കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കരയിലെ സിപിഎം വോട്ടര്‍മാരോട് പീപ്പിള്‍ ടിവിയും ബ്രിട്ടാസും ചെയ്തത്!

  • By Neethu B
Google Oneindia Malayalam News

മുരളീകൃഷ്ണ മാലോത്ത്

സിപിഎം തോറ്റുകൊണ്ടിരിക്കുമ്പോഴും ഏതാണ്ട് അരമണിക്കൂര്‍ നേരം ശബരീനാഥിന്റെ ലീഡ്, വിജയകുമാറിന് നേരെ എഴുതി ചാനല്‍ കാണുന്ന പാര്‍ട്ടിക്കാര്‍ക്ക് ആശ്വാസം നല്‍കിയ പീപ്പിള്‍ ടിവിക്കും ജോണ്‍ ബ്രിട്ടാസിനും കൊടുക്കണം ഒരു കുതിരപ്പവൻ - കുലുക്കി സര്‍ബത്തിൽ മുരളീകൃഷ്ണ മാലോത്ത് എഴുതുന്നു.

മലയാളം ചാനലുകളുടെ കൂട്ടത്തില്‍ ചെറിയൊരു ടൈംസ് നൗവാണ് റിപ്പോര്‍ട്ടര്‍ ടി വി എന്നൊരു ചൊല്ല് തന്നെ സൈബര്‍ലോകത്ത് കേട്ടിട്ടുണ്ട്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യസൂചനകള്‍ വന്നപ്പോള്‍ തന്നെ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ഭൂരിപക്ഷമെന്ന് ടൈംസ് നൗവിനെ പോലെ തന്നെ റിപ്പോര്‍ട്ടര്‍ ചാനലും വലിയ സ്‌ക്രോളുകള്‍ അടിച്ചുവിട്ടിരുന്നു. നല്ല കാറ്റ് നോക്കി സാധിച്ച ഈ പ്രവചനം മാത്രമല്ല, ഇത് പോലുള്ള പല കാര്യങ്ങളും തങ്ങളുടെ എസ്‌ക്ലൂസീവ് ആണെന്ന് വെച്ചടിക്കാനും അര്‍ണാബ് ഗോസ്വാമിയെപ്പോലെ തന്നെ നികേഷ് കുമാറിനും നല്ല മിടുക്കാണ്. അതംഗീകരിച്ചേ പറ്റൂ.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കണ്ടത് റിപ്പോര്‍ട്ടറിലല്ല. കൈരളി പീപ്പിള്‍ ടി വി അതുക്കും മേലെയാണ് എന്ന് തുടര്‍ച്ചയായി പല കൂട്ടുകാരും പറയുന്നത് പരിഗണിച്ചായിരുന്നു ഈ മാറ്റം. ഫലമറിയാന്‍ അവസാനം സര്‍ക്കാര്‍ വെബ്‌സൈറ്റ് നോക്കിയാലും മതിയല്ലോ എന്നൊരു ആശ്വാസവും ഉണ്ടായിരുന്നു എന്ന് വെച്ചോളൂ. പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ (ആറില്‍ നാല് വോട്ടുകള്‍) വിജയകുമാര്‍ മുന്നേറിയ ആദ്യനിമിഷങ്ങള്‍ മുതല്‍ ഫലം തീരുമാനമാകുന്നത് വരെ കൈരളി - പീപ്പിളിനും ജോണ്‍ ബ്രിട്ടാസിനും ഒപ്പമിരുന്ന് അരുവിക്കര വിശേഷങ്ങള്‍ കണ്ടു.

രാവിലെ എട്ട് മുപ്പത്തിനാലിന് എല്‍ ഡി എഫിന് 2615, യു ഡി എഫിന് 1632, ബി ജെ പിക്ക് 1265 എന്നാണ് ഇതാണ് പീപ്പിള്‍ ടി വി പ്രകാരം വോട്ട് നില. എന്നാല്‍ ഇങ്ങനെ ഒരു വോട്ട് നില ഒരിക്കലും അരുവിക്കരയില്‍ വന്നിട്ടേയില്ല എന്നതാണ് യാഥാര്‍ഥ്യം. ജയിക്കുമെന്ന് വിശ്വസിപ്പിച്ച് ഇരുത്തിയിരിക്കുന്ന പാര്‍ട്ടി അണികള്‍ക്ക് വേണ്ടിയുള്ള ആശ്വാസലീഡ് എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ കളിയാക്കിവിളിച്ചത്. തോറ്റുകൊണ്ടിരിക്കുമ്പോഴും ഏതാണ്ട് അരമണിക്കൂര്‍ നേരം ശബരീനാഥിന്റെ ലീഡ്, വിജയകുമാറിന് നേരെ എഴുതി ചാനല്‍ കാണുന്ന പാര്‍ട്ടിക്കാര്‍ക്ക് ആശ്വാസം നല്‍കിയ പീപ്പിള്‍ ടിവിക്കും ജോണ്‍ ബ്രിട്ടാസിനും കൊടുക്കണം ഒരു കുതിരപ്പവൻ.

peopletv

തങ്ങളുടെ പ്രവചനം ശരിയാക്കേണ്ടത് തങ്ങളുടെ ബാധ്യതയാണ് എന്നതായിരുന്നു തുടക്കം മുതല്‍ ബ്രിട്ടാസിന്റെ ശരീരഭാഷ. തിരഞ്ഞെടുപ്പ് കമ്മീഷൻറെ സൈറ്റില്‍ വിവരങ്ങള്‍ വരാന്‍ വൈകുമെന്നും തങ്ങള്‍ക്ക് അതിനൊക്കെ മുമ്പേ വിവരങ്ങള്‍ കിട്ടുമെന്നുമായിരുന്നു ബ്രിട്ടാസിന്റെ ആദ്യത്തെ ഗുണ്ട്. എന്നാല്‍ സംഗീത കോളേജിന് മുന്നില്‍ നിന്നും പീപ്പിൾ ടിവി റിപ്പോര്‍ട്ടര്‍ നല്‍കിയ ലീഡ് വിവരങ്ങളാകട്ടെ, യാഥാര്‍ഥ്യവുമായി ഒരുതരി പോലും ഒത്തുപോകുന്നതായിരുന്നില്ല. മനോരമയും ഏഷ്യാനെറ്റും ഒന്ന് ഓടിച്ച് നോക്കിയപ്പോള്‍ 'അത്തരത്തില്‍ ഒരു ലീഡും ഔദ്യോഗികമായോ അനൗദ്യോഗികമായിട്ടോ ഇവിടെയാരും അറിഞ്ഞിട്ടില്ല' എന്ന് റിപ്പോര്‍ട്ടര്‍മാര്‍ എടുത്തുപറയുന്നു.

എക്സ്ക്ലൂസിവ് എന്ന മട്ടില്‍ പിന്നീട് കുറച്ചുനേരം 'വിജയകുമാറിന്റെ 24 വോട്ട് ലീഡ് വാര്‍ത്ത' പീപ്പിള്‍ ടി വി ആഘോഷിച്ചിരുന്നു. ഏതാണ്ട് രണ്ടായിരം വോട്ട് വരെയാണ് പീപ്പിള്‍ ടി വി റിപ്പോര്‍ട്ടര്‍ ഒറ്റയ്ക്കിരുന്ന് എണ്ണി ഫലം അപ്‌ഡേറ്റ് ചെയ്തത്. പിന്നീട് ഇതൊക്കെ തിരുത്തേണ്ടി വന്നപ്പോള്‍, നേരത്തെ പറഞ്ഞ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നായിരുന്നു എന്ന് പാനലില്‍ ഉണ്ടായിരുന്ന ഒരാള്‍ ചോദിച്ചെങ്കിലും ജോണ്‍ ബ്രിട്ടാസ് സമര്‍ഥമായി ചിരിച്ചൊഴിഞ്ഞു. ആരാണ് തങ്ങളുടെ ചാനല്‍ കാണുന്നതെന്നും അവര്‍ക്ക് എന്താണ് വേണ്ടതെന്നും ജോണ്‍ ബ്രിട്ടാസിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ എന്നോര്‍ത്ത് പാനലിസ്റ്റ് ആശ്വസിച്ച് കാണണം.

എന്തായാലും ആദ്യത്തെ അരമണിക്കൂര്‍ കഴിഞ്ഞ് പിന്നീട് ഫലം വരുന്നത് വരെ അരുവിക്കരയിലെ ലീഡ് അറിയാന്‍ വേണ്ടി ബ്രിട്ടാസ് സ്വന്തം റിപ്പോര്‍ട്ടറെ വിളിച്ചിട്ടില്ല എന്നതാണ് രസകരം. പകരം, വളരെ സ്ലോ ആണ് എന്ന് ബ്രിട്ടാസ് തന്നെ പറഞ്ഞ സര്‍ക്കാര്‍ സൈറ്റ് നോക്കിയായി ചര്‍ച്ച. ആദ്യം തൊളിക്കോടും പിന്നീട് സി പി എം ഭരിക്കുന്ന വിതുര പഞ്ചായത്തും സി പി എമ്മിനെ കൈവിട്ടപ്പോഴാണ് തങ്ങളുടെ സര്‍വ്വേ പോലെയല്ല കാര്യങ്ങളുടെ പോക്ക് എന്ന് ബ്രിട്ടാസിന് മനസിലായത് എന്ന് തോന്നുന്നു. അവിടുന്നങ്ങോട്ട് ശബരീനാഥ് ജയിക്കുന്നു എന്നാല്‍, ഭൂരിപക്ഷം അത്രയില്ല എന്ന ടോണിലേക്ക് മാറി ചര്‍ച്ചയുടെ പോക്ക്.

election-govt-site

അരുവിക്കരയിലെ വോട്ടുകളുടെ കാര്യത്തില്‍, പാനലിസ്റ്റായി വന്ന പി സി ജോര്‍ജുമായി അയ്യായിരം രൂപയ്ക്ക് പന്തയം പിടിക്കുകയും ചെയ്തു ജോണ്‍ ബ്രിട്ടാസ്. അതില്‍ പ്രത്യേകിച്ച് പ്രശ്‌നമൊന്നും ഇല്ല. എതിരഭിപ്രായം പറയുന്ന പാനലിസ്റ്റുകളെ മിണ്ടാന്‍ പോലും സമ്മതിക്കാത്ത അര്‍ണാബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചാക്കാലത്ത് ബ്രിട്ടാസ് ഇത്രയല്ലേ ചെയ്തുള്ളൂ എന്ന് ആശ്വസിക്കുകയാണ് നല്ലത്. ഫലം തീരുമാനമായതോടെ മങ്ങിപ്പോയ മുഖങ്ങള്‍ പലതും തിളങ്ങിവന്നത് പീപ്പിള്‍ ടിവിയില്‍ തോമസ് ഐസകും വി സി സുനില്‍ കുമാറും ആദ്യറൗണ്ട് താത്വികം പുറത്തുവിട്ടതോടെയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് മതേതരമായിരുന്ന കേരളത്തിലെ വോട്ടര്‍മാര്‍ അരുവിക്കരയിലെത്തിയതോടെ വര്‍ഗീയവാദികളായി എന്നായിരുന്നു ഇവര്‍ പറഞ്ഞതിന്റെ ഏകദേശ അര്‍ഥം.

അരുവിക്കരയില്‍ ജയിച്ചത് പണം - എന്ന പിണറായി വിജയന്‍ പ്രസ്താവന വെണ്ടക്ക നിരത്തിയാണ് പീപ്പിള്‍ ടി വി ഫലപ്രഖ്യാപനത്തെ സ്വീകരിച്ചത്. താമസിയാതെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിയുടെ പാതയിലെത്തി. പണം മാത്രമല്ല, മദ്യവും ജാതീയതയും പറഞ്ഞാണ് കോടിയേരി അരുവിക്കരയിലെ വോട്ടര്‍മാരെ അപമാനിച്ചത്. 'തങ്ങള്‍ക്ക് കിട്ടുന്ന വോട്ടുകള്‍ മതേതരം എതിരായി വീഴുന്നത് വര്‍ഗീയവും പണം വാങ്ങിയും' എന്ന ലളിതമായ ഉത്തരമാണ് എന്തുകൊണ്ട് തങ്ങള്‍ തോറ്റു എന്ന ചോദ്യത്തിനുത്തരമായി സി പി എം നേതാക്കള്‍ പറഞ്ഞത്.

ഞങ്ങളാദ്യം വാര്‍ത്ത പുറത്തുവിടണം അതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്ക് മാത്രം കിട്ടണം എന്ന മത്സരമാണ് പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനത്തിന് ആധാരം. നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ചാനലുകളും പത്രങ്ങളും ആകുമ്പോള്‍, തങ്ങളെ മാത്രം വിശ്വസിക്കുന്ന കാണികളുണ്ടെങ്കില്‍ അവരെ, തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് വിഡ്ഡികളാക്കുക എന്ന അധികജോലി കൂടി ചെയ്യണം. ഇതിലൊന്നും പീപ്പിള്‍ ടി വിയെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. നാടോടുമ്പോള്‍ അവര്‍ കുറച്ചധികം നടുവിലേക്ക് കയറി ഓടാന്‍ ശ്രമിക്കുന്നു എന്ന് മാത്രം.

manorama

ചിത്രങ്ങള്‍ ഗുഗിള്‍ ഉക്കാസ് കാവൂട്ടി, സുരേഷ് കുമാര്‍ എന്നിവര്‍ ഷെയര്‍ ചെയ്തത്

ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പിച്ച വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് ..... ഓവറില്‍ .... വിക്കറ്റിന് ഇന്ത്യ ജയിച്ചു എന്നായിരുന്നു. എത്ര ഓവറില്‍ എത്ര വിക്കറ്റിനാണ് ജയിച്ചത് എന്ന് കൂടി അപ്‌ഡേറ്റ് ചെയ്ത് കൊടുത്താല്‍ ചിലപ്പോള്‍ വൈകിയാലോ. എന്തിനധികം പറയുന്നു, അരുവിക്കരയില്‍ വോട്ടെണ്ണുന്നതിന് തലേന്ന് രാത്രി തന്നെ 'വോട്ടെണ്ണല്‍ തുടങ്ങി' എന്ന് 'മാധ്യമം ഓണ്‍ലൈനില്‍' കാണാമായിരുന്നു. കുറച്ച് നേരത്തേക്കാണെങ്കിലും മനോരമ ന്യൂസും വിജയകുമാറിന്റെ വോട്ട് 49,000 കടത്തിയിരുന്നു.

കുലുക്കി സര്‍ബത്ത്: ബിജെപി തങ്ങളെ തോല്‍പിക്കാന്‍ വേണ്ടി യുഡിഎഫിന് വോട്ട് മറിച്ചു എന്നായിരുന്നു സിപിഎമ്മിന്റെ ഇന്നലത്തെ പരാതി. ബിജെപി തങ്ങളെ തോല്‍പിക്കാന്‍ വേണ്ടി വോട്ട് പിടിച്ച് യുഡിഎഫിനെ ജയിപ്പിച്ചു എന്നായിട്ടുണ്ട് ഇന്ന് ഈ പരാതി. ബിജെപി തങ്ങളെ തോല്‍പിക്കാന്‍ വേണ്ടി യുഡിഎഫിനെക്കാളും വോട്ട് പിടിച്ചു എന്നാകുമോ നാളെ സിപിഎം പരാതി പറയാന്‍ പോകുന്നത്. കാത്തിരുന്ന് കാണണം.

English summary
Kulukki Sarbath: Muralikrishna Maaloth writes about People Tv's Aruvikkara by election result discussion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X