കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഡ് മാക്സിലൂടെ ലോക സിനിമയിലേക്ക് ഒരു ജാലകം തുറക്കുന്നു

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

ഭാഷയ്ക്കും ദേശത്തിനും അതീതമായി ലോക സിനിമയിലെ ചില മികച്ച സൃഷ്ടികളെ പരിചയപ്പെടുത്തുകയാണ് വെള്ളിത്തിരയിലൂടെ . Post apocalyptic സിനിമകളുടെ ചരിത്രം മാറ്റിയെഴുതിയ മാഡ് മാക്സ് സീരീസിലെ പുതിയ സിനിമയായ Mad Max: Fury Road ആണ് ഇന്ന് പരിചയപ്പെടുത്തുന്ന സിനിമ.

എന്തുകൊണ്ടാവും സിനിമ ഏറ്റവും ജനപ്രിയ കലാരൂപമായി മാറുവാന്‍ കാരണമെന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ആത്യന്തികമായി അത് ഒളിഞ്ഞു നോക്കാനുള്ള മനുഷ്യന്റെ ത്വരയെ ഒരു പരിധിവരെ ശമിപ്പിക്കുന്നുണ്ട്. ഒരു സിനിമ കാണുമ്പോള്‍ നിങ്ങള്‍ ഇരുട്ടില്‍ ഒളിച്ചിരിക്കുകയാണ്. കഥാപാത്രങ്ങള്‍ക്കോ അവരുടെ ജീവിതാവസ്ഥകള്‍ക്കോ നിങ്ങളെ സ്പര്‍ശിക്കാനാവില്ല. അതായത് സുരക്ഷിതമായ ഒരകലത്തില്‍ നിന്നും നിങ്ങള്‍ അവരുടെ ജീവിതങ്ങളിലെയ്ക്ക് ഒളിഞ്ഞു നോക്കികൊണ്ടിരിക്കുകയാണ്. ജനപ്രിയ സിനിമാകളാവട്ടെ നിങ്ങളെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം സൃഷ്ടിക്കപെടുന്നവയാണ്. അതൊരു വ്യാപാര ഉല്പന്നം മാത്രമാണ്. രണ്ടോ മൂന്നോ മണിക്കൂര്‍ നിങ്ങളെ രസിപ്പിച്ചു തിരികെ നിങ്ങളുടെ ജീവിതങ്ങളിലെയ്ക്ക് അതേപോലെ ഇറക്കിവിടുക മാത്രം ചെയ്യുന്നവ. അതിനു നിങ്ങളോട് രസിപ്പിക്കുക എന്നതില്‍ കവിഞ്ഞു യാതൊരു കടപ്പാടുമില്ല. അത്തരം സിനിമകള്‍ കാണുമ്പോള്‍ നിങ്ങള്‍ ചിന്തിക്കേണ്ട ആവശ്യം പോലുമില്ല. എല്ലാം നിങ്ങള്‍ക്ക് വേണ്ടി അവര്‍ ചെയ്തുകൊള്ളും. അതിലെ നടീ നടന്മാരെയും അവരുടെ കെട്ടിച്ചമച്ച ജീവിതങ്ങളെയും കണ്ടു മായാ ലോകത്തില്‍ കുറച്ചുനേരം കഴിയാം. തീര്‍ച്ചയായും അത് കൊണ്ട് തന്നെ അവ ജനപ്രിയങ്ങളായി തുടരുകയും ചെയ്യും.

മറ്റു ചില സിനിമകള്‍ നിങ്ങളെ ഷൂവിനുള്ളിലെ കല്ല്‌ പോലെ ( Lars Von Trier നോട് കടപ്പാട് ) അസ്വസ്ഥമാക്കുന്നു. അത് നിങ്ങളെ ചിന്തിപ്പിക്കുകയും പരിചിതമല്ലാത്ത ചില ജീവിതങ്ങളെയും അവസ്ഥകളെയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും തീവ്രമായി കാണിച്ചു തരികയും ചെയ്യുന്നു. ഏതോ കാലത്തില്‍ ഏതോ ലോകത്തിലുള്ള മനുഷ്യന്റെ കഥ നമ്മെ സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭാഷയ്ക്കും സംസ്കാരങ്ങള്‍ക്കും കാലത്തിനും അതീതമായി അവ വര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കൂടി പങ്കാളിത്തവും ചിന്തയും അവ ആവശ്യപ്പെടുന്നുണ്ട്. മെച്ചപ്പെട്ടൊരു അവബോധമുള്ള വ്യക്തിയാവാന്‍, കുറച്ചു കൂടി നല്ലൊരു സാമൂഹ്യ ജീവിയാവാന്‍ നിങ്ങളെ അത് ചിലപ്പോള്‍ സഹായിചെന്നിരിക്കും. ഈ പംക്തി അത്തരം ചില സിനിമകളെ പരിചയപ്പെടുത്താനും ചര്‍ച്ച ചെയ്യാനുമുള്ളതാണ്.

എന്ത്കൊണ്ട് Mad Max: Fury Road ഇതിലെ ആദ്യ സിനിമയായി എന്ന് ചോദിച്ചാല്‍, ഈയിടെ ഈ സിനിമയെ പറ്റി ചിലര്‍ എഴുതി കണ്ട കുറിപ്പുകളാണ് ഇത് തെരഞ്ഞെടുക്കാന്‍ കാരണം. ഒരു അടി, ഇടി, വെടി പടം എന്ന രീതിയിലായിരുന്നു ആ കുറിപ്പുകള്‍. കൃത്യമായ രാഷ്ട്രീയവും, തത്വചിന്തയും, ആത്മീയതയും പേറുന്നൊരു സിനിമയാണിത്. അത് ഒരുപാട് പേര്‍ മനസ്സിലാക്കാതെ പോകുന്നു എന്ന് കണ്ടപ്പോളാണ് ഇത് തെരഞ്ഞെടുത്തത്. ചില സിനിമകള്‍ക്ക് രണ്ടു മുഖങ്ങളുണ്ട്. പ്രത്യക്ഷത്തില്‍ അവ വെറും ആക്ഷന്‍ അഡ്വഞ്ചര്‍ സിനിമകളായി കാണപ്പെടുകയും എന്നാല്‍ രണ്ടാം കാഴ്ചയില്‍ അതിലെ ആന്തരിക അര്‍ഥങ്ങള്‍ വെളിവാക്കുകയും ചെയ്യുന്നവ. കോയെന്‍ സഹോദരങ്ങളുടെ (Joel David Coen & Ethan Jesse Coen) സിനിമകള്‍ മിക്കതും ഇത്തരത്തിലുള്ളതാണ്. മാഡ് മാക്സ് അത്തരം സിനിമയാണ്. ഇനി സിനിമയിലേയ്ക്ക്.

Mad Max: Fury Road (2015)

poster

ജോര്‍ജ് മില്ലറുടെ മാഡ് മാക്സ് സിനിമകള്‍ മെല്‍ ഗിബ്സണ്‍ എന്ന നടനെ താരമാക്കുക മാത്രമല്ല post-apocalyptic സിനിമകളെ പുനര്‍ നിര്‍വചിക്കുക കൂടിയാണ് ചെയ്തത്. ആദ്യ സിനിമയായ മാഡ് മാക്സിന്റെ (1979) വന്‍ വിജയത്തെ തുടര്‍ന്ന് 1981ലും (Mad Max 2: The Road Warrior) 1985ലും (Mad Max Beyond Thunderdome) തുടര്‍ ചിത്രങ്ങളുണ്ടായി. പിന്നീട് 15 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഒരു പുതിയ മാഡ് മാക്സ് സിനിമ എത്തുന്നത്. ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു നിര്‍മ്മാതാക്കള്‍ക്കടക്കം. മാറിയ കാലം, സംവിധായകന് 70 വയസ്സായിരിക്കുന്നു, പുതിയ താര നിര എന്നിങ്ങനെ. പക്ഷെ പ്രായമല്ല മനസ്സിന്റെ ചെറുപ്പമാണ് സര്‍ഗ്ഗാത്മകതയുടെ അടിസ്ഥാനമെന്ന് ജോര്‍ജ് മില്ലര്‍ വീണ്ടും തെളിയിക്കുകയാണ്.

ഈ സിനിമ കാണാന്‍ പഴയ മാഡ് മാക്സ് സിനിമകള്‍ കാണണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇത് വേറിട്ടൊരു അസ്ഥിത്വം പേറുന്നുണ്ട്. സിനിമയിലെ ആദ്യ വോയിസ്‌ ഓവര്‍ ശ്രദ്ധിക്കുക:

"My name is Max. My world is fire and blood. Why are you hurting these people?
It's the oil, stupid. Oil wars. We are killing for guzzoline. The world is running out of water.Now there's the water wars."

mad-max1

ഇതിലൂടെ കഥ നടക്കുന്നൊരു കാലത്തെ നമ്മള്‍ അറിയുന്നു. കണ്ണെത്താത്ത മരുഭൂമി. പച്ചപ്പെന്നത് കാണാന്‍ പോലുമില്ലാത്ത ഒരു കാലം.
ചിന്തകളിലൂടെ അലയുന്ന അയാള്‍ ഒരു ഓന്തിനെ പിടിച്ചു തിന്നാണു വിശപ്പടക്കുന്നത്. അതിജീവനം മാത്രമാണ് അയാളുടെ ലക്‌ഷ്യം. എന്തില്‍ നിന്നോ അയാള്‍ ഓടിക്കൊണ്ടേയിരിക്കുകയാണ്. അപ്പോളും ഒരു കൊച്ചു കുഞ്ഞിന്റെ ശബ്ദം അയാള്‍ ഇടയ്കിടെ കേള്‍ക്കുന്നുണ്ട്.
"Where are you, Max? Help us, Max. You promised to help us."
ആരോ എവിടെയോ അയാളിലെ രക്ഷകനെ കാത്തിരിപ്പുണ്ട്.

തുടര്‍ന്ന് അയാളൊരു സംഘത്തിന്റെ പിടിയിലാകുന്നു. O -ve, universal donar എന്ന് അയാളുടെ പുറത്തു പച്ച കുത്തപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് അയാള്‍ അകപ്പെട്ടുപോയൊരു ലോകം നമ്മളറിയുകയാണ്. സ്ത്രീകള്‍ കറവ പശുക്കളെ പോലെ ഉപയോഗിക്കപ്പെടുകയും, കുള്ളന്മാര്‍ പല്ലക്കുകളില്‍ സഞ്ചരിക്കുകയും സാധാരണ മനുഷ്യര്‍ പട്ടിണി കോലങ്ങളായി ഒരിറ്റു ദാഹജലം മോഹിച്ചു അഗാതങ്ങളില്‍ കാത്തിരിക്കുകയും ചെയ്യുന്ന ഒരിടം. സിറ്റാഡല്‍ എന്ന് വിളിക്കപ്പെടുന്ന അധികാര കേന്ദ്രം അങ്ങ് എത്തിപ്പെടാനാവാത്ത ഉയരങ്ങളിലാണ്. പരമാധികാരിയായി ഇമ്മോര്‍ട്ടന്‍ ജോയി. അയാളെ ദൈവ തുല്യനായി, തങ്ങളുടെ എല്ലാ കഷ്ടങ്ങളുടെയും പരിഹാരമായി, അവസാന ആശ്രയമായി കാണുന്ന നിസ്സഹായരായ ജനത. അയാള്‍ക്ക്‌ വേണ്ടി യുദ്ധം ചെയ്തു ജീവന്‍ ബലി കഴിക്കുകയാണ് അനശ്വരതയിലെയ്ക്കുള്ള പാത എന്ന് വിശ്വസിക്കുന്ന കടുത്ത അനുയായികള്‍. അയാളുടെ യഥാര്‍ത്ഥ ചിത്രം മനോഹരമായി ഒരു ചെറിയ സീനിലൂടെ നമ്മെ കാണിച്ചുതരുന്നു. നിമിഷ നേരത്തേയ്ക്ക് ഒരല്‍പം വെള്ളം (അക്വാ കോള എന്നാണു അവരതിനെ വിളിക്കുന്നത്) തുറന്നു വിട്ടിട്ടു ഉടന്‍ തന്നെ അത് നിര്‍ത്തിക്കളയുന്നു. ജനം താഴെ അതിനു വേണ്ടി കടിപിടി കൂടുകയാണ്. അപ്പോള്‍ അയാളുടെ പ്രസംഗം:
"അരുത് സുഹൃത്തുക്കളെ, നിങ്ങള്‍ വെള്ളത്തിനു അടിമപ്പെടരുത്. അത് നിങ്ങളെ കീഴ്പ്പെടുത്തുകയും അതില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാനാവില്ല എന്ന തോന്നല്‍ ഉളവാക്കുകയും ചെയ്യും. പിരിഞ്ഞു പോകുക."

mad-max2

തുടര്‍ന്ന് മറ്റു മാഡ് മാക്സ് സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഫെമിനിസത്തിന്റെ അടയാളങ്ങള്‍ പേറുന്ന ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്യുരിയോസ എന്ന അവള്‍ ഗ്യാസൊലിന്‍ കൊണ്ട് വരിക എന്ന വ്യാജേന അവിടെ നിന്നും രക്ഷപെട്ടു പോകുകയും അവളെ പിന്തുടര്‍ന്ന് പിടിക്കാന്‍ ഇമ്മോര്‍ട്ടന്‍ ജോയിയും സംഘവും പുറപ്പെടുകയും ചെയ്യുന്നു. ഫ്യുരിയോസ പുറത്തു പോയത് ഒറ്റയ്കായിരുന്നില്ല, ഇമ്മോര്‍ട്ടന്‍ ജോയിയുടെ ഭാര്യമാരായി കഴിയേണ്ടി വന്ന അഞ്ചു യുവതികളെയും കൊണ്ടാണ്. അവരില്‍ പിറക്കാനിരിക്കുന്ന കുഞ്ഞിലൂടെയാണ് അയാള്‍ തന്റെ അധികാരത്തിന്റെ പിന്തുടര്‍ച്ച തേടുന്നത്. ഒരു ഘട്ടത്തില്‍ മാക്സ് ഫ്യുരിയോസയുടെ കൂടെ കൂടുന്നു. ഫ്യുരിയോസ രക്ഷപെടാന്‍ ശ്രമിക്കുന്നത് ഒരു സംഘത്തിന്റെ മാത്രമല്ല, ഒരു സംസ്കാരത്തിന്റെയും അധികാരത്തിന്റെയും പിടിയില്‍ നിന്നുമാണ്. എങ്ങോട്ടാണ് നിങ്ങള്‍ പോകാന്‍ ശ്രമിക്കുന്നത് എന്ന മാക്സിന്റെ ചോദ്യത്തിന് ദൂരെ പച്ച നിറഞ്ഞ, നന്മയുടെ ഒരു ഭൂമികയുണ്ടെന്നും പണ്ടൊരിക്കല്‍ താന്‍ അവിടെ നിന്നുമാണ് വന്നതെന്നും അവള്‍ പറയുന്നുണ്ട്. മാക്സ് അപ്പോള്‍ പറയുന്നത് "Hope is a mistake" എന്നാണ്. പക്ഷെ പ്രതീക്ഷയുടെ ആ താഴ്വരയില്‍ അവരെ കാത്തിരുന്നത് എന്നോ പിറക്കാന്‍ പോകുന്ന വിത്തുകളെയും സൂക്ഷിച്ചു കാത്തിരിക്കുന്ന ഒരു കൂട്ടം വൃദ്ധകളെയാണ്. അവിടെ നിന്നും പച്ചപ്പിന്റെ അവസാന തരിയും മാഞ്ഞു പോയിട്ട് കാലങ്ങള്‍ ഏറെയായിരുന്നു. വേറെ വഴിയൊന്നുമില്ലാതെ അവര്‍ വന്നിടത്തെയ്ക്ക് തന്നെ തിരികെ പോകുകയാണ്. ചില വിഗ്രഹങ്ങളെ തകര്‍ക്കുകയും സത്യം പുറത്താക്കുകയും മാത്രമാണ് ഇനി അവരുടെ മുന്നിലുള്ള അതിജീവനത്തിന്റെ ഏക മാര്‍ഗം.

mad-max3

ഇനി രണ്ടാം കാഴ്ച്ചയില്‍ ഇമ്മോര്‍ട്ടന്‍ ജോയിയെ നിങ്ങള്‍ മതത്തിന്റെയോ, അറിഞ്ഞോ അറിയാതെയോ ആയിരിക്കുന്ന അധികാരത്തിന്റെയോ കേന്ദ്രത്തില്‍ പ്രതിഷ്ടിക്കുക. നിങ്ങള്‍ക്കു പുതിയൊരു കാഴ്ച കാണാം. അക്വാ കോള ഇവിടെ ഒരു പ്രതീകമാണ്. നിങ്ങളുടെ അവകാശത്തിന്റെയും അതിനെ തടഞ്ഞു വച്ചിരിക്കുകയും അതിന്റെ കാരണങ്ങളായി കാലങ്ങളായി നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്ന പലതിന്റെയും പ്രതീകം. അന്ധമായി അതിനെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യരെ നിങ്ങള്‍ക്കിതില്‍ കാണാം. ഒപ്പം എങ്ങനെയെങ്കിലും ആ അധികാരത്തിന്റെ ഭാഗമായി (സ്ടിയറിംഗ് വീലുകളാണ് ഇതില്‍ അധികാരത്തെ സൂചിപ്പിക്കുന്നത്) തങ്ങളുടെ അതിജീവനം സാധ്യമാകാന്‍ ശ്രമിക്കുന്നവരെയും. താഴ്വാരങ്ങളില്‍ നിന്നും എത്തിപ്പെടാനാവാത്ത ഉയരങ്ങളില്‍ വ്യാപരിക്കുന്ന അധികാരത്തെ നോക്കി, അവന്റെ കരുണയ്ക്കായി കാത്തിരിക്കുന്ന നിസ്സഹായരായ പാവം മനുഷ്യരെയും. ഫ്യുരിയോസ അതിനെ ചോദ്യം ചെയ്യുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന, സിസ്റ്റത്തില്‍ അകപ്പെട്ടുപോയ ബോധമുള്ള മനുഷ്യന്റെ പ്രതീകം. മാക്സ് വശങ്ങളില്‍ നിന്നും വരുന്നവനാണ്. അയാളെ universal blood donor എന്ന, അവരുടെ ആവശ്യങ്ങള്‍ക്കുള്ള വ്യാപാര ചരക്കു മാത്രമായി അവര്‍ പച്ചകുത്തുകയാണ്. അവനു സിസ്റ്റവുമായി പ്രത്യേകിച്ച് കടപ്പാടുകള്‍ ഒന്നുമില്ല. എങ്കിലും അയാള്‍ സത്യത്തിന്റെയും ന്യായത്തിന്റെയും ഭാഗത്ത് നില്ക്കാന്‍ ശ്രമിക്കുന്നു. രസകരമായ കാര്യം ഈ സിസ്റ്റത്തില്‍ നിന്നും വിട്ട് അവര്‍ക്കൊരു അതിജീവനമില്ല എന്ന തിരിച്ചറിവും അതിനെ അകത്തു നിന്ന് തന്നെ തിരുത്തുക എന്ന തീരുമാനവുമാണ്. ഇപ്പോള്‍ അവര്‍ക്ക് വിതയ്ക്കാന്‍ പ്രതീക്ഷയുടെ വിത്തുകള്‍ കൂടിയുണ്ട്.

മാറിയ കാലത്തില്‍ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചാണ് മില്ലര്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നല്ലൊരു സൌണ്ട് സിസ്റ്റത്തില്‍, പറ്റുമെങ്കില്‍ 3D യില്‍ തന്നെ ഇത് കാണുക.
Mad Max: Fury Road വീണ്ടെടുപ്പുകളുടെയും വിപ്ലവത്തിന്റെയും പ്രതീകങ്ങള്‍ പേറുന്ന ഒരു ആക്ഷന്‍ സിനിമയാണ് . അതിനെ വെറുമൊരു അടി, വെടി പടം മാത്രമായി കാണാതെ പുതിയൊരു കാഴ്ചപ്പാടില്‍ കാണാന്‍ ഈ കുറിപ്പ് സഹായിക്കും എന്ന് കരുതുന്നു.

Director: George Miller
Writer: George Miller / Nick Lathouris

ട്രെയിലര്‍ കാണാം...

നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ അറിയിക്കുക.

English summary
'Vellithira' is a column which introduces world cinema irrespective of language and culture to readers . This week we are introducing Mad Max: Fury Road.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X