കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള സിനിമ ഇനി ദിലീപിന്റെ കൈപ്പിടിയില്‍... 'വെറും' ഗോപാലകൃഷ്ണനില്‍ നിന്ന് തീയേറ്റര്‍ ഉടമ വരെ

മലയാള സിനിമയുടെ പ്രതിസന്ധി അവസാനിപ്പിക്കുന്നതില്‍ നിര്‍ണായകമായ റോള്‍ ആണ് ഇപ്പോള്‍ ദിലീപ് വഹിച്ചിരിക്കുന്നത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയെ പിടിച്ചുകുലുക്കിയ തീയേറ്റര്‍ സമര പ്രതിസന്ധിയെ മറികടന്നതിന് പിന്നില്‍ ഒരേഒരാളാണ്- ജനപ്രിയ നായകന്‍ ദിലീപ് തന്നെ. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പൊളിച്ച് പുത്തന്‍ സംഘടനയുമായാണ് ദിലീപ് രംഗത്ത് വന്നിരിക്കുന്നത്.

സമരം പൊളിക്കാന്‍ രംഗത്തിറങ്ങിയ ദിലീപിന് സകല പിന്തുണയുമായി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ട് എന്നത് വേറെ കാര്യം. മോഹന്‍ലാലിന്റെ സ്വന്തം ആളായ ആന്റണി പെരുമ്പാവൂരാണ് പുതിയ സംഘടനയുണ്ടാക്കുന്നതില്‍ ദിലീപിന്റെ വലംകൈ.

ഒരു മിമിക്രി കലാകാരനായി തുടങ്ങി, സഹസംവിധായകനായി സിനിമയില്‍ എത്തിയ ആളാണ് ദിലീപ്. നടനും നായകനും ആയി മാറി പിന്നീട്. നിര്‍മാതാവും തീയേറ്റര്‍ ഉടമയും ആയി. ഒടുവില്‍ മലയാള സിനിമയുടെ 'രക്ഷകനും' ആയി ദിലീപ് മാറിയിരിക്കുകയാണ്.

ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്

ആലുവക്കാരന്‍ ഗോപാലകൃഷ്ണന്‍ എന്ന ചെറുപ്പക്കരാനാണ് മലയാള സിനിമയിലെ ജനപ്രിയ താരമായി മാറിയ ദിലീപ്. ആലുവ യുസി കോളേജിലും മഹാരാജാസിലും പഠിച്ച ദിലീപ് നടന്നുകയറിയത് മലയാള സിനിമയുടെ നെറുകയിലേക്കാണ്.

മിമിക്രി കളിച്ച് തുടങ്ങി

മിമിക്രിക്കാരനായിട്ടാണ് ദിലീപിന്റെ അരങ്ങേറ്റം. നാദിര്‍ഷായ്‌ക്കൊപ്പം 'ദേ മാവേലി കൊമ്പത്ത്' എന്ന ഓണം കോമിക് ആല്‍ബവുമായി ദിലീപ് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചു.

അഭിനയിക്കാന്‍ പോയി... സഹസംവിധായകനായി

അഭിനയമോഹത്തോടെയാണ് ദിലീപ് കമലിന്റെ സെറ്റില്‍ എത്തുന്നത്. പക്ഷേ സഹസംവിധായകനായി കൂടെ നില്‍ക്കാനായിരുന്നു യോഗം. അങ്ങനെ 1991 ല്‍ 'ഉള്ളടക്കം' എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സഹസംവിധായകനായി തുടക്കം കുറിച്ചു.

കുഞ്ഞുകുഞ്ഞു റോളുകള്‍

സഹസംവിധായകന്റെ കുപ്പായത്തോടൊപ്പം കുഞ്ഞുകുഞ്ഞു വേഷങ്ങളും അവതരിപ്പിച്ച് തുടങ്ങി. എന്നോടിഷ്ടം കൂടാമോ ആണ് ആദ്യ ചിത്രം. അതിന് ശേഷം സൈന്യവും മാനത്തെ കൊട്ടാരവും ത്രീമെന്‍ ആര്‍മിയും ഒക്കെ ആയി അഭിനയത്തില്‍ സജീവമായി.

തലവര മാറ്റിയ 'സല്ലാപം'

1995 ല്‍ പുറത്തിറങ്ങിയ സല്ലാപം എന്ന സുന്ദർദാസ് ചിത്രമായിരുന്നു ദിലീപിന്റെ തലവര മാറ്റിയത്. മഞ്ജു വാര്യര്‍ നായികയായ ചിത്രം വന്‍ ഹിറ്റ് ആയി. ദിലീപ് നായകനടനും ആയി.

മീശമാധവനും കല്യാണരാമനും കുഞ്ഞിക്കൂനനും

നായകനായി തിളങ്ങിത്തുടങ്ങിയ ദിലീപിന്റെ ജീവിതത്തിലെ നിര്‍ണായ വര്‍ഷം ആയിരുന്നു 2002. കുഞ്ഞിക്കൂനന്‍, കല്യാണ രാമന്‍, മീശമാധവന്‍ തുടങ്ങി സൂപ്പര്‍ ഹിറ്റുകളുടെ നായകനായി ദിലീപ് മാറി. പിന്നീട് ദിലീപിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മഞ്ജുവിനെ വിവാഹം കഴിച്ചപ്പോള്‍

അതിനിടെ മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിച്ചു. മലയാള സിനിമയെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു അത്. ദിലീപിന്റെ സിനിമ ജീവിതത്തില്‍ പിന്നീട് വളര്‍ച്ചയേ ഉണ്ടായിട്ടുള്ളൂ.

അഭിനയം മാത്രമല്ല, നിര്‍മാണവും

അഭിനയം മാത്രമല്ല തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ ദ്ിലീപ് നിര്‍മാണ രംഗത്തേക്കും കടന്നു. സഹോദരന്‍ അനൂപിനൊപ്പം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന സിനിമ കമ്പനി തുടങ്ങി. സിഐഡി മൂസ ആയിരുന്നു ആദ്യസിനിമ.

അമ്മയ്ക്ക് വേണ്ടി.... താരരാജാക്കന്‍മാരെ അണിനിരത്തി

താര സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ സൂപ്പര്‍ താരങ്ങളെ മുഴുവന്‍ അണിനിരത്തി ഒരുക്കിയ 'ട്വന്റി-ട്വിന്റി' നിര്‍മിച്ചതും ദിലീപ് തന്നെ ആയിരുന്നു. സിഐഡി മൂസയില്‍ തുടങ്ങി കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ വരെ എട്ട് സിനിമകളാണ് ദിലീപ് നിര്‍മിച്ചത്.

കച്ചവടവും വഴങ്ങും

കച്ചവടവും തനിക്ക് വഴങ്ങുമെന്ന് ഇതിനിടയില്‍ ദിലീപ് തെളിയിച്ചു. ദേ പുട്ട് എന്ന പേരില്‍ റസ്റ്റോറന്റ് ശൃംഘല തന്നെ തുടങ്ങി. അതും വന്‍ വിജയം ആയി.

നിര്‍മാണം മാത്രമല്ല, സിനിമ കൊട്ടകയും

സിനിമ നിര്‍മിക്കുകയും അതില്‍ അഭിനയിക്കുകയും മാത്രമല്ല, സിനിമ തീയേറ്ററിലും ദിലീപ് ഒരു കൈ നോക്കി. അതാണ് ചാലക്കുടിയിലെ ഡി സിനിമാസ് എന്ന മള്‍ട്ടിപ്ലക്‌സ്. അതും വന്‍ വിജയം ആയി എന്ന് പറയേണ്ടതില്ലല്ലോ.

മഞ്ജുവുമായി പിരിഞ്ഞതും കാവ്യയെ വിവാഹം കഴിച്ചതും

ഇതിനിടെ മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതാണ് ദിലീപിന്റെ ജീവിതത്തില്‍ ഉണ്ടായ വലിയ ഒരു സംഭവം. എന്നാല്‍ അതിനേക്കാള്‍ വലിയ സംഭവം ആയി ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു.

മലയാള സിനിമയില്‍ ദിലീപിന്റെ സ്വാധീനം

മോഹന്‍ലാലിന് പിറകില്‍ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനാണ് ഇപ്പോള്‍ ദിലീപ്. പ്രതിഫലം മാത്രമല്ല, മധ്യ കേരളത്തില്‍ സിനിമയുടെ വിതരണാവകാശവും ദിലീപ് തന്നെയാണ് സ്വന്തമാക്കാറുള്ളത് എന്നാണ് വിവരങ്ങള്‍.

എല്ലായിടത്തും ദിലീപ് ഉണ്ട്... അപ്പോള്‍ പിന്നെ

അഭിനയം, നിര്‍മാണം, വിതരണം, പ്രദര്‍ശനം- മലയാള സിനിമയിലെ എല്ലാ മേഖലകളിലേയും ശക്തമായ സ്വാധീനമാണ് ദിലീപ്. അങ്ങനെയുള്ള ദിലീപ് തീയേറ്റര്‍ സമരം പോലെ ഒരു പ്രതിസന്ധി വന്നാല്‍ വെറുതേയിരിക്കുമോ? എല്ലാ മേഖലയിലും ഉണ്ടാകുന്ന നഷ്ടം ദിലീപിന്റെ കൂടി നഷ്ടമല്ലേ.

പൊളിച്ച് കൈയ്യില്‍ കൊടുത്ത സമരം

ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ ടിക്കറ്റ് വിഹിതത്തിന്റെ പേരില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം തുടങ്ങിതായിരുന്നു സിനിമ പ്രതിസന്ധിയ്ക്ക് കാരണം. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍ത്തിയാണ് ദിലീപ് ഈ സമരത്തെ പൊളിച്ചത്.

തീയേറ്റര്‍ ഉടമയല്ലേ... ദിലീപിനും ആവാം

ദിലീപും ഒരു തീയേറ്റര്‍ ഉടമയല്ലേ... അപ്പോള്‍ പിന്നെ നിലവിലുളള സംഘടനയെ പൊളിച്ച് പുതിയതൊന്ന് ഉണ്ടാക്കുന്നതില്‍ എന്താണ് പ്രശ്‌നം. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള വമ്പന്‍മാര്‍ അതിന് പിന്തുണയും നല്‍കി. കൂടെ നില്‍ക്കാന്‍ ആന്റമി പെരുമ്പാവൂരും!

അങ്ങനെയാണ് കാര്യങ്ങള്‍ ഇങ്ങനെ ആയത്

ഗോപാലകൃഷ്ണനില്‍ നിന്ന് ജനപ്രിയതാരം ദിലീപും, സിനിമ നിര്‍മാതാവും തീയേറ്റര്‍ ഉടമയും തീയേറ്റര്‍ ഉടമകളുടെ സംഘടനയുടെ സ്രഷ്ടാവും ഒക്കെയായി മാറിയ കഥ ഇങ്ങനെയാണ്. ഇനി എന്താകും സംഭവിക്കുക എന്ന് കാത്തിരുന്ന് കാണുകയും ചെയ്യാം.

English summary
How Dileep controls Malayalam Film Industry. The end of Theater Owners' strike is the prime example.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X