കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെല്‍വയല്‍ നികത്തല്‍: കേരളം സുപ്രീം കോടതിവിധിയെ കൊഞ്ഞനം കുത്തുന്നു

Google Oneindia Malayalam News

ഹരീഷ് വാസുദേവന്‍

അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനും ആണ് ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലും സജീവമായ ഇടപെടലുകള്‍ നടത്തുന്നു.

നെല്‍വയല്‍ നികത്തലിനെതിരെ ഫലപ്രദമായ നിയമങ്ങള്‍ നടപ്പാക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ പരിസ്ഥിതിയെ സ്‌നേഹിയ്ക്കുന്ന ആരിലും ഭീതിയുണര്‍ത്തുന്നതാണ്.

2008 ന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ബില്ലാണ് നിയമസഭയില്‍ അവതരിപ്പിയ്ക്കുന്നത്. ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം പണം അടച്ചാല്‍ നികത്തിയ ഭൂമിയ്ക്ക് അംഗീകാരം ലഭിയ്ക്കും. നിലവിലെ സാഹചര്യത്തില്‍ ഈ ബില്‍ പാസാകുമെന്ന് ഉറപ്പാണ്.

ഇത് സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനും ആയ ഹരീഷ് വാസുദേവന്‍ എഴുതുന്നു.

Paddy field

2008 വരെയുള്ള അനധികൃത നെൽവയൽ നികത്തലുകൾ സാധൂകരിക്കാൻ ഇന്ന് നിയമസഭയിൽ ബിൽ കൊണ്ടുവരുന്നു. 1967 ലെ ഭൂവിനിയോഗ ഉത്തരവ്‌ ലംഘിച്ച 6 ലക്ഷം ഹെക്ടറോളമാണ്‌ ഇങ്ങനെ സാധൂകരിക്കുന്നത്‌. 2008 വരെ നികത്തിയ വയലുകൾ പൂർവ്വസ്ഥിതിയിലാക്കാൻ നിയമമില്ല എന്നതാണതിന്റെ പ്രധാന കാരണമായി പറയുന്നത്‌.

നെൽവയൽ സംരക്ഷണ നിയമം -2008 ലെ 5(4)(4) വകുപ്പ്‌ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അതുവരെയുണ്ടായിരുന്ന അനധികൃത നിലം നികത്തൽ കണ്ടെത്തുകയും അത്‌ ആർ.ഡി.ഒ യെ അറിയിക്കുകയും കെ.എൽ.യു പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്നായിരുന്നു ആ വകുപ്പിന്റെ ഉദ്ദേശം.

ആരാണ്‌, ഏതൊക്കെ ഭൂമിയാണ്‌ 2008 വരെ അനധികൃതമായി നികത്തിയത്‌ എന്ന സ്ഥിതിവിവരക്കണക്കെങ്കിലും സർക്കാർ കൈവശം ഉണ്ടാകുമായിരുന്നു. വകുപ്പ്‌ 5(4)(4) നടപ്പാക്കിയിട്ടില്ല. അതിനാൽ 2008 നു മുൻപാണോ ശേഷമാണോ നികത്തൽ എന്നറിയാൻ കഴിയില്ല.

പിന്നെയുള്ളത്‌ ഡാറ്റ ബാങ്കാണ്‌. 2008 ലെ കേരളത്തിന്റെ ഉപഗ്രഹചിത്രം വാങ്ങി എല്ലാ കൃഷി ഓഫീസർമാർക്കും ലഭ്യമാക്കി, അതുപയോഗിച്ച്‌ കരട്‌ ഡാറ്റാ ബാങ്കിലെ തെറ്റുകൾ തിരുത്തിയാൽ മാത്രമേ ഒരു നികത്തൽ 2008 ന് മുൻപാണോ ശേഷമാണോ എന്നുറപ്പിക്കാനാകൂ. ഉപഗ്രഹചിത്രം വാങ്ങി നൽകിയാൽ പിന്നീടുള്ള നിയമലംഘനങ്ങളും പിടിക്കപ്പെടുമെന്നതിനാൽ 2013 ലെ ബജറ്റിൽ 7.5 കോടിരൂപ വകയിരുത്തിയിട്ടും ആ മാപ്പ്‌ വാങ്ങിയില്ല. ഇതോടെ, 2015 വരെയുള്ള നികത്തൽ ഫലത്തിൽ നിയമസാധുതയുള്ളതായി മാറും.

ഭൂവിനിയോഗ ഉത്തരവ്‌ ലംഘിച്ച്‌ നികത്തിയ 6 ലക്ഷം ഹെക്ടർ വയലും എല്ലാക്കാലത്തും നിയമവിരുദ്ധമായി നിലനിർത്തി അവിടെ ഇപ്പോൾ നടക്കുന്ന കൃഷിയേതര പ്രവർത്തികളെല്ലാം നിർത്തിവെയ്ക്കണം എന്ന അപ്രായോഗികമായ പരിസ്ഥിതിസംരക്ഷണവാദം വ്യക്തിപരമായി എനിക്കില്ല.

ജലജാ ദിലീപ്‌ കേസിൽ സുപ്രീംകോടതി വിധിയിൽ പറയുന്നതുപോലെ, ഗൃഹ നിർമ്മാണം പോലുള്ള ആവശ്യങ്ങൾക്കുള്ള 10 സെന്റ്‌ വരെയുള്ള ചെറുകിട നികത്തലുകൾക്ക്‌ ജില്ലാ കളക്ടർമാർക്ക്‌ അനുമതി നൽകാവുന്നതാണ്‌. കേസ്‌ ബൈ കേസ്‌ പരിശോധിച്ച്‌ അംഗീകാരം നൽകുകയും, അങ്ങനെ നൽകുമ്പോൾ ആ ഭൂമിയുടെ സർക്കാർ നിശ്ചയിച്ച ന്യായവിലയുടെ 50% എങ്കിലും പിഴയായി ഈടാക്കുകയും വേണം. അല്ലെങ്കിൽ അത്‌ നിയമം ലംഘിക്കുന്നതിനു സർക്കാർ പ്രോൽസാഹനം നൽകലാവും. ഇനിയും വയലുകൾ നഷ്ടമാകും.

ഇങ്ങനെ പിഴ സ്വീകരിക്കുക വഴി 10,000 കോടിരൂപയെങ്കിലും സർക്കാരിനു ലഭിക്കും. ഒരേക്കറിൽ കൂടുതലുള്ള വൻകിട നികത്തലുകൾ സാധൂകരിച്ചാൽ അത്‌ ഭാവിയിൽ കൂടുതൽ നിയമലംഘകർക്ക്‌ വഴിവെയ്ക്കും.

ചുരുക്കത്തിൽ, ഇപ്പോഴത്തെ സർക്കാർ നീക്കം ജലജാ ദിലീപ്‌ കേസിലെ സുപ്രീംകോടതി വിധിയെ കൊഞ്ഞനം കുത്തലാണ്‌. ആദ്യം 2008 ലെയും സമീപ വർഷങ്ങളിലെയും ഹൈ റസലൂഷൻ ഉപഗ്രഹചിത്രം എല്ലാ കൃഷി ഓഫീസർമാര്‍ക്കും ലഭ്യമാക്കി കരട്‌ ഡാറ്റ ബാങ്ക്‌ തെറ്റുകളില്ലാതെ പ്രസിദ്ധീകരിക്കണം. എന്നിട്ട്‌ വകുപ്പ്‌ 5(4)(4) പ്രകാരമുള്ള, 2008 വരെയുള്ള നികത്തലിന്റെ വിവരശേഖരണം നടപ്പാക്കണം. എന്നിട്ട്‌ ന്യായമായ സാധൂകരണം പിഴയീടാക്കി അനുവദിക്കാം. അല്ലാത്തപക്ഷം ഇത്‌ കേരളത്തിന്റെ കുടിവെള്ളത്തിന്റെ മരണമണിയാകും.

English summary
Harish Vasudevan writes about government's new financial bill regarding paddy field conversion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X