കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളഭാഷ വഴിമാറുന്നു

  • By Neethu B
Google Oneindia Malayalam News

ശ്രുതി പ്രകാശ്

ഇതൊരു വഴിവിട്ട നടത്തമാണ്, തുറന്ന് പെരുവഴിയിലൂടെ.. കണ്ണൊപ്പിയെടുക്കാനാവാത്തത്ര കാഴ്ചകളുണ്ട് ഇവിടെ...എന്റെ ജീവിതയാത്രയിലെ ചില ചില അനുഭവങ്ങളും വഴിത്തിരിവുകളുമാണ് ഞാനിവിടെ കുറിക്കുന്നത്....

മാതൃഭാഷ ഇന്ന് മരണം മന്ത്രിക്കുകയാണ്. ചരിത്രത്തോളം പഴക്കമുള്ള നമ്മുടെ ഭാഷ ചരമമടയുകയാണ്. മേഘസന്ദേശവും, താളിയോലയും, എഴുത്തും, പത്രത്താളുകളും മറ്റും ഇന്റര്‍നെറ്റ്, ഇ-മെയില്‍, മൊബൈല്‍, എസ്.എം.എസ് എന്നിവയ്ക്ക് വഴിമാറുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കുമുന്നില്‍ മലയാളഭാഷയും വൈകാതെ അടിയറവുപറയേണ്ടിവരും.

മലയാളം നമ്മുടെ അഭിമാനം ആണ്‌, അത് നമ്മുടെ സംസ്‌കാരമാണ്. അനുഭവത്തിന്റെ, ആത്മാവിന്റെ ഭാഷയാണ് മാതൃഭാഷ. അതിനെ നിഷേധിക്കാന്‍, ചവിട്ടി താഴ്ത്താന്‍ ആര്‍ക്കും അവകാശമില്ല. ഇന്ന് പലരും എനിക്ക് മലയാളം അറിയില്ല എന്നു പറയുന്നു. അതവര്‍ക്ക് ഗമ കൂട്ടുന്ന ഒന്നായോ.. എന്നാല്‍ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു.

malayalam-letters

ലോകത്തിലുള്ള 2796 ഭാഷകളില്‍ മലയാളിത്തിന് 77-ാം സ്ഥാനമാണുള്ളത്. നമ്മുടെ നാട്ടില്‍ മഹാന്‍മാര്‍ ജനിച്ചിട്ടുണ്ടെന്നുതന്നെ അപൂര്‍വ്വമായേ നമുക്കറിയാനിടവരുന്നുള്ളൂ. ഇന്നത്തെ വിദ്യാഭ്യാസം രചനാത്മകമായ യാതൊന്നും നമ്മെ പഠിപ്പിക്കുന്നില്ല എന്നു വേണമെങ്കില്‍ പറയാം. സ്വന്തം കൈകാലുകള്‍ ഉപയോഗിക്കാന്‍ പോലും നമുക്കറിയില്ല. ഇംഗ്ലീഷുകാരുടെ പൂര്‍വ്വികന്മാരെക്കുറിച്ചുള്ള വസ്തുതകളും കണക്കുകളുമെല്ലാം നാം അസ്സലായി പഠിക്കുന്നു.

malayalam1

കേവലം 80 ലക്ഷം പേര്‍ സംസാരിക്കുന്ന സ്വീഡിഷ് ഭാഷയ്ക്കും 100 ലക്ഷംപേര്‍ സംസാരിക്കുന്ന ഗ്രീക്ക് ഭാഷയ്ക്കും ലോകത്തിലുള്ള വലിയ സ്ഥാനം ആലോചിക്കുമ്പോള്‍ നമ്മള്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിയിരിക്കുന്നു. അവര്‍ക്ക് അവരുടെ മാതൃഭാഷയോടുള്ള സ്‌നേഹവും ആദരവും കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. 300 ലക്ഷത്തിലധികം മലയാളികളുള്ള നമ്മുടെ കേരളം മാതൃഭാഷയോട് കാണിക്കുന്നത് ഒരു ജനതയും കാണിക്കാത്ത തരം അനാസ്ഥയാണ്.

മാതൃഭാഷയെക്കുറിച്ച് നമ്മുടെ കവികള്‍ പാടിയതും എഴുതിയതും എത്രയുണ്ട് പറയാനാണെങ്കില്‍. മലയാള ഭാഷയെക്കുറിച്ച് മഹാകവി വള്ളത്തോള്‍ എഴുതിയ കുറച്ച് വരികള്‍ കുറിക്കേണ്ടിയിരിക്കുന്നു..

മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം-
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്.
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രികള്‍
മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍.

malayalam

ഹൈട്ടക്ക് ജനത അന്യഭാഷകളുടെ അടിമകളാകുകയാണോ...അവിടെ അടിമത്വത്തിന്റെ ചുവയുമുണ്ട്. ഏത് യന്ത്രവത്കൃത ലോകത്തു ജീവിച്ചാലും ഏത് സാങ്കേതിക വിദ്യയുടെ ചുവട്ടില്‍ കിടന്നാലും മലയാളഭാഷയേയും സംസ്‌കാരത്തെയും മറക്കുന്നത് പെറ്റമ്മയെ മറക്കുന്നതിന് തുല്ല്യമാണ്. മാതൃഭാഷയുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നുള്ള സന്ദേശം എന്നും ഓര്‍മ്മയില്‍ തെളിയട്ടെ. നമ്മുടെ ഭാഷ അങ്ങനെ ആര്‍ക്കും വഴിമാറികൊടുക്കേണ്ടതല്ല.

English summary
Malayalis forgetting importance of their mother tongue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X