കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ന്' കേരളം നിശ്ചലമായി എന്ന് 'ഇന്നത്തെ' ദേശാഭിമാനി, പകച്ചുപോയത് വായനക്കാര്‍!

  • By Neethu B
Google Oneindia Malayalam News

മുരളീകൃഷ്ണ മാലോത്ത്

ദേശീയ പണിമുടക്ക് ദിവസമായ ഇന്ന് 'കേരളം നിശ്ചല'മെന്ന് ദേശാഭിമാനി ഒന്നാം പേജില്‍ വെണ്ടക്ക നിരത്തിയത് കണ്ട് ഞെട്ടിയ കഥയാണ് ഇത്തവണ 'കുലുക്കി സർബത്ത്' പറയുന്നത്.

നേരറിയാന്‍ നേരത്തേയറിയാന്‍ - ദേശാഭിമാനി പത്രത്തിന്റെ ടാഗ് ലൈനാണ്. ചെറിയൊരു പ്രശ്‌നമേയുള്ളൂ നേരത്തെ അറിഞ്ഞ കാര്യങ്ങള്‍ നേരാണോ എന്നറിയാന്‍ മറ്റ് പത്രങ്ങള്‍ കൂടി നോക്കണം. ഏതെങ്കിലും ഒന്നോ രണ്ടോ പത്രങ്ങളല്ല, പറ്റാവുന്നത്രയും പത്രങ്ങള്‍ നോക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം. അതിപ്പോള്‍ ദേശാഭിമാനി മാത്രമല്ല ഏതെങ്കിലും ഒരു പത്രം മാത്രം വായിച്ച് അഭിപ്രായ രൂപീകരണം നടത്തുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രയാസമുള്ള കാര്യമാണ്. പരസ്യക്കാരനും പാര്‍ട്ടിക്കാരനും അടക്കം പത്രത്തിന് വഴങ്ങിക്കൊടുക്കേണ്ട താല്‍പര്യങ്ങള്‍ എത്രയധികമാണ്.

ദേശാഭിമാനിയിലേക്ക് തിരിച്ചുവന്നാല്‍, പറയുന്നത് നേരാണെങ്കിലും അത് നേരം തെറ്റി പറയുന്ന ശീലവും ദേശാഭിമാനിക്കുണ്ട്. ജേര്‍ണലിസം പഠിക്കുന്ന കാലത്ത് ദേശാഭിമാനി സ്ഥിരമായി വായിക്കുകയും സ്‌പോര്‍ട്‌സ് പേജില്‍ ദിവസങ്ങള്‍ പഴക്കമുള്ള ചുരുങ്ങിയത് രണ്ട് വാര്‍ത്തകളെങ്കിലും കൂട്ടുകാര്‍ക്കൊപ്പം ചര്‍ച്ച ചെയ്യുകയും പതിവായിരുന്നു. 'ഹോട്ട് ഡോഗ്' എപ്പിസോഡ് പോലെ സോഷ്യല്‍ മീഡിയയിലും അല്ലാതെയും ആഘോഷിക്കപ്പെട്ട അബദ്ധങ്ങളെക്കുറിച്ചല്ല ഈ കുറിപ്പ്. അത് ഏതൊരു ജേര്‍ണലിസ്റ്റിനും പറ്റിപ്പോകാവുന്ന (പറ്റിപ്പോകരുതാത്ത) അബദ്ധമാണ്.

പത്ത് മിനുട്ടില്‍ 68 ചൂടുള്ള പട്ടികളെ ഒരാള്‍ തിന്നു എന്ന ഭീമാബദ്ധം ഒന്നാം പേജില്‍ അടിച്ചുവരുന്നത് ശ്രദ്ധിക്കാന്‍ ദേശാഭിമാനി പോലെ പ്രൊഫഷണല്‍ ആയ ഒരു പത്രത്തില്‍ ആരുമില്ലേ എന്നതായിരുന്നു പ്രസക്തമായ ചോദ്യം. എന്നാല്‍ ദേശാഭിമാനിയെ സംബന്ധിച്ചാണെങ്കില്‍ 'ഇതൊന്നും വല്യ ഇശ്യൂ ആക്കേണ്ട കാര്യമില്ല' എന്നൊരു പൊതുബോധം കാരണമാകാം അധികമാരും ഈ ചോദ്യം ചോദിച്ചില്ല. പകരം അമേരിക്കക്കാരനെക്കൊണ്ട് ചൂട് പട്ടിയെ തീറ്റിച്ചയാള്‍ മാത്രം തമാശക്കഥാപാത്രമായി.

ദേശീയ പണിമുടക്ക് ദിവസമായ ഇന്ന് 'കേരളം നിശ്ചല'മെന്ന് ദേശാഭിമാനി ഒന്നാം പേജില്‍ വെണ്ടക്ക അടിച്ചു എന്ന് ഗൂഗിള്‍ പ്ലസില്‍ ചിലര്‍ ഷെയര്‍ ചെയ്തത് കണ്ടിരുന്നു. പത്രങ്ങളുടെയും ചാനലുകളുടെയും ലോഗോ വെച്ചും ഫോട്ടോഷോപ്പ് ചെയ്തും പത്രങ്ങളെ വെല്ലുന്ന വ്യാജവാര്‍ത്തകള്‍ അടിച്ചുവിടുന്ന കാലമാണല്ലോ, അതുകൊണ്ട് കണ്ടത് ആദ്യം വിശ്വസിച്ചില്ല. ഏത് പാര്‍ട്ടിക്കാരനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായാലും ദേശാഭിമാനി ഇങ്ങനെ ഒരു അബദ്ധം കാണിക്കില്ല എന്ന് തന്നെ കരുതി.

എന്നാല്‍ ദേശാഭിമാനിയുടെ ഇ പേപ്പറും സ്കാൻ ചെയ്ത ഒന്നാം പേജുകളും കണ്ടതും ഞെട്ടി. ചുമ്മാ ഞെട്ടുകയല്ല, വി ടി ബല്‍റാം എം എല്‍ എയുടെ ഭാഷയില്‍ പറഞ്ഞാല്‍ ശരിക്കും പകച്ചുപോയി എന്റെ ബാല്യം. ഇന്ന് നടക്കുന്ന പണിമുടക്കില്‍ കേരളം നിശ്ചലമായ വാര്‍ത്ത കണ്ടാണ് ഞെട്ടിയത്. ഓൺലൈനിലാണ് കണ്ടതെങ്കിൽ ഞെട്ടില്ലായിരുന്നു. ഇത് പക്ഷേ അതല്ലല്ലോ. അര്‍ധരാത്രി പന്ത്രണ്ട് മണിക്കാണ് ദേശീയ പണിമുടക്ക് തുടങ്ങിയത്. ആ സമയത്തോ അതിനോടടുപ്പിച്ചോ ആണ് പത്രം അച്ചടിക്കുന്നത്. റിപ്പോര്‍ട്ട് തയ്യറാകുന്നതും അത് ലേ ഔട്ട് ചെയ്യുന്നതും പ്രൂഫ് വായിക്കുന്നതും മറ്റും അതിനും മുമ്പ് തന്നെ വേണം.

deshabhimani-strike

പണിമുടക്ക് തുടങ്ങിയതിന് ശേഷമാണ് പത്രം അച്ചടിച്ചത് എന്ന് തന്നെയിരിക്കട്ടെ, വ്യവസായമേഖലയും ഗതാഗതവും വാണിജ്യ വ്യാപാര മേഖലയും പൂര്‍ണമായും സ്തംഭിച്ചു എന്നൊക്കെ ദേശാഭിമാനി ലേഖകന് എവിടെ നിന്നാണ് വിവരം കിട്ടിയത് എന്നും ചോദിച്ചേ പറ്റൂ. കൊച്ചി വ്യവസായമേഖല, കഞ്ചിക്കോട് വ്യവസായമേഖല, നിര്‍മാണമേഖല, പരമ്പരാഗത വ്യവസായമേഖല, കൊച്ചി പ്രത്യേക സാമ്പത്തികമേഖല എന്നിവ നിശ്ചലമായി എന്ന് കൂടി ദേശാഭിമാനി എഴുതിയത് വായിച്ചപ്പോഴാണ് മഹാഭാരതയുദ്ധം ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചുകൊടുത്തതായി പറയപ്പെടുന്ന സഞ്ജയനൊക്കെ എന്ത് എന്ന് ഞാനന്തിച്ചുപോയത്.

കഴിഞ്ഞില്ല റിപ്പോര്‍ട്ടിങ്, ദേശാഭിമാനിയുടെ ഭാഷയില്‍ - തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടാഹ്വാനവുമായി - നടക്കുന്ന ഈ പണിമുടക്ക് ഏറ്റെടുത്തവര്‍ ആരൊക്കെയാണ് എന്ന് നോക്കൂ, 'ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍, ബിഎസ്എന്‍എല്‍, തപാല്‍ സര്‍വീസുകള്‍ തുടങ്ങിയവയെല്ലാം പണിമുടക്ക് ഏറ്റെടുത്തിട്ടുണ്ട്. കാര്‍ഷികമേഖലയും തോട്ടംതൊഴിലാളിമേഖലയും മറ്റും മാന്നാര്‍ മത്തായിലെ പോലെ അരമണിക്കൂര്‍ മുമ്പ് തന്നെ പണിമുടക്കില്‍ പങ്കാളികളായവരാണ്.

സിനിമാക്കാരും ക്രിക്കറ്റ് കളിക്കാരും രാഷ്ട്രീയക്കാരും എന്തിനധികം പത്രക്കാരടക്കമുള്ള സെലിബ്രിറ്റികളുടെ ചരമക്കുറിപ്പുകള്‍ മോര്‍ഗ് എന്ന് വിളിക്കുന്ന പത്രമോഫീസിലെ ലൈബ്രറിയില്‍ കാലേക്കൂട്ടി തയ്യാറാക്കിവെക്കാറുണ്ട്. പ്രധാനമന്ത്രി, പ്രസിഡണ്ട് പോലുള്ളവരുടെ പ്രസംഗങ്ങളും പ്രസ്താവനകളും മറ്റും പത്രക്കാര്‍ക്ക് നേരത്തെ ഇഷ്യൂ ചെയ്യുന്നതും സാധാരണമാണ്. ഇതൊക്കെ കയ്യില്‍ കിട്ടി എന്ന് കരുതി അങ്ങനങ്ങ് അടിച്ചുവിടാനുള്ളതല്ല. എംബാര്‍ഗോ കോപ്പികള്‍ എന്ന് വിളിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നതിന് ഒരു നേരവും കാലവും ഒക്കെയുണ്ട്. ഇല്ലെങ്കില്‍ ഉണ്ടാകണം.

പാര്‍ട്ടി പത്രമല്ലേ, പാര്‍ട്ടിക്കാരല്ലേ വായിക്കുന്നത്, ദേശാഭിമാനി പിന്നെ എങ്ങനെ എഴുതണം എന്നൊക്കെയാകും ദേശാഭിമാനി എന്‍ഡോഴ്‌സ് ചെയ്യുന്നവരുടെ ചോദ്യം. ചെരിപ്പിനൊപ്പിച്ച് കാല് മുറിക്കുന്ന, സെന്‍സേഷണലൈസ് ചെയ്യപ്പെട്ട കാലത്താണ് പത്രക്കാരും ജീവിക്കുന്നത് എന്ന് അറിയാഞ്ഞിട്ടൊന്നുമല്ല. അരുവിക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ലീഡ് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് നേരെ എഴുതിക്കാണിച്ച് സ്വന്തം പ്രേക്ഷകരെ പറ്റിച്ച പീപ്പിള്‍ ടിവിയൊക്കെ നമ്മള്‍ ഇവിടെത്തന്നെ ചര്‍ച്ച ചെയ്തതാണ്.

കാല്‍ ലക്ഷം പേര്‍ സി പി എം വിട്ടു എന്ന് വാര്‍ത്ത എഴുതിയ മനോരമ ലേഖകന്‍ സുജിത് നായരോട്, അന്തസ് വഴിയില്‍ കിട്ടുന്നതല്ല എന്ന് ഓര്‍മിപ്പിച്ച സി പി എം നേതാവ് പി എം മനോജ് അസോസിയേറ്റ് എഡിറ്ററായ ദേശാഭിമാനി ഇങ്ങനെയൊക്കെ എഴുതുന്നത് പൊളിറ്റിക്കലി കറക്ട് അല്ലല്ലോ എന്ന് തോന്നിയത് കൊണ്ടു മാത്രം പറഞ്ഞു എന്നേയുള്ളൂ. സുജിത് നായരെ മാത്രമല്ല, അയാളുടെ വീട്ടുകാരെ വരെ ഡാറ്റ് ചോദിച്ച് പള്ള് പറഞ്ഞവരാണ് ഈ പാര്‍ട്ടിക്കാര്‍. കൂട്ടിക്കൊടുപ്പുകാരന്‍, പുല്ലാങ്കുഴല്‍ വിദഗ്ധന്‍, സോഫാ കം ബെഡ് എന്നൊക്കെ സൈബര്‍ സഖാക്കള്‍ ടിയാനെ വിളിച്ചത് എന്നും സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോകുകയാണ്. ചരിത്രം മറക്കാനുള്ളതല്ല എന്നാണല്ലോ നമ്മുടെ മുദ്രാവാക്യം.

കുലുക്കി സര്‍ബത്ത്: രണ്ട് വീല്‍ പോയിട്ട് ഒരു വീല് പോലും ഓടാതെ പണിമുടക്കിനോട് സഹകരിക്കണം എന്ന് സി ഐ ടി യു നേതാവ് ഇന്നലെ ഓര്‍മിപ്പിച്ചതിന്റെ ഒരു എക്സ്റ്റന്‍ഡ് കുറിപ്പ് മാത്രമാണ് ദേശാഭിമാനിയുടെ 'കേരളം നിശ്ചലം' തലക്കെട്ട്. ഒരുതരത്തിലുള്ള ഭീഷണി. അതല്ല എങ്കില്‍ മൂന്നാം തീയതിയിലേക്ക് തയ്യാറാക്കിയ പത്രം രണ്ടാം തീയതിയില്‍ അടിച്ചുപോയതാകാനേ വഴിയുള്ളൂ. ഇത് രണ്ടുമല്ല എങ്കില്‍ പിന്നെ, നേരത്തെ പറഞ്ഞ ആ ദിവ്യദൃഷ്ടി തന്നെ. അതിനെ നമിച്ചുകൊണ്ട് നിര്‍ത്തുന്നു. ഹാവ് എ നൈസ് പണിമുടക്ക് ഡേ.

English summary
Muralikrishna Maaloth writes about Deshabhimani report on trade union strike report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X