കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില വിദ്യാഭ്യാസ ചിന്തകള്‍

  • By എം ആര്‍ ഹരി
Google Oneindia Malayalam News

ക്ലാസ്സിലിരുന്നു പട്ടിയെക്കുറിച്ചു സംസാരിച്ച കുട്ടിയെ ടീച്ചര്‍ പട്ടിക്കൂട്ടിലടച്ചതായി വാര്‍ത്ത കണ്ടു. ഭാഗ്യം, കടുവയെയോ, സിംഹത്തെയോ, പുലിയെയോ കുറിച്ചു സംസാരിക്കുവാന്‍ കുട്ടിക്കു തോന്നിയില്ലല്ലോ. എങ്കില്‍ കടുവാക്കൂടും, സിംഹക്കൂടുമൊക്കെ കണ്ടുപിടിക്കാന്‍ ടീച്ചര്‍മാര്‍ എത്ര ബുദ്ധിമുട്ടേണ്ടി വരുമായിരുന്നു! എന്തായാലും ഏകദേശം 40-45 വര്‍ഷം മുന്‍പു സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ എനിക്ക്‌ അന്നത്തെ ചില കാര്യങ്ങള്‍ പങ്കു വെയ്‌ക്കാന്‍ ഇതൊരു പ്രചോദനമായി.

നാട്ടിന്‍പുറം എന്നു തന്നെ പറയാവുന്ന ഒരു ചെറിയ ടൗണിലെ സ്‌കൂളിലാണു ഞാന്‍ പ്രൈമറി വിദ്യാഭ്യാസം നടത്തിയത്‌. സ്‌കൂളിനു ചുറ്റും വിശാലമായ പറമ്പുണ്ട്‌. ചിലയിടങ്ങളിലൊക്കെ വേലിയുണ്ടെങ്കിലും അതിരു തിരിച്ചറിയാമെന്നല്ലാതെ കെട്ടിയടച്ചിട്ടില്ല. പുല്ലും ചെടിയും മരവും പൂമ്പാറ്റയുമെല്ലാം സുലഭം. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കു മൂത്രപ്പുര ഇല്ല. കുന്നിനു മുകളില്‍ വേലിയുള്ള ഭാഗത്തു പോയി നിരന്നു നിന്നു വേലിയുടെ മറവിലേക്കു മൂത്രമൊഴിക്കുക. പെട്ടെന്നൊഴിച്ചു തീര്‍ക്കണം. ഇല്ലെങ്കില്‍ എട്ടൊന്‍പതു കൊല്ലമായി പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒരു മാന്യന്‍ വരും. മൂത്രമൊഴിക്കുന്നവന്റെ രണ്ടു തോളിലും ബലമായി പിടിച്ചു കുലുക്കിക്കൊണ്ട്‌ അദ്ദേഹം പറയും ഹൊ, ഞാന്‍ പിടിച്ചില്ലെങ്കില്‍ വീഴുമായിരുന്നു. ഇതോടെ അടുത്തു നില്‌ക്കുന്നവരുടെ കാലില്‍ മൂത്രം വീഴും. പിന്നത്തെ പൂരം പറേയണ്ടല്ലോ. പത്തു പതിനാലു വയസ്സുള്ള ആ കശ്‌മലനോടു ഏറ്റുമുട്ടാന്‍ നമുക്കു പറ്റില്ല. അദ്ദേഹം റൗണ്ട്‌സിനിറങ്ങുന്നതിനു മുന്‍പ്‌ കാര്യം നടത്തി സ്ഥലം വിടുകയാണു പോംവഴി.

children

എന്നാല്‍ കൊച്ചു കുട്ടികളും മോശമല്ലായിരുന്നു കേട്ടോ. പ്രഭാതത്തില്‍ പുല്‍നാമ്പുകളില്‍ തങ്ങിയിരിക്കുന്ന വെള്ളം കണ്ണിലൊഴിക്കുന്നത്‌ ഒരു അനുഭൂതിയാണ്‌. അതു പുല്ലില്‍ നിന്ന്‌ ഊറിവരുന്നതാണോ, മഞ്ഞുതുള്ളിയാണോ എന്ന്‌ ഇന്നും എനിക്കറിയില്ല. കണ്ണിത്തുള്ളിയെന്നാണു ഞങ്ങള്‍ വിളിച്ചിരുന്നത്‌. അതിരാവിലെ ചെന്ന്‌ തപ്പിയെടുത്തു കണ്ണിലൊഴിക്കും. അതു കഴിഞ്ഞു താമസിച്ചു വരുന്ന പാവങ്ങള്‍ക്കായി പുല്‍നാമ്പുകള്‍ക്കു മുകളില്‍ ഒരു ചെറിയ മൂത്രസേചനം ചെയ്യുന്നതും ഞങ്ങളുടെ ഹോബി ആയിരുന്നു.

ഓന്തുകള്‍ക്കും തുമ്പികള്‍ക്കും അടിയന്തിരാവസ്ഥക്കാലമായിരുന്നു ഞങ്ങളുടെ പ്രൈമറി വിദ്യാഭ്യാസകാലം . പുറത്തിറങ്ങിയാല്‍ ഓടിച്ചിട്ടു പിടിക്കും. ഞങ്ങളിലെ ശാസ്‌ത്രജ്ഞന്മാര്‍ പലരും ഓന്തിന്റെ നിറം മാറ്റം പഠിച്ചത്‌ ഓന്തിനെ കല്ലെറിഞ്ഞ്‌ ഓടിച്ച്‌ പല പരിസരങ്ങളിലും കയറ്റിയാണ്‌.

തുമ്പിയെകൊണ്ട്‌ കല്ലെടുപ്പിക്കുക എന്നതാണു ശൈലി. എങ്കിലും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ദ്രോഹി തികച്ചും നൂതനമായ ഒരു പീഡനമാര്‍ഗ്ഗം ആവിഷ്‌കരിച്ചു. തുമ്പിയുടെ വാലില്‍ ഒരു നീളന്‍ പുല്ലു കയറ്റുക. അതോടെ തുമ്പിക്ക്‌ മുകളിലേക്കു മാത്രമേ പറക്കാന്‍ പറ്റൂ. അത്‌ ഏതെങ്കിലും മരത്തിന്റെയോ കെട്ടിടത്തിന്റെയോ മുകളില്‍ കുടുങ്ങും. അവിടിരുന്നു ചത്തു പോകും .അന്വേഷണകുതുകി ചെറുപ്പത്തിലേ നാടുവിട്ടു. പിന്നെ വിവരം ഒന്നും ഇല്ല. ഇപ്പോള്‍ ഏതെങ്കിലും ചെറിയ രാജ്യത്തിന്റെയോ തീവ്രവാദി സംഘത്തിന്റെയോ രഹസ്യാന്വേഷണ വിഭാഗം മേധാവിയോ ആയി വിലസുന്നുണ്ടാവും.

ഏതായാലും ഞങ്ങള്‍ തുമ്പികളെയും ഓന്തുകളെയുമെല്ലാം മുകളിലേക്കു പറത്തി വിട്ടതിന്റെ അനന്തരഫലം അനുഭവിക്കുന്നത്‌ ഇന്നത്തെ കുട്ടികളാണ്‌. അവരുടെ പാഠപുസ്‌തകത്തില്‍ പോലും ഒരു നാടന്‍ ഓന്തോ, ഒാണത്തുമ്പിയോ,അരണയോ ഇല്ല.

സ്‌കൂളിനു അടച്ചു പൂട്ടില്ലെങ്കിലും സ്‌കൂള്‍ സ്‌കൂള്‍ തന്നെയാണ്‌. സാങ്കല്‌പികമായ ഒരു ലക്ഷ്‌മണരേഖ അതിനു ചുറ്റുമുണ്ടായിരുന്നു. മെയ്‌ന്‍ റോഡിലേക്കുള്ള സ്‌കൂളിന്റെ ഗേറ്റ്‌ ഒരിക്കലും അടഞ്ഞു കിടന്നിരുന്നില്ല. സ്‌കൂളിനുള്ളിലെ മര്‍ദ്ദന സംവിധാനത്തിന്റെ പൂര്‍ണ്ണ ചുമതല അധ്യാപകര്‍ക്കായിരുന്നു. അതില്‍ പുറത്തു നിന്നാരും കൈകടത്താന്‍ അവര്‍ അനുവദിച്ചിരുന്നില്ല. സ്‌കൂളിന്‌ അകത്തു കടക്കുന്നത്‌ തെറ്റാണെന്ന പൂര്‍ണ്ണബോധ്യം നാട്ടുകാര്‍ക്കുമുണ്ടായിരുന്നു. അതിനാല്‍ നാട്ടുകാരുടെ കയ്യുടെ ചൂടറിയേണ്ടി വന്നിരുന്നില്ല.

ഞങ്ങള്‍ സ്‌കൂളിന്‍ വരുന്നത്‌ മറ്റൊരു വഴിയിലൂടെ ആണെങ്കിലും ഉച്ചയ്‌ക്ക്‌ മെയിന്‍ റോഡിനപ്പുറമുള്ള വഴിയോര പൈപ്പില്‍ നിന്നാണ്‌ ചോറു കൊണ്ടു വന്ന പാത്രം കഴുകുന്നത്‌. ആ സമയത്ത്‌ ആ വഴി നടന്നു പോകുന്ന ഒരു വിദ്വാന്റെ പരിഹാസപ്പേര്‌ വേലു എന്നാണെന്ന്‌ ആരോ പറഞ്ഞു തന്നു. പിന്നെ വേലു പോകുമ്പോള്‍ ഞങ്ങളുടെ കൂട്ടവിളിയാണ്‌ 'വേലുവേ ശരണം'. സുമുഖനായ ആ ചെറുപ്പക്കാരന്‍ സഹികെട്ടു. പക്ഷെ എന്തു ചെയ്യാന്‍? സ്‌കൂളില്‍ പുറത്തു നിന്നുള്ളവര്‍ കയറാന്‍ പാടില്ലല്ലോ. അതുകൊണ്ട്‌ ഞങ്ങള്‍ സുരക്ഷിതരാണ്‌.

ഒരു ദിവസം റോഡില്‍ നിന്നു പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ കഴുത്തില്‍ ഒരു പിടുത്തം. ചവണയിട്ടു പിടിച്ചതു പോലെയുണ്ട്‌. തല തിരിക്കാന്‍ പറ്റുന്നില്ല. മുകളില്‍ നിന്നൊരു ചോദ്യം കേള്‍ക്കാം. 'ഇനി വേലൂ എന്നു വിളിക്കുമോടാ'. എന്നിട്ടു പൂച്ചക്കുട്ടിയെ തിരിക്കുന്നതു പോലെ എന്നെ തിരിച്ചു പിടിച്ചു. വേലുവാണ്‌. എന്റെ ജിവന്‍ പോയി. അച്ഛന്‍, അമ്മ, അമ്മാവന്‍ തുടങ്ങി ഉറ്റ ബന്ധുക്കളുമായല്ലാതെ രക്തബന്ധമില്ലാത്ത ഒരു ശത്രുവുമായി ശാരീരികമായി നേരിട്ടൊരേറ്റു മുട്ടല്‍ ഇതാദ്യാമായിട്ടാണ്‌. ഞാന്‍ ദയനീയമായി പറഞ്ഞു. 'ഞാനല്ല'. 'നീയല്ലേടാ ഹരീ'. അതു ശരി, ഡിറ്റക്‌റ്റീവ്‌ വേലു ഒളിച്ചിരുന്നു വാനര സംഘത്തിന്റെ നേതാവു ഞാനാണെന്നു കണ്ടു പിടിച്ചു തയ്യാറായി തന്നെ വന്നിരിക്കുകയാണ്‌. യാതൊരു സംശയവുമില്ലാതെ ഞാന്‍ പറഞ്ഞു 'ഹരി ഞാനല്ല'.

എന്റെ കൂട്ടു പ്രതികള്‍ക്കു സംഭവം പിടികിട്ടി. സ്‌കൂളിനുള്ളിലേക്കു പോകുന്ന മറ്റൊരു മൊട്ടത്തലയനെ ചൂണ്ടി അവര്‍ പറഞ്ഞു 'ദാ അവനാണ്‌ ഹരി'. 'നില്ലെടാ അവിടെ' എന്നു പറഞ്ഞു വേലു പാഞ്ഞു ചെന്നപ്പോള്‍ കാര്യം പിടികിട്ടിയില്ലെങ്കിലും എന്നെ പോലെ തന്നെ ധൈര്യശാലിയായ അവനും തിരിഞ്ഞു നോക്കാനൊന്നും മെനക്കെട്ടില്ല. ഓടി സ്‌കൂളില്‍ കയറി. വേലുവിനു മുന്‍പേ മൊട്ടത്തലയനെ പിടിക്കാനെന്ന മട്ടില്‍ ഞങ്ങളും സ്‌കൂളില്‍ കയറി. ഗേറ്റു കടന്നപ്പോള്‍ തിരിഞ്ഞു നിന്നു. സ്‌കൂളിന്റെ കോമ്പൗണ്ടില്‍ കടന്നാല്‍ പിന്നെ എന്തു വേലു?. 'വേലുവേ , ഇവനാടാ ഹരി' എന്നു കൂട്ടമായി കൂകി വിളിക്കാന്‍ തുടങ്ങി. ഒപ്പം സ്‌കൂളില്‍ കയറിയാല്‍ സാറിനോടു പറയുമെന്നും. പാവം വേലു പുറത്തു നിന്നു ബഹളം വച്ചു. മലയാള സിനിമയിലെ മന്ത്രവാദി ബാധ കയറിയ നായികയെ കളത്തിലേക്ക്‌ ക്ഷണിക്കുന്നതു പോലെ 'ഇവിടെ വാടാ' എന്നു പറഞ്ഞു കണ്ണുരുട്ടി ചില ഉഗ്രമന്ത്രങ്ങളൊക്കെ ചൊല്ലി. ഒടുവില്‍ തിരിച്ചു പോയി.

അതോടെ ഞാന്‍ ഒരു പരിസ്ഥിതി വാദിയായി മാറുകയും ചോറു വാഴയിലയില്‍ പൊതിഞ്ഞു കൊണ്ടു പോകാന്‍ തുടങ്ങുകയും ചെയ്‌തു. കൈ കഴുകാന്‍ വെള്ളം സ്‌കൂളില്‍ നിന്നൊപ്പിക്കാം. പാത്രം കഴുകാന്‍ വഴിയില്‍ ഇറങ്ങണ്ടല്ലോ?
ആ സ്‌കൂളില്‍ നാലു വരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പരീക്ഷ കഴിഞ്ഞു മാര്‍ക്കു തരുമെന്നല്ലാതെ പ്രോഗ്രസ്സ്‌ കാര്‍ഡോ റാങ്കു കണക്കാക്കലോ ഒന്നു മുണ്ടായിരുന്നില്ല. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കോളര്‍ഷിപ്പു പരീക്ഷയ്‌ക്കു ചേരാന്‍ പേരു കൊടുത്തിട്ടുണ്ടെന്നും തയ്യാറെടുത്തു കൊള്ളണമെന്നും എന്റെ അധ്യാപകന്‍ വിളിച്ചു പറഞ്ഞു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കേസില്‍ പിടിയിലായി അദ്ദേഹത്തിന്റെ അടുത്തു തന്നെ എത്തി. അന്നൊക്കെ റോഡ്‌ ടാര്‍ ചെയ്യാന്‍ ടാറും ഉപയോഗിക്കുമായിരുന്നു. അതില്‍ കുറച്ച്‌ ഇളക്കിയെടുത്ത്‌ ഞാന്‍ ക്ലാസ്സിലെ ബഞ്ചില്‍ പലയിടത്തും ഒട്ടിച്ചു വയ്‌ക്കുകയും, അങ്ങിനെ തെരഞ്ഞെടുക്കപ്പെട്ട ചില വിദ്യാര്‍ത്ഥികള്‍ ബഞ്ചിലൊട്ടിയിരിക്കുകയും ചെയ്‌തു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ തെളിവു നിയമം പഠിക്കാന്‍ അവസരം കിട്ടിയത്‌ വീണ്ടുമൊരു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌. അതിനാല്‍ നേരെ വാ നേരെ പോ എന്നായിരുന്നു അന്നത്തെ നിലപാട്‌. ടാര്‍ ഉരുട്ടി എന്റെ തന്നെ ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടാണു കൊണ്ടുവന്നത്‌. കൂടുതല്‍ തെളിവെന്തു വേണം?. എന്നെ വളരെ ഇഷ്ടമായിരുന്ന സാര്‍ പേരിന്‌ രണ്ടടി തന്നു. എന്നിട്ടു പറഞ്ഞു സ്‌കോളര്‍ഷിപ്പെഴുതാന്‍ നിന്നെ വിടുന്നതു റാങ്കു മേടിക്കാനാ. നീ ഇവിടെ ടാറും ഉരുട്ടി നടക്കുകയും. സത്യമായും റാങ്ക്‌ എന്ന വാക്ക്‌ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്‌ അന്നാണ്‌. അര്‍ത്ഥം പിടികിട്ടിയില്ല. വീട്ടില്‍ ചോദിച്ചാല്‍ ടാറിന്റെ കഥയും പറയേണ്ടി വന്നാലോ?. പിന്നെ എങ്ങിനെയോ രണ്ടു മൂന്നു ദിവസത്തിനകം ആരൊടൊക്കയോ ചോദിച്ചു മനസ്സിലാക്കി.

അപ്പര്‍ പ്രൈമറി സ്‌കൂളില്‍ കുറച്ചു കൂടി രസമായിരുന്നു. കൂടെയുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ശരാശരി പ്രായം 24-25 വയസ്സ്‌.
പട്ടാളത്തില്‍ ചേരാന്‍ പറ്റുന്നതു വരെ പള്ളിക്കൂടത്തില്‍ തുടരുക എന്നതായിരുന്നു പലരുടെയും നിലപാട്‌. സ്‌കൂളിലെ കലാകായിക മത്സരങ്ങള്‍ നല്ല തമാശ ആയിരുന്നു. 25 വയസ്സു കാരനും 14 വയസ്സുകാരനും തമ്മിലുള്ള മത്സരം ആലോചിച്ചു നോക്കൂ. കബഡികളിയിലും മറ്റും പരുന്തു കോഴിക്കുഞ്ഞിനെ റാഞ്ചുന്നതുപോലെയാണ്‌ എതിര്‍ ടീമിലെ അംഗങ്ങളെ എടുത്തു കൊണ്ടു പോകുന്നത്‌. നാടകമത്സരമാണു കാണേണ്ടത്‌. പതിനാലുകാരന്‍ കയറു ചായത്തില്‍ മുക്കി പിരിച്ചെടുത്ത മീശയും മൂക്കില്‍ കുത്തിക്കയറ്റി സ്റ്റേജില്‍ നിന്ന്‌ പെണ്‍പിള്ളേര്‍ ഇരിക്കുന്ന ഭാഗത്തു നോക്കുക പോലും ചെയ്യാതെ വിക്കി വിക്കി പറയുന്നു 'ഓമനേ, നീയില്ലാത്ത ജീവിതം.....' അടുത്ത ടീമില്‍ 25 കാരന്‍ വെട്ടിനിര്‍ത്തിയ സ്വന്തം കപ്പടാ മീശ അരുമയായി തലോടി ആഡിറ്റോറിയത്തിലുള്ള മുഴുവന്‍ പെണ്‍കുട്ടികളെയും മധുരമായ കടാക്ഷത്താല്‍ തലോടി പറയുന്നു 'ഓമനേ, നീയില്ലാത്ത ജീവിതം.....' സ്‌കൂളിലെ എന്‍. സി. സി. ആയിരുന്നു ഏറ്റവും ഗംഭീരം. അകൃതി കൊണ്ടും പ്രായം കൊണ്ടും അസ്സല്‍ പട്ടാളം തന്നെ.

ഒരിക്കല്‍ എന്റെ വീടിനടുത്ത്‌ ഒരു സ്‌കൂളില്‍ അവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കഥാപ്രസംഗം. ഞാനും കേള്‍ക്കാന്‍ പോയി. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ അതേ പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രസ്‌തുത സ്‌കൂളിനെ പ്രതിനിധീകരിച്ച്‌ യുവജനോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡ്‌ വാങ്ങിയതായി പത്രത്തില്‍ കണ്ടു. വിദ്യാര്‍ത്ഥി പൂര്‍വ്വ വിദ്യാര്‍ത്ഥി ആകും. പൂര്‍വ്വ വിദ്യാര്‍ത്ഥി പിന്നെയും വിദ്യാര്‍ത്ഥി ആകുമോ? ഡാര്‍വ്വിനെപ്പാലും ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തിന്റെ പൊരുള്‍ തേടിച്ചെന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയി. വിദ്യാര്‍ത്ഥി ഏഴാം ക്ലാസ്സില്‍ മൂന്നാം കൊല്ലം പഠിക്കുമ്പോള്‍ ഒരു കൊലക്കേസില്‍ പ്രതിയായി. മനപ്പൂര്‍വ്വമല്ല. അയല്‍വാസിയുമായുണ്ടായിരുന്ന അതിരു തര്‍ക്കം കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നു പരിഹരിച്ചതാണ്‌. ബാക്കി അയല്‍വാസികളേയും സാക്ഷികളേയും 'വേണ്ടരീതിയില്‍' കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ടു തെളിവൊന്നും അവശേഷിച്ചില്ല. അവര്‍ക്കും അവിടെ തന്നെ ജീവിക്കണമല്ലോ. മൂന്നുകൊല്ലം കഴിഞ്ഞ്‌ കോടതി വെറുതെ വിട്ടപ്പോള്‍ ആ നിഷ്‌കളങ്കന്‍ വീണ്ടും സ്‌കൂളിലേക്കു മടങ്ങി. അത്ര തന്നെ.

സഹികെട്ട സര്‍ക്കാര്‍ 73 ലോ മറ്റൊ ഒരു ഞൊടുക്കു വേല ഇറക്കി. എട്ടാം ക്ലാസ്സില്‍ ഉള്ള മുഴുവന്‍ പേരെയും ഒന്‍പതിലേക്കും, അടുത്ത കൊല്ലം പത്തിലേക്കും വിജയിപ്പിച്ചു. മഹാഭൂരിപക്ഷം സിനീയര്‍ സിറ്റിസണ്‍സും തൊട്ടടുത്ത വര്‍ഷം പത്തില്‍ തോറ്റു പുറത്തു വന്നതോടെ സ്‌കൂള്‍ വീണ്ടും കുട്ടികള്‍ക്കുള്ള സ്ഥലമായി മാറി.
സ്‌കൂളില്‍ നിന്നുള്ള കൂട്ടപ്പലായനവും ആഘോഷമായിട്ടായിരുന്നു.

ടൗണില്‍ത്തന്നെയുള്ള ഒരു സ്‌കൂളിലെ 52 പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥികള്‍ പോകാന്‍ നേരത്ത്‌ ഒരു ചെറിയ ചരിത്ര നിര്‍മ്മാണം നടത്തി. തടിയില്‍ തീര്‍ത്ത ഡസ്‌കില്‍ കോമ്പസ്സിന്റെ മുന കൊണ്ട്‌ പേര്‌, മേല്‍വിലാസം, സ്‌കൂളില്‍ വന്ന വര്‍ഷം, പോയ വര്‍ഷം ഇതൊക്കെ കൊത്തിവച്ചു. ചരിത്രബോധമില്ലാത്ത പ്രധാന അധ്യാപകന്‍-കണക്കാണദ്ദേഹത്തിന്റെ വിഷയം.- പത്തു രൂപ വീതം ഫൈനടിച്ചു.

അന്നത്തെക്കാലത്ത്‌ അത്‌ അല്‌പം വലിയ തുകയാണ്‌. ഭാവനാസമ്പന്നരായ രണ്ടു വിദ്യാര്‍ത്ഥികള്‍ ചുമതലയേറ്റു. അവര്‍ ബാക്കി അന്‍പതു പേരോട്‌ ഒരു രൂപ വീതം പിരിച്ചെടുത്തു. മരപ്പണി ചെയ്യുന്ന ആശാരിക്ക്‌ അന്നു ദിവസ വേതനം പന്ത്രണ്ടു രൂപയാണ്‌. ഇരുപതു രൂപ കൂലി സമ്മതിച്ച്‌ അത്യാഗ്രഹിയായ ഒരു ആശാരിയെക്കൊണ്ടു വന്നു. രാത്രിയാണു കൊണ്ടു വന്നത്‌. ഓടിളക്കി കയറില്‍ കെട്ടി ഇറക്കിയ ആശാരി പൂട്ടിയിട്ട ക്ലാസ്സ്‌ മുറിയിലെ എല്ലാ ഡസ്‌കും ചിന്തേരിട്ടു മിനുക്കിയതോടെ അമൂല്യമായ ആ ചരിത്രരേഖകള്‍ മാഞ്ഞു പോയി. തുടര്‍ന്നു വിലപേശല്‍ ആരംഭിച്ചു. ആശാരിക്ക്‌ ഒന്നുകില്‍ ക്ലാസ്സ്‌മുറിയില്‍ തന്നെ തുടരാം, അതല്ല പതിനഞ്ചു രൂപ മതിയെങ്കില്‍ കയറില്‍ കെട്ടി തൂങ്ങി തിരികെ പുറത്തു വരാം. അങ്ങിനെ പതിനഞ്ചു രൂപ മതിയെന്നു വച്ച്‌ പാവം ആശാരി പുറത്തു വന്നു.

കേരള വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ ക്വെട്ടേഷന്‍ ഒരു പക്ഷെ ഇതായിരുന്നിരിക്കാം. രക്തരഹിതമായിരുന്നു അന്നത്തെ ക്വട്ടേഷനുകള്‍ പോലും. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
How can a teacher take such an action towards her student. The recent incident that a UKG student was locked up in a dog kennel for talking to friends was really painful. Here is an article about the school days of an author where he recollects the good old days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X