കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പോറിയാ...അതുക്കും മേലെ..; മരണം എത്രയോ ചെറിയ ശിക്ഷ!!!

  • By Neethu B
Google Oneindia Malayalam News

അശ്വിനി ഗോവിന്ദ്

ഞാന്‍ പറഞ്ഞുവരുന്നത് ദയാവധത്തെ കുറിച്ചാണ്. അന്തസ്സോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍, അന്തസ്സോടെ മരിക്കാനുള്ള അവകാശവും സ്വതന്ത്ര്യവും വ്യക്തികള്‍ക്ക് നല്‍കണം. അരുണ ഷാന്‍ബാഗിനെ 42 വര്‍ഷം അബോധാവസ്ഥയില്‍ കിടത്തിയതോടെ ആര്‍ക്ക് എന്ത് ലാഭമാണ് ലഭിച്ചത്...?

പ്രിയപ്പെട്ട കാലന്,

മരണം എനിക്കും ഭയമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ കാലനെയും. ഭൂമിയില്‍ എന്നെ സ്‌നേഹിയ്ക്കുന്ന പ്രിയപ്പെട്ടവരെ വിട്ട്, ഉണ്ടെന്ന് പോലും അറിയാത്ത മറ്റൊരു ലോകത്തേക്ക് വരുന്ന കാര്യം ഓര്‍ക്കാന്‍ കൂടെ വയ്യ. എന്നാല്‍ മരണം എത്രയോ ചെറിയൊരു ശിക്ഷയാണെന്ന സത്യം ഞാനീയടുത്ത കാലത്ത് മനസ്സിലാക്കി. കാലന് തമിഴിലെ ശങ്കര്‍ എന്ന സംവിധായകനെ അറിയാമോ?അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത ഐ എന്ന ചിത്രം അതാണ് പറഞ്ഞു വയ്ക്കുന്നത്. മരണത്തെക്കാള്‍ വലിയ ശിക്ഷയുണ്ട്. മരണം വളരെ ചെറിയ ശിക്ഷയാണെന്ന്...

movie-i

ഒരിക്കലും രക്ഷപ്പെടില്ലെന്ന് അറിഞ്ഞുകൊണ്ട് നരകയാതന നീട്ടിക്കൊണ്ടുപോകുന്നതിനെക്കാള്‍ ശാന്തിയോടെ മരിക്കാന്‍ അനുവദിക്കുന്നതാണ് അഭികാമ്യം. ഞാന്‍ പറഞ്ഞുവരുന്നത് ദയാവധത്തെ കുറിച്ചാണ്. അന്തസ്സോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍, അന്തസ്സോടെ മരിക്കാനുള്ള അവകാശവും സ്വതന്ത്ര്യവും വ്യക്തികള്‍ക്ക് നല്‍കണം. അരുണ ഷാന്‍ബാഗിനെ 42 വര്‍ഷം അബോധാവസ്ഥയില്‍ കിടത്തിയതോടെ ആര്‍ക്ക് എന്ത് ലാഭമാണ് ലഭിച്ചത്...? അല്ല കാലനോടിതെന്തിനാണിപ്പോള്‍ പറയുന്നതെന്നാവും.

നമ്മെ നാമാക്കുന്ന അഹം എന്ന ഭാവത്തിന്റെ ഉറവിടമായ തലച്ചോറിന് സംഭവിയ്ക്കുന്ന ക്ഷതങ്ങളും രോഗങ്ങളും ബാധിച്ച് ജീവച്ഛവങ്ങളായി കഴിയേണ്ടിവരുന്ന ഹതഭാഗ്യവാന്മാരായ രോഗികള്‍ക്കൊപ്പം കഴിഞ്ഞ ന്യൂറോളജിസ്റ്റ് ഡോ. വിഡി ഹരിദാസെഴുതിയ ഒരു ലേഖനം അടുത്തിടെ വായിക്കാനിടയായി. ഇനിയൊരിക്കലും ബോധപൂര്‍വ്വമായ ജീവിതത്തിലേക്ക് തന്റെ ബന്ധു തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങള്‍, ഭാരിച്ച ചികിത്സാച്ചിലവുകള്‍ കാരണം കടബാധ്യത കയറി ക്ഷയിച്ച കുടുംബങ്ങളെ...അങ്ങനെ പലതിനും അദ്ദേഹം സാക്ഷിയായിട്ടുണ്ടത്രെ.

aruna-shanbaug

നിയമ സാധുതയോടു കൂടി വൈദ്യശാസ്ത്രതത്വങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ദയാവധം പ്രാവര്‍ത്തികമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഡോ. വിഡി ഹരിദാസ് എഴുതുന്നത്. ദൈവം തന്ന ജീവന്‍ എടുക്കാന്‍ മനുഷ്യന് അവകാശമില്ലെന്ന് പറയുന്ന മതാദ്ധ്യക്ഷന്മാരോട് ഒരു ചോദ്യം; അപ്പോള്‍ ദൈവം തന്ന രോഗത്തില്‍ നിന്ന് എന്തിന് നാം നമ്മുടെ സഹജീവികളെ രക്ഷിക്കാന്‍ ശ്രമിക്കണം. ദൈവം വിധിച്ച അപകടത്തില്‍പെട്ട് മൃതപ്രായനായ നിര്‍ഭാഗ്യവാന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മ്മാര്‍ എന്തിന് പണിപ്പെടണം?

ഇങ്ങനെയൊക്കെ പറയുമ്പോള്‍ എനിക്കൊട്ടും കണ്ണില്‍ ചോരയില്ലെന്ന് കാലന്‍ വിചാരിക്കും. ആരോഗ്യദൃടഗാത്രരായിരിക്കുന്ന, ജീവിതത്തെ സ്‌നേഹിക്കുന്നവരെ വിളിച്ചോണ്ട് പോവാനല്ലല്ലോ ഞാനാവശ്യപ്പെടുന്നത്. മരണത്തെക്കാള്‍ എത്രയോ മടങ്ങ് ദുരിത പൂര്‍ണമായ ജീവിതങ്ങള്‍ നിലനിര്‍ത്തുന്ന ജീവന്റെ അവസാന ചരടും മുറിക്കണം എന്നാവശ്യപ്പെടുമ്പോള്‍ എനിക്കൊട്ടും വേദനയില്ല..എന്തെന്നാല്‍ വേദനകള്‍ നിറഞ്ഞ ദേഹക്കൂട് വിട്ട് ആശ്വാസത്തോടെ പറന്നു പോകുന്ന സഹജീവിയുടെ ആത്മാവിന് വേണ്ടിയാണ് ഞാനാവശ്യപ്പെടുന്നത്. അത് തെറ്റാണെന്ന് തോന്നുന്നവരുണ്ടെങ്കില്‍, ഇത്തരത്തില്‍ ജീവച്ഛവങ്ങളായി കഴിയുന്നവര്‍ക്കൊപ്പവും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പവും ചുരുങ്ങിയത് ഒരു നാലു ദിവസമെങ്കിലും താമസിച്ചു നോക്കുക...

aruna-shanbags-funeral

സ്‌നേഹ സമ്പന്നനായ കാലനോട് ഞാനാവശ്യപ്പെടുന്നത് ഒന്നുമാത്രം; മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ കിടന്നാടുന്ന 'അരുണ'മാര്‍ക്ക് ദയാവധത്തിലൂടെ മോക്ഷം നല്‍കാന്‍ ഞാന്‍ ജീവിക്കുന്ന രാജ്യത്തിലെ നിയമ വ്യവസ്ഥിതികള്‍ അനുവദിയ്ക്കില്ല. അതുകൊണ്ട് ആ ഒരു സത് കര്‍മം അങ്ങേറ്റെടുക്കണം.അങ്ങയുടെ കണക്കു പുസ്തകത്തിലെ ചില അക്കങ്ങള്‍ മാറ്റിയും മറിച്ചും ഇട്ടാല്‍ മാത്രംമതി. ആവശ്യം അവിവേകമായിപ്പോയെങ്കില്‍ പൊറുക്കുക

എന്ന് ഒരു മനുഷ്യസ്‌നേഹി

English summary
Death is a small punishment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X