കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധ്വീ, രാമന്റെ മക്കളോ ജാരസന്തതികളോ അല്ല, നമ്മള്‍ ഭാരത മക്കള്‍

  • By Aswathi
Google Oneindia Malayalam News

സമ്മതിക്കുന്നു, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായസഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ഇന്ത്യയിലെ മക്കളെ രണ്ടായി തരം തിരിക്കുകയും ഒരു കൂട്ടരെ രാമന്റെ സന്തതികളായും മറ്റുള്ളവരെ ജാരസന്തതികളായും വിശേഷിപ്പിച്ച് പൊതുവേദിയില്‍ പ്രസംഗിച്ചത് പൊറുക്കാന്‍ പറ്റാത്ത തെറ്റു തന്നെയാണ്. നാനാത്വത്തില്‍ ഏകത്വമെന്ന് വിശ്വസിക്കുന്ന ഭാരതീയന്റെ ജനാധിപത്യമെന്ന ആധാരശിലയെ ദുര്‍ബലപ്പെടുത്തുന്നതു തന്നെയാണ് കുമാരി സാധ്വിയുടെ പരമാര്‍ശം.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. നാല്‍പ്പത്തിരണ്ടാം ഭരണഘടനാ ഭേദഗതി നിയപ്രകാരം 1976 ലാണ് മതേതരം എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെടുന്നത്. ലോകത്തിന് തന്നെ അനുകരിക്കാവുന്ന വിധത്തിലുള്ള മഹനീയ പാരമ്പര്യമാണ് ഈ രംഗത്ത് നമുക്കുള്ളതും. അതിന് കോട്ടം തട്ടുന്ന വിധത്തിലുള്ള പ്രവര്‍ത്തനകളും പ്രസ്താവനകളും ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂട.

sadhvi-niranjan-jyoti-parliament

ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്ന പ്രതിജ്ഞയോടെ അധികാരമേറ്റ ഒരു മന്ത്രി തന്നെ അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നത് ഒരിക്കലും നമ്മുടെ ഭരണഘടനാ അന്തസ്സിന് യോജിച്ചതല്ല. ആ തെറ്റിനെ ഒരു തരത്തിലും ന്യായീകരിക്കാതെ തന്നെ മറ്റു ചില സംശയങ്ങള്‍ ചോദിച്ചോട്ടെ... നമ്മുടെ മഹത്തായ ഭരണഘടന നില്‍വില്‍ വന്നിട്ട് 64 വര്‍ഷം പിന്നിടുന്നു. അതിന് ശേഷം തുടര്‍ച്ചയായി കോണ്‍ഗ്രസും ഇപ്പോള്‍ ബിജെപിയും രാജ്യം ഭരിക്കുന്നു.

ഇതിനിടയില്‍, സാധാരണക്കാരായ ജനങ്ങള്‍ പോലും നല്‍കുന്ന ബഹുമാനവും ആദരവും നല്‍കാതെ എത്രയോ ജനപ്രിതിനിധികള്‍ അങ്ങേയറ്റം അസഭ്യകരമായ ഭാഷയില്‍ ഭാരതത്തിന്റെ പൈതൃകത്തെ ചോദ്യം ചെയ്തിരിക്കുന്നു. ഏതൊക്കെ തരത്തില്‍ നമ്മുടെ ഭരണഘടനയെ പുച്ഛിച്ചിരിക്കുന്നു. മറ്റൊരാള്‍ തന്റെ അപ്പനെ തെറി വിളിക്കുമ്പോള്‍ ചോരതിളക്കുന്ന ചിലക്കൊരു ധരണയുണ്ട്, അപ്പനെന്റെയല്ലേ എനിക്കെന്തും പറയാം എന്ന്. ഇപ്പോള്‍ സാധ്വിയുടെ നാവില്‍ പിടിച്ചുകയറുന്ന പ്രതിപക്ഷത്തെ കാണുമ്പോള്‍ അതാണ് ഓര്‍മ്മ വരുന്നത്.

മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസമായി പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാക്കി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നാല് തവണയും ലോക സഭ രണ്ട് തവണയും തടസ്സപ്പെട്ടു. ഈ കാട്ടിക്കൂട്ടുന്നതൊന്നും ഭരണഘടനാ വിരുദ്ധമല്ലേ. പറഞ്ഞങ്ങനെ വരുമ്പോഴാണ് മറ്റൊരു സംശയംകൂടെ വന്നത്. സാധ്വിക്കെതിരെയുള്ള പ്രതിഷേധം ശരിതന്നെ, അതേ വശം അത് ബിജെപി ഭരണത്തിനെതിരെയുള്ള ഒരു ആയുധമായും ചിലര്‍ ഉപയോഗിക്കുന്നില്ലേ എന്ന്.

വിഷയത്തില്‍ മോദി സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷം ശക്തമായി പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മന്ത്രി മാപ്പ് പറഞ്ഞത് സ്വാഗതാര്‍ഹമാണ്. മുതിര്‍ന്ന ബി ജെ പി നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയും പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവും സാധ്വിയുടെ പരമാര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്. ചെയ്ത തെറ്റ് സമ്മതിക്കാന്‍ ഇന്ന് എത്ര ജനപ്രിനിധികള്‍ തയ്യാറാവും എന്നൊന്ന് ചിന്തിക്കണം.

പശ്ചാത്താപമേ പ്രായശ്ചിത്യമെന്ന് ബൈബിളില്‍ പോലും പറഞ്ഞിട്ടുണ്ട്. ബൈബിളും, ഖുര്‍ ആനും, മഹാഭാരതവും പറഞ്ഞത് ഒന്ന് തന്നെയാണ്. ചിലര്‍ അത് അക്ഷരത്തെറ്റ് വരുത്തി വായിക്കുമ്പോഴാണ് ജാതിമത പ്രശ്‌നങ്ങള്‍ ഉയരുന്നത്. മതഗ്രന്ഥങ്ങള്‍ മാറ്റി നിര്‍ത്തി നമുക്ക് ജാതിമതഭേതമില്ലാതെ ഭരണഘടന തത്വങ്ങള്‍ അനുശാസിച്ചുകൂടെ... ഭരണഘടനയുടെ ആമുഖം ആരംഭിയ്ക്കുന്നത് 'നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍' എന്ന വാക്കോടുകൂടിയാണ്. ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ - മതനിരപേക്ഷ - ജനാധിപത്യ - റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിന് ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും ഉത്തരവാദിത്വമുണ്ട്.

English summary
We are Indians not followers of Ram or illegitimate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X