാട്ടമങ്ങ് വെച്ചുകൊടുത്തു ഇഷ്ടത്തി. ഈ പെണ്ണെന്താ കാട്ടുന്നേ എന്ന് പറഞ്ഞ് ആണും പെണ്ണുമടങ്ങിയ ഉത്സാഹക്കമ്മിറ്റിക്കാര്‍ ചിരിയോ ചിരി. 'ഞാനൊരുമാതിരി മങ്കീഫേസായിപ്പോയി' എന്ന് ഓള് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ ഞാനും ചിരിച്ചുപോയി.

ഇത് മാത്രമല്ല, കണ്ണൂരുകാരുടെ ചാട്ടം കുറച്ച് ഓവറാണെന്ന് അതിന് മുമ്പും കേട്ടിട്ടുണ്ട് കഥകള്‍. ആദ്യമൊക്കെ കേട്ടത് തള്ളാണെന്ന് കരുതി ചിരിച്ചുതള്ളി. പിന്നെ നോക്കുമ്പോ ചെറുതും വലുതുമായി പണി കിട്ടിയവര്‍ ഒരുപാടുണ്ട്. യുവജനോത്സവം അടിച്ചുപൊളിക്കാനായി കണ്ണൂര് പോകുന്നതൊക്കെ കൊള്ളാം, സദ്യ കഴിച്ചുകഴിഞ്ഞാല്‍ ഇലയെടുത്ത് ചാടിക്കോ എന്ന് പറയും കണ്ണൂരുകാര്‍. എന്ന് കരുതി ഇലയും കൊണ്ട് കസേരക്ക് മേലെ കയറി ചാടരുത്. മാനനഷ്ടം ഉറപ്പ്. കണ്ണൂര് ചാടുക എന്ന് പറഞ്ഞാല്‍ എറിഞ്ഞുകളയലാണ്. അപ്പോ ചാട്ടത്തിനെന്ത് പറയും എന്നാണോ, അതാണ് തുള്ളല്‍. കലോത്സവ വേദികളില്‍ നടക്കുന്ന ഓട്ടന്‍തുള്ളല്‍ കണ്ണൂര്‍ക്കാര്‍ക്ക് ഓട്ടന്‍ചാട്ടം മാത്രമല്ലേ ആകൂ എന്ന് മധ്യകേരളക്കാരനായ ഒരു കൂട്ടുകാരന്‍ ചോദിക്കുന്നു. കുറച്ച് കാലം കണ്ണൂര് താമസിച്ച് പഠിച്ചതിന്റെ കഥകള്‍ കക്ഷിയുടെ കൈയ്യില്‍ ഇഷ്ടം പോലെയുണ്ട്. ഗുരുവായൂര് നീണ്ട് നിവര്‍ന്നു നില്‍ക്കുന്ന വിഷ്ണു തിരുവനന്തപുരത്തെത്തിയാല്‍ കിടക്കുന്നത് കാല് വാരിക്കളയുമോ എന്ന് പേടിച്ചിട്ടാണ് പോലും.

തെക്കനേം മൂര്‍ഖനേം കണ്ടാല്‍ ആദ്യം തെക്കനെ തല്ലണം എന്ന കഥയും എന്നോട് ആദ്യം പറഞ്ഞതൊരു തെക്കനാണ്. യൂത്ത് ഫെസ്റ്റിവലിന് കൊടി കയറിയതോടെ എത്രയെത്ര കഥകളാണ് സോഷ്യല്‍ മീഡിയയില്‍. പോകാത്തവര്‍ പേടിയോടെയും പോയവര്‍ സ്നേഹത്തോടെയും പറയുന്ന പേരാണ് കണ്ണൂരെന്ന് കണ്ണൂരുകാര്‍ പറയും. തൊട്ടതിനും പിടിച്ചതിനും ആളെ വെട്ടിക്കൊല്ലുന്ന നാട് എന്ന ഇമേജ് മാറാന്‍ ഈ കലോത്സവം ഒരു കാരണമായാല്‍ അത്രയ്ക്ക് സന്തോഷമായേനെ. പക്ഷേ കലോത്സവം കൂടി എല്ലാവരും മനംനിറഞ്ഞ് തിരിച്ചുപോകുമ്പോഴെങ്കിലും ഈ പേരുദോഷം മാറിക്കിട്ടും എന്ന് ആശ്വസിച്ചതേയുള്ളൂ, അതാ ഒരു വെട്ടിക്കൊലയും ഹര്‍ത്താലും വീണ്ടും. പണ്ടൊരു വിദ്വാന്‍ നാദാപുരത്തെ ആര്‍ത്തനാദാപുരം എന്ന് വിളിച്ച പോലെ, ആര് ഭരിച്ചാലും ഭരിഞ്ഞാലും കണ്ണൂരിന് കണ്ണീര് തന്നെ ബാക്കി. കണ്ണൂര് കലോത്സവത്തിന് വരാന്‍ ഞങ്ങള്‍ക്ക് പേടിയാണെന്ന് കുട്ടികള്‍ പറഞ്ഞാല്‍ അവരോട് തിരിച്ചെന്ത് പറയും?

ഇതെന്നാ ഫാഷയാ നിങ്ങള് പറയുന്നേ?

ഇതെന്നാ ഫാഷയാ നിങ്ങള് പറയുന്നേ?

മുമ്പ് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമെല്ലാം കണ്ണൂര്‍ക്കാരുടെ സ്‌നേഹത്തെക്കുറിച്ച് വാചാലരാകുന്നവരെല്ലാം ഒരു പരാതിയേ പറഞ്ഞിട്ടുള്ളൂ, കണ്ണൂരിന്റെ ഭാഷ. 'ഇതെന്നാ ഫാഷയാ നിങ്ങള് പറയുന്നേ' എന്ന് ചോദിച്ചവര്‍ മുതല്‍ തുടങ്ങുന്നു പട്ടിക. തിരുവനന്തപുരം, വളളുവനാടന്‍, തൃശ്ശൂര് ഭാഷകളൊക്കെ പന്താടുന്നവര്‍ പോലും കണ്ണൂരെത്തിയാല്‍ കുറച്ചൊന്ന് അമ്പരക്കുന്നുണ്ടെന്നാണ് അന്യജില്ലക്കാരായ പാണന്മാര്‍ പാടിനടക്കുന്നത്. സപ്തഭാഷാ സംഗമഭൂമിയായ കാഞ്ഞിരോടാണ് തൊട്ടടുത്ത്, സംശയിക്കണ്ട കാസര്‍കോട് തന്നെ. മലയാളവും തുളുവും കൊങ്ങിണിയും കന്നഡയും കലര്‍ന്ന ഒരു പാട്ടാണത്രെ കാസര്‍കോടന്‍ മലയാളം. കണ്ണൂരും ഏതാണ്ടിത് പോലെ തന്നെ, ആറ് മലയാളിക്ക് നൂറ് മലയാളം എന്ന കുഞ്ഞുണ്ണിപ്പറച്ചില്‍ കണ്ണൂരിന്റെ കാര്യത്തില്‍ അച്ചട്ടാണ്. നാല് വളവ് തിരിഞ്ഞാ ചെലപ്പോ പറയുന്ന ഭാഷ തന്നെ മാറിപ്പോകും.

ങ്ങക്ക് ഏട്യാ പോണ്ട്യേ? - എന്ന ആദ്യത്തെ ചോദ്യത്തില്‍ തുടങ്ങും കണ്ണൂരുകാരുടെ സ്നേഹം. തിരുവനന്തപുരത്ത് പോയപ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് വഴി പറഞ്ഞുകൊടുത്തു എന്ന് പരാതി പറഞ്ഞ കൂട്ടുകാരനോട് കൊച്ചിക്കാരന്റെ മറുപടി ഇങ്ങനെ - അതിനൊക്കെ നമ്മള്‍, വഴി തെറ്റിച്ച് പറഞ്ഞുകൊടുക്കുന്നത് പോയിട്ട് ചോദ്യം കേട്ടഭാവം പോലും വെക്കില്ല. എന്നാല്‍ കണ്ണൂരുകാരങ്ങനെയല്ല കേട്ടോ. അറിയുന്ന സ്ഥലമാണെങ്കില്‍ കൃത്യമായി പറഞ്ഞുതരും. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ കൂടെ വന്ന് വഴി കാണിച്ചുതരും. തിരുവനന്തപുരത്തുകാരെല്ലാം വഴി തെറ്റിക്കുന്നവരും കണ്ണൂരുകാരെല്ലാം വീട് വരെ വന്ന് വഴി കാണിക്കുന്നവരും ആണെന്നൊരു ധ്വനി വന്നുപോയിട്ടുണ്ടോ എന്നൊരു സംശയം. അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലട്ടോ. (ജയരാജേട്ടന്റെ നാടല്ലേ, ഇരിക്കട്ടെ ഒരു മുന്‍കൂര്‍ ജാമ്യം)

ങ്ങക്ക് ഏട്യാ പോണ്ട്യേ?

ങ്ങക്ക് ഏട്യാ പോണ്ട്യേ?

കലോത്സവ വേദിക്ക് പോകാന്‍ വഴിയറിയാതെ നട്ടംതിരിയുകയാണോ നിങ്ങള്‍. ഏത് നിമിഷവും ഈ ചോദ്യം പ്രതീക്ഷിക്കാം. ങ്ങക്ക് ഏട്യാ പോണ്ട്യേ? എന്ന് വെച്ചാല്‍ നിങ്ങള്‍ക്ക് എവിടെയാണ് പോകേണ്ടത് എന്നര്‍ഥം. ഏടപ്പോണോങ്കിലും കണ്ണൂരുകാരോട് പറഞ്ഞാ മതി. ഓര് നിങ്ങളെ തട്ടുകേടൊന്നും കൂടാണ്ട് പോണ്ടേടത്ത് കൊണ്ടാക്കും. (കോണ്ടാക്കാ എന്ന് കേട്ടിട്ട് വേറൊന്നും വിചാരിക്കണ്ട, കൊണ്ടുചെന്നെത്തിക്കാം എന്നതിനെ ചുരുട്ടിയെടുത്തതാണിത്.)

സദ്യ കഴിഞ്ഞ് ഇല കളയുന്ന കാര്യം നേരത്തെ പറഞ്ഞല്ലോ, സദ്യ തീരുന്നത് പായസത്തോടെയാണ്. ലേശം പായസം ബീത്ത്വട്ടേ എന്ന് കേട്ടാല്‍ ഞെട്ടേണ്ട കാര്യമൊന്നുമില്ല, പായസം ഒഴിക്കട്ടെ എന്നാണ് കവി ഉദ്ദേശിക്കുന്നത്. പായസത്തിന്റെ കൂടെ ഒരു കായീം കിട്ടും, നമ്മടെ വാഴപ്പഴമേ. കണ്ണുരുകാരുടെ കൂട്ടാനെ പരിഷ്‌കാരികള്‍ കറികള്‍ എന്ന് പറയും. അതുപോലെ പണി കിട്ടാന്‍ സാധ്യതയുള്ള മറ്റൊരു വാക്കാണ് ഉപ്പേരി. കൈ കഴുകുന്നിടത്ത് വെള്ളമില്ലെങ്കില്‍ മുക്കി കൊണ്ടുവരാന്‍ ഒരു കൊടം ചോദിച്ച് വെറുതെ കണ്ണൂരുകാരുടെ തല്ല് കൊള്ളരുത്. കൊടം എന്ന് പറഞ്ഞാ അത്ര മോശപ്പെട്ട വാക്കാണ് കണ്ണൂര്. വെള്ളം മുക്കാന്‍ പാത്രം വേണമെങ്കില്‍ പാനി എന്ന് പറയണം. നാരിയേല്‍ കാ പാനിയല്ല, ഇത് വെറും പാനി. ചിലയിടങ്ങളില്‍ ഇവന്‍ പാനിയുമല്ല പാഞിയാണ്. ബറ്റുംബെള്ളം കുടിച്ചുകഴിഞ്ഞാല് ഒന്ന് വായ്‌ക്കൊള്ളി തുപ്പുന്ന ശീലം പിന്നെ എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ.

ബേങ്കീ ബേങ്കീ കീയാ കീയാ..

ബേങ്കീ ബേങ്കീ കീയാ കീയാ..

പക്ഷി കരഞ്ഞതല്ല. കലോത്സവം നടക്കുന്ന പ്രധാന സ്‌കൂളിന്റെ സ്റ്റോപ്പിലെത്തിയ ബസിലെ കിളി ചിലച്ചതാണ്. ഇറങ്ങാന്‍ തുടങ്ങുന്ന ആളോട് പറഞ്ഞതാണ് ആദ്യം കേട്ടത്. 'ബേങ്കീ ബേങ്കീ..' 'വേഗം കീ വേഗം കീ'.. ഒന്ന് കൂടി മലയാളത്തിലാക്കിയാല്‍ വേഗം ഇറങ്ങൂ വേഗം ഇറങ്ങൂ. അതിനുള്ള മറുപടിയാണ് പിന്നീട് കേട്ടത് 'കീയാ കീയാ'.. ഇറങ്ങാം ഇറങ്ങാം. ഇറങ്ങുമ്പോ ശ്രദ്ധിച്ച് ഇറങ്ങണേ ഇല്ലെങ്കി ചെലപ്പ 'ഭൂം ഭൂം'. വീണ് മുട്ട് പൊട്ടിയിട്ട് പിന്നെ ബൈരംകൊടുത്തിറ്റ് കാര്യമില്ലല്ലോ. അതുകൊണ്ടാണീ മുന്നറിയിപ്പ്. ബസ്സില് കുഞ്ഞീനേം 'തട്ടി നില്‍ക്കുന്ന' (എന്താക്കീറ്റ്, തട്ടീറ്റ്. കുട്ടിയെ എടുക്കല്‍ കണ്ണൂര് തട്ടലാണ്, നിങ്ങളുദ്ദേശിക്കുന്ന തട്ടല്‍ അല്ല). ഒരമ്മേം കിളീം തമ്മില്‍ നടന്ന സംഭാഷണമാണിതെന്നാണ് ഐതിഹ്യം. കാടാങ്കോട്ട് മാക്കം മുതല്‍ പറശ്ശിനി മുത്തപ്പന്‍ വരെ കണ്ണൂരിന്റെ ഐതിഹ്യങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല. (തെയ്യം ഫോട്ടോ ഷാജി മുള്ളൂർക്കാരൻ വക)

ബസ്സിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, കലോത്സവ വേദിയിലേക്ക് ബസ്സുണ്ടോ എന്ന് ചോയ്ച്ച ഒരു ബാല്യക്കാരനോട് (വാല്യക്കാരനല്ല, ഈ ബാല്യക്കാരന്‍ ചെറുപ്പക്കാരനാണ്) ആട്ന്ന് ആരോ പറഞ്ഞിനോലും. 'ഈട നിന്നാ മതി, ആടംബരെ ബസുണ്ട്' എന്ന്. ഇത് കേട്ട് കിളിപോയ ബാല്യക്കാരന്‍ 'ങേ ആഡംബര ബസോ' എന്ന് അന്തിച്ചുനില്‍ക്കുന്നു. പോഡ്രാട്ന്ന് എന്നും പറഞ്ഞ് മറ്റേയാള് ഊക്കില് ഒരു നടത്തോം വെച്ച് കൊടുത്തു. അല്ല കുറ്റം പറയാനില്ല, കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടാല്‍ ആര്‍ക്കും തോന്നും ആഡംബരബസ്സാണെന്ന്, രാത്രി ബസ് വരുന്നത് കാണാനൊക്കെ അത്ര ചേലാണ്. മത്താപ്പ് മുതല്‍ പൂ വിരിയുന്ന എഫക്ട് വരെ കാണും. ഒരു മിനി കല്യാണ മണ്ഡപം പോലുണ്ടാകും ലൈറ്റിംഗ്. പാട്ടുകച്ചേരി വേറെ. ടിക്കറ്റിനെക്കുറിച്ചാണെങ്കില്‍ പറയുകേ വേണ്ട. അതെന്താ ടിക്കറ്റില്ലേ, ടിക്കറ്റുണ്ട്, അത് കീറി കണ്ടക്ടറങ്ങനെ പറപ്പിച്ചുവിടും നിങ്ങക്ക് കൈയില് കിട്ടിയാ കിട്ടി.

നൊടിച്ചിലിന് നിക്കണ്ട, കീഞ്ഞ് പാഞ്ഞാളീ!

നൊടിച്ചിലിന് നിക്കണ്ട, കീഞ്ഞ് പാഞ്ഞാളീ!

ടിക്കറ്റ് പോയാ വേറെ ഒരു പ്രശ്‌നമുണ്ട്, കുറച്ച് കഴിഞ്ഞാ ചെലപ്പോ ഇതേ ആള് നിങ്ങളോട് ചോദിക്കും 'ഞ്ഞി ടിക്കറ്റെടുത്തിനാ?' 'ടിക്കറ്റ് നിങ്ങള് കീറിപ്പറത്തിയില്ലേ' എന്ന് ചോദിച്ചാ 'ഇഞ്ഞിയെന്നാപ്പാ ആളെ സുയ്പ്പാക്ക്ന്ന്' എന്നാകും മറുചോദ്യം. സുയിപ്പ് എന്ന് കേട്ട് മനസിലായില്ലേ കാര്യാക്കണ്ട, സുയിപ്പാക്ക്ന്ന് എന്ന് പറഞ്ഞാ അര്‍ഥം മക്കാറാക്ക്ന്ന് എന്നാണ്. അതും മനസിലായില്ലേ, ഇത് ബെല്യെ എടങ്ങേറായല്ലോ. നിങ്ങളെന്താണ് കളിയാക്കുന്നോ എന്നാണ് ഓല് പറയുന്നത്. ഇതും പറഞ്ഞ് അവിടെയാരോടും കലമ്പാന്‍ നിക്കണ്ട എന്ന് വെച്ചാല്‍ വഴക്ക് കൂടണ്ട. നൊടിച്ചില് (അനാവശ്യ സംസാരം) പണ്ടേ കണ്ണൂര്കാര്‍ക്ക് ഇഷ്ടമുള്ള കാര്യമല്ല. ആവശ്യമില്ലാത്ത കാര്യത്തില് ആടേം ഈടേം പോയി നൊടിച്ചിലിന് നിന്നാ ചെലപ്പോ മൊത്തിക്ക് കിട്ടും. (മൊത്തിയെ ചിലര് മീടെന്നും പറയും, കിട്ടിക്കഴിഞ്ഞിട്ട് പിന്നെ ഇതല്ല അതാന്ന് പറഞ്ഞിറ്റ് വല്ല കാര്യോണ്ടോ)

രംഗം പന്തിയല്ല എന്ന് കണ്ടാല്‍ പിന്നെ ഒന്നും നോക്കണ്ട. ബസ്സിന്ന് 'കീഞ്ഞ് പാഞ്ഞാളീ'. ഹെന്തൂട്ട്, അല്ല ഇറങ്ങി ഓടിക്കോ. തുള്ളുമ്പോ നോക്കീം കണ്ടും തുള്ളണം. മൂടുംകുത്തി ഊരിബ്ണാ പിന്നെ ഊരേം പെരടീം എല്ലാം പോയി കിടപ്പിലായേക്കും. ബൈങ്കര വേദനേരിക്കും. അതുമല്ല, ബീണിറ്റ് കാണുമ്പം കൊറവല്ലെ. പിന്നെ ബൈരോം കൊടുത്തങ്ങനെ കെടക്കാം. ബൈരം കൊടുക്കുന്നതിനെ ശരിക്കും വൈരം കൊടുക്കുക എന്നാണ് പറയുക. കുഞ്ഞി ജനിച്ചപ്പോഴേ വൈരം കൊടുക്കാന്‍ തുടങ്ങി. കുത്തി വീഴുന്നത് മുഖമാണെങ്കി മീടും കുത്തി എന്ന് തന്നെ പറയണേ. മീടിന് പകരം മൂട് ആയാ സ്ഥലംമാറി. ഈ ആടേം ഈടേം പോയി അല്‍സിയുണ്ടാക്കുന്ന ശീലെല്ലം ബല്‍തായാല് മാറിക്കോളും എന്ന് കയ്‌ഞ്ഞേസം അമ്മ പറഞ്ഞേയുള്ളൂ. അല്ലപ്പാ തെച്ചും പടിച്ചപ്യ ആരാ ഈടെ. ഞാനും വെര്‍തെ പറഞ്ഞൂന്നേ ഉള്ളൂ, കണ്ണൂരത്രക്കങ്ങനെ കൊയപ്പോള്ള സ്ഥലോന്ന്വല്ലപ്പാ.

മുത്തപ്പനെ കാണാന്‍ മറക്കണ്ട ട്ടാ!

മുത്തപ്പനെ കാണാന്‍ മറക്കണ്ട ട്ടാ!

ഇരിക്കറാ, നിക്കറാ, പോകറാ, ചെയ്യറാ, ചാടറാ എന്നൊക്കെ കേട്ടാല്‍ ബഹുമാനമില്ലാതെ പറയുകയാണ് എന്ന് വിചാരിക്കല്ലേ, നല്ല ബഹുമാനത്തോട് കൂടി തന്നെ പറയുന്നതാണത്. ചെലപ്പോ ഇതിന്റെ കൂടെ ഒരു അപ്പാ കൂടി കാണും, ഇരിക്കറാപ്പാ. നിക്കറാപ്പാ.. അതും തെറ്റായി എടുക്കരുത്. കണ്ണൂര് പോയി വന്ന പലരും പരാതി പറഞ്ഞിട്ടുള്ള കാര്യമാണ് വടക്കേ മലബാറുകാരുടെ ഈ അപ്പാ വിളി. അപ്പനെന്ന് പറഞ്ഞപ്പോഴാണ് മുത്തപ്പനെ ഓര്‍ത്തത്. പറശ്ശിനിക്കടവില്‍ പോയി മുത്തപ്പനെ കാണാന്‍ മറക്കരുത് ട്ടാ. മുത്തപ്പനെ കണ്ടാ രണ്ടുണ്ട് കാര്യം മമ്പയറ് പുഴുങ്ങീതും ഉണക്കമീനും ചേര്‍ത്ത പ്രസാദോം ചായേം കിട്ടും. അടുത്ത് തന്നെ നല്ല ഉഷാറ് കള്ളും. നമ്മളെ മുത്തപ്പനങ്ങനെ ജാതീം മതോമൊന്നുമില്ല. പക്കാ സോഷ്യലിസ്റ്റാണ് മുത്തപ്പന്‍. വീട്ടിലെ മുത്തപ്പന്റെ കാര്യമല്ല കേട്ടോ. വീട്ടില് അച്ഛന്റെ മൂത്ത ഏട്ടനാണ് മുത്തപ്പന്‍. അമ്മേന്റെ ഏച്ചീന്റെ ഭര്‍ത്താവും മുത്തപ്പന്‍ തന്നെ. പെങ്ങളുടെ മകളാണ് മര്വോള്. മകന്റെ ഭാര്യ മര്വോളല്ല മോന്റോളാണ്.

മുത്തപ്പനെ മാത്രമല്ല, തലശ്ശേരി ബിരിയാണീം മിസാക്കണ്ട. കണ്ണൂര് കോട്ട കാണാം, പയ്യാമ്പലം ബീച്ച് കാണാം, കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് പോകാ.. അങ്ങനെ ഇഷ്ടം പോലുണ്ട് നേരംപോക്കുകള്‍. ആടേം ഈടേം നോക്കി വെറുതെ നടന്ന് പോകുന്ന നിങ്ങളെ നോക്കി ആരെങ്കിലും ഓന്‍ എന്ന് പറഞ്ഞാല്‍ ഞെട്ടണ്ട. ഓനെന്ന് പറഞ്ഞാല്‍ അവന്‍ എന്നര്‍ഥം. ഓനിക്കെന്താ പറ്യല്ലേ വേണ്ടൂ എന്ന് ആരെങ്കിലും പറയുന്നത് കേട്ടാല്‍ തെറ്റിദ്ധരിക്കാന്‍ നിക്കണ്ട. അവനെന്താ പറയുകയല്ലേ വേണ്ടൂ എന്ന് മാത്രമാണ് വ്യംഗ്യം. ഓനിക്ക് എന്നതിന് അവനിക്ക് എന്നും പറയും. ഓള്‍ എന്ന് പറഞ്ഞാല്‍ അവള്‍. ഓര്‍ എന്ന് പറഞ്ഞാല്‍ അവര്‍. കണ്ണൂരുകാര്‍ ബഹുമാനം കാട്ടാനും പറയും ഓര്‍ എന്ന്. കണ്ണൂരിന് വടക്കോട്ട് പോയാല്‍ പോയി, വന്നു എന്നതിനൊക്കെ ഒപ്പം പോയിന്, വന്നിന്, ചോയ്ച്ചിന് എന്നൊക്കെ കേള്‍ക്കാം.

എന്നാ ഞാന്‍ വരട്ടെ, എങ്ങട്ട്?

എന്നാ ഞാന്‍ വരട്ടെ, എങ്ങട്ട്?

മുമ്പില് നിന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ട് നില്‍ക്കുന്നവന്‍ നിട്ടപ്രാണേന എന്നാ ഞാന്‍ വരട്ടെ എന്ന് ചോദിച്ചാല്‍ അമ്പരക്കണ്ട. കൂടെ വരാനല്ല, ഞാന്‍ പോട്ടെ എന്നാണ് കക്ഷി ചോദിച്ചത്. അത് പോലെ പോകുന്നു എന്ന് പറയാന്‍ വേണ്ടി പറയും, ന്നാ ഞാന്‍ പോയിട്ടാ.. ങേ പോയെങ്കില്‍ നീയെങ്ങനെ ഇവിടെ കാണും എന്നാലോചിച്ച് നിക്കുമ്പോഴേക്കും ഓന്‍ പോയിറ്റുണ്ടാകും. മാച്ചില് എന്ന് പറയുന്ന കേട്ട് മച്ചിലേക്ക് നോക്കി മിഴിച്ചിരിക്കണ്ട, പറയുന്നത് നിലംതൂക്കുന്ന മാച്ചിയെയാണ്. കിട്ടിയില്ല അല്ലേ. ചൂല്. ചൂലാണ് മാച്ചി അഥവാ മാച്ചില്. കണ്ണൂക്കാര് ചുമക്കാറില്ല എന്നറിയാലോ, കൊരക്കലേയുള്ളൂ, അതുപോലെ വണ്ണം വെക്കലില്ല, ബണ്ണം ബെക്കലാണ്. പത്രക്കാരുട ഉണ്ടത്രെ ഇവിടെയെത്തിയാ ഓലുമാണ്. 'ഓള് പറഞ്ഞിനോലും', 'ഓനത് ഓൻറെ ചെവ്യോണ്ട് കേട്ടിനോലും'.

കണ്ണൂരും കേരളത്തിലാണ്. മറ്റെല്ലായിടത്തും ഉള്ളത് പോലെ ബയ്യിട്ടാകുമ്പോ അതായത് വൈകുന്നേരമാകുമ്പോ ചെലപ്പോ പിര്‍ക്കുണ്ടാകും. പിര്‍ക്കല്ല ശരിക്കും പ്ര്‍ക്കാണ്. (നമ്മുടെ കൊതുകേ. തീരെ ചെറിയ കൊതു ആണ് പ്ര്‍ക്ക്. നിഖണ്ടു നോക്കിയാ പിറുക്ക് എന്ന് കാണാം. പിറുക്കിന് വേറേം അര്‍ഥമുണ്ട്) പിന്നെ, വീടാകുമ്പോ എത്ര മനാരത്തില് വെച്ചാലും പൃക്ക് വരും. ബളപ്പിന് ഓലേം മട്ടലും ബീണ്‌കെടന്നിറ്റേ. ഇപ്പോ പറയാനൂല്ല, ബളപ്പ് നെറച്ചും റബ്ബറിന്റെ ചെരട്ടയല്ലേ. ന്നാലും ബയ്യിട്ടായാ പിന്നെ വാതില് തൊറക്കറ്. വാതിലുംപൂട്ടി ആത്തിരിക്കുന്നതന്നെ നല്ലത്. അല്ലെങ്കിലും മഴക്കാലമൊക്കെ കഴിഞ്ഞില്ലേ, പൃക്ക് കടിച്ചാലും ബെര്ത്തമൊന്നും ബരൂലന്ന് വിചാരിച്ച് സമാധാനിക്കാ.

പൊഞ്ഞാറിലാണ് എല്ലാം, അത് കിടക്കട്ടെ കുന്നോളം!

പൊഞ്ഞാറിലാണ് എല്ലാം, അത് കിടക്കട്ടെ കുന്നോളം!

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കലാപ്രതിഭയായ പൊടിമീശക്കാരന്മാരുടെയും കലാതിലകമായ ഉണ്ടക്കണ്ണിമാരുടെയും തള്ളാണല്ലോ ഇപ്പോ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ്. കണ്ണൂരിലെ കലോത്സവം കൂടാന്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട 501 വാക്കുകള്‍ എന്നൊക്കെ പറഞ്ഞ് ചില വാട്സ് ആപ്പ് ഫോര്‍വേഡുകളും പറക്കുന്നുണ്ട്. സെവന്‍ അപ്പിനും ഓംലെറ്റിനും കാസര്‍കോട് പണ്ടാരോ ഏഴിന്റെ വെള്ളോം മുട്ടേന്റെ ദോശേം എന്ന് പറഞ്ഞിനോലും, ഞാനെങ്ങും കേട്ടിട്ടില്ല. അതുപോലെ ഫയര്‍ എഞ്ചിനെ കണ്ണൂരുകാര് തീപിടിച്ച വണ്ടി എന്ന് പറയോലും. ഇതിനൊന്നും കണ്ണൂര്‍ പ്രയോഗങ്ങളില്‍ വലിയ പങ്കൊന്നുമില്ല എന്നതാണ് സത്യം. പക്ഷേ പിന്നെന്താ ന്ന് ചോദിച്ചാ ഈ ഭാഷയെ എഴുതിപ്പിടിപ്പിക്കാന്‍ ചില്ലറയൊന്നുമല്ല പാട്. പാട് എന്നല്ല, പറ്റില്ല എന്ന് തന്നെ പറയണം.

പങ്കിനെക്കുറിച്ച് പറഞ്ഞപ്പഴാണ് ഓര്‍ത്തത്, നിങ്ങളുദ്ദേശിക്കുന്ന പങ്കല്ല ഈ പങ്ക്. ബടേര തുടങ്ങി തലശ്ശേരി മുതല്‍ നീലേശ്വരം വരെ പരന്നുകിടക്കുന്ന ഭാഷയ്ക്ക് കാഞ്ഞങ്ങാട് കഴിഞ്ഞാല്‍ പിന്നെയും രൂപം മാറും. നിങ്ങള് മലയാളം തന്നെയോ പറയുന്നതെന്ന ചോദ്യം എത്രതവണ കേട്ടിരിക്കുന്നു. കാഞ്ഞങ്ങാട്ടൊക്കെ പങ്കെന്ന് പറഞ്ഞാ പിന്നെ അതാണ് എല്ലാം. സകല അഭിമാനവും ഇരിക്കുന്നത് പങ്കിലാണ്. രണ്ടുപേര് വഴക്കുകൂടുന്നത് ശ്രദ്ധിച്ചാല്‍ മതി, നീയെന്റെ പങ്ക് പൊട്ടിക്കുമോ എന്ന് ഒരാളെങ്കിലും ചോദിക്കാതിരിക്കില്ല. ആന വന്നാല്‍ ചവിട്ടിക്കൊല്ല്വല്ലേള്ളൂ, പങ്ക് പൊട്ടിക്കൂലല്ലോ.. അതുപോലെ കൈക്കോട്ടും പയ്ക്കലും കൂട്ടാനും കീച്ചലും പാച്ചലും ബളപ്പും ബര്‍ക്കത്തുമായി വെറെയുമുണ്ട് പറഞ്ഞാല്‍ തീരാത്ത പ്രയോഗങ്ങള്‍. നെഹ്‌റു കോളജിലെ അംബികാസുതന്‍ മാഷിന്റെ കുട്ടികള്‍ പൊഞ്ഞാറ് എന്ന പേരിലൊരു നാട്ടുഭാഷ ഡിക്ഷ്ണറി ഉണ്ടാക്കിയതായി കേട്ടിട്ടുണ്ട്. പൊഞ്ഞാറ് ന്ന് വെച്ചാല്‍ ഗൃഹാതുരത്വം, പച്ചമലയാളമാക്കിയാന്‍ നൊസ്റ്റാള്‍ജിയ. അപ്പോ നിങ്ങ കണ്ണൂര്‍ കലോത്സവും ഉഷാറാക്ക് ന്ന്. കിടക്കട്ടെ തിരിച്ചുപോകുമ്പോ മനസിലൊരുകുന്ന് പൊഞ്ഞാറ്.


ഡിസ്‌കൈമള്‍ - ഞാനീ പറഞ്ഞത് എന്തെങ്കിലും നിങ്ങക്ക് തിരിഞ്ഞോ എന്നെനിക്ക് ഇനീം തിരിഞ്ഞിറ്റില്ല. തിരിയുന്നോന് തിരിയുട്ടേ അല്ലാത്തോര് നട്ടംതിരിയട്ടേ എന്ന് കരുതുകേ വഴിയുള്ളൂ. അല്ലെങ്കിലും ഞാനായിട്ടൊരു പുതിയ വാക്ക് പോലും കയ്യീന്ന് ഇട്ടിട്ടില്ല. വീട്ടിലും നാട്ടിലും കേട്ടും സോഷ്യല്‍ മീഡിയയില്‍ കണ്ടും ഫേസ്ബുക്കിലും പ്ലസിലും മിണ്ടിയും ഒക്കെ കിട്ടിയത് മാത്രം. അടുത്ത കൂട്ടുകാരുടടുത്തൂന്ന് സൂത്രത്തിൽ ചൂണ്ടിയത് വരെയുണ്ട്. അതോണ്ട് നല്ലതെന്തെങ്കിലും തോന്നിയാ ക്രെഡിറ്റ് അവിടെ കൊടുത്തേക്കണം. എന്നാ ഞാന്‍ വരട്ടെ!

മുരളീകൃഷ്ണ മാലോത്തിന്റെ ഫേസ്ബുക്ക് പേജിലേക്ക് ഇതിലേ..

English summary
School youth festival: Social media troll Kannur and Kannur dialect, is mainly spoken in the North Malabar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X