കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് പശ്ചാത്തലമാക്കിയ രണ്ടു സിനിമകള്‍

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

ഇന്റര്‍നെറ്റ്‌ ഇല്ലാത്ത ലോകം അചിന്ത്യമായി മാറിയൊരു കാലത്തിലാണ് നാം ജീവിക്കുന്നത്. ജീവസന്താരണത്തിനുള്ളോരു അവശ്യ വസ്തുവായി അത് മാറിയിരിക്കുന്നു. പ്രത്യേകിച്ച് യുവ തലമുറയ്ക്ക്. എന്തിനധികം, നിങ്ങള്‍ ഇപ്പോളിത് വായിക്കുന്നത് തന്നെ ഇന്റര്‍നെറ്റ്‌ ഉള്ളതുകൊണ്ടാണ്. ഏതൊരു കാര്യത്തിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. അത് ഓരോ കാര്യത്തെയും നിങ്ങള്‍ എങ്ങനെ സമീപിക്കുന്നു അല്ലെങ്കില്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.ഇന്ന് ഇന്റര്‍നെറ്റ് കഥാപശ്ചാത്തലമായി വരുന്ന രണ്ടു സിനിമകളെ പരിചയപ്പെടുത്തുകയാണ്.

Trust (2010)

David Schwimmer സംവിധാനം ചെയ്ത ഈ സിനിമ 14 വയസ്സുകാരി ആനീ കാമറൂണിന്റെ കഥയാണ് പറയുന്നത്. ഒരു മാതൃകാ അമേരിക്കന്‍ കുടുംബം. അവളുടെ പിറന്നാള്‍ സമ്മാനമായി അച്ഛന്‍ നല്‍കുന്ന ലാപ്ടോപ്പ് മൂലം അവളുടെ ജീവിതം മാറുകയാണ്. ചാറ്റ് റൂമില്‍ വച്ച് അവളൊരു ആളെ പരിചയപ്പെടുന്നു. 16 വയസ്സുകാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ചാര്‍ളി. പതിയെ ആ ബന്ധം ഫോണ്‍ സന്ദേശങ്ങളിലെയ്ക്കും വിളികളിലെയ്ക്കും വളരുന്നു. ഒപ്പം ആദ്യം തീന്‍ മേശയിലെ ഒത്തുകൂടലില്‍ നിന്നും പിന്നെ കുടുംബത്തില്‍ നിന്നും അവള്‍ മാനസികമായി അകലുകയാണ്.

ഇപ്പോള്‍ അവള്‍ക്കു ചാര്‍ലിയാണ് ലോകം. തമ്മില്‍ കാണാത്ത, എന്നാല്‍ എപ്പോളും വിളിപ്പുറത്തുള്ള ഒരാള്‍. സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വയ്ക്കാനാവുന്ന, തന്നെ മനസ്സിലാക്കുന്നൊരു സുഹൃത്ത്. പതിയെ ഇട്ടിരിക്കുന്ന വസ്ത്രങ്ങളെ കുറിച്ചും പിന്നെ സ്വകാര്യതകളുടെ പങ്കു വയ്ക്കലുകളിലെയ്ക്കും അത് നീളുന്നു. പിന്നീട് ഒരിക്കല്‍ അവര്‍ നേരില്‍ കാണാന്‍ തീരുമാനിക്കുന്നു. അവിടെ വെച്ച് എല്ലാം തകിടം മറിയുന്നു. 32 വയസ്സുള്ള ഒരു പെഡോഫൈലിനെ ആണ് അവള്‍ നേരില്‍ കണ്ടത്. അപ്പോളേയ്ക്കും പിരിയനാകാത്ത വിധം അയാള്‍ അവളെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു. അയാളുടെ ഉദ്ദേശ്യം കൃത്യമായി അയാള്‍ നടപ്പാക്കി കഴിഞ്ഞിരുന്നു. കാര്യങ്ങള്‍ അറിഞ്ഞ അച്ഛന്റെ ഉപദേശത്തിനോ അമ്മയുടെ കണ്ണീരിനോ അവളെ പിന്തിരിപ്പിക്കാന്‍ ആകാതെ യഥാര്‍ത്യത്തിനും മിഥ്യയ്ക്കും ഇടയില്‍ പെട്ട് അവള്‍ കുഴങ്ങുകയാണ്.

രസകരമായ ഒരു വിരോധാഭാസം അവളുടെ അച്ഛന്‍ ഒരു മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് ആണ്. അയാള്‍ വില്‍ക്കുന്നതാകട്ടെ കൂടുതല്‍ സെക്സിയകട്ടെ എന്നെപ്പോളും അയാള്‍ തന്നെ ആവശ്യപ്പെടുന്ന ടീനേജു വസ്ത്രങ്ങളും. അച്ഛനെ അവതരിപ്പിച്ച ക്ലൈവ് ഓവന്റെയും ആനിയായ ലിയാനയുടെയും മികച്ച പ്രകടനങ്ങള്‍. ഒരു കുടുംബത്തിന്റെ ദുരന്തത്തെ കൃത്യമായും വിശദമായും കാണിച്ചു തരുന്ന മികച്ച സംവിധാനം. പ്രത്യേകിച്ചും കൌമാരക്കാരുടെയും മാതാപിതാക്കളുടെയും ഇടയിലുള്ള ആശയ വിനിമയത്തിലുള്ള അന്തരത്തെ, അവരുടെ കൊച്ചു പിടിവാശികളെ, അത് വരുത്തി തീര്‍ക്കുന്ന ബന്ധങ്ങളിലെ വിള്ളലുകളെ അതിന്റെ തീവ്രതയില്‍ നമ്മെ അനുഭവിപ്പിക്കുന്നുണ്ട് ഇത്.

trust

ഈ സിനിമ ചില സാധ്യതകളെ കുറിച്ചുള്ള ഒരു ഓര്‍മ്മപെടുത്തലാണ്. ഇന്റെര്‍നെറ്റിന്റെ ലോകത്ത് നേരം പോക്കിനായി നിങ്ങള്‍ തുടങ്ങുന്ന ചില പരിചയങ്ങള്‍, സോഷ്യല്‍ മീഡിയകളില്‍ പൊങ്ങച്ചത്തിനായി നിങ്ങള്‍ കയറ്റി വിടുന്ന ഫോട്ടോകള്‍, ഒക്കെയും ആരൊക്കെയോ എവിടൊക്കെയോ ഇരുന്നു കാണുന്നുണ്ട്. അവ നിങ്ങളുടെ സ്വകാര്യതയിലേയ്ക്കുള്ള ഓരോ മറയും നീക്കി കളയുന്നും ഉണ്ട്. നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ സമര്‍ത്ഥനായൊരു വ്യക്തിക്ക് നിങ്ങളുടെ പ്രൊഫൈലുകളില്‍ നിന്നും മനസ്സിലാക്കാം. അയാളത് എങ്ങിനെ ഉപയോഗിക്കാന്‍ പോകുന്നു എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ ഭാവി.
Directed by: David Schwimmer
Written by: Andy Bellin / Robert Festinger
Language: English

ട്രെയിലര്‍ കാണാം

Untraceable (2008)

അല്പം വ്യത്യസ്തതയുള്ള അഥവാ ആകാംക്ഷ ജനിപ്പിക്കുന്ന എന്തും നിമിഷ നേരം കൊണ്ട് വൈറല്‍ ആകുന്നൊരു കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങള്‍ ഒരു ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്ന് ചിലതില്‍ പങ്കാളികളാകുകയാണ്. നിങ്ങള്‍ക്ക് സ്വയം ഉത്തരവാദിത്തം ഒന്നുമില്ല എന്ന് തോന്നുന്നെങ്കിലും നിങ്ങളറിയാതെ ചിലതിന്റെ കാരണക്കാരനാകുകയാണ്. ഈ ഒരു അവസ്ഥയെ നമ്മെ ഓര്‍മ്മിപ്പിക്കുകയാണീ സിനിമ.

untraceable

പ്രത്യക്ഷത്തില്‍ ഇതൊരു ഉഗ്രന്‍ ത്രില്ലറാണ്. നിങ്ങള്‍ക്ക് ആരോ അയച്ചു തന്നൊരു സൈറ്റിന്റെ ലിങ്ക് കിട്ടുന്നു, www.killwithme.com. അവിടെ പോയി നോക്കുമ്പോള്‍ കാലുകള്‍ തറയില്‍ ഒട്ടിപ്പിടിച്ച നിലയില്‍ ഒരു പൂച്ചയുടെ ലൈവ് വീഡിയോ സ്ട്രീം ചെയ്യപ്പെടുകയാണ്. പൂച്ച ഓരോ നിമിഷവും ചത്തുകൊണ്ടിരിക്കുകയാണ്. സൈറ്റില്‍ ലൈവായി ഉള്ള ആളുകളുടെ എണ്ണം അവിടെ കാണിക്കുന്നുണ്ട്. ഒരു തമാശ എന്ന നിലയില്‍ നിങ്ങളത് കണ്ടു ഉപേക്ഷിക്കുന്നു. പിന്നീടെപ്പോളോ വീണ്ടും നിങ്ങളവിടെ പോയി നോക്കുമ്പോള്‍ ആ പൂച്ച ചത്തോ ജീവനോടെ ഉണ്ടോ എന്നറിയാതെ അനക്കമറ്റു കിടക്കുന്നു. ഇപ്പോള്‍ സൈറ്റിലെ കാണികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.

പിന്നീട് നിങ്ങള്‍ നോക്കുമ്പോള്‍ അവിടെ തടവിലാക്കപ്പെട്ടിരിക്കുന്നത് ഒരു മനുഷ്യനാണ്. അയാളുടെ ഞരമ്പിലെയ്ക്ക് കുത്തിവച്ചിരിക്കുന്നത് വിഷമാണ്. സൈറ്റില്‍ ഓരോ വിസിറ്റ് വരുമ്പോളും ഒരു തുള്ളി അയാളുടെ ശരീരത്തില്‍ പ്രവേശിക്കും. അതായത് എത്ര കാഴ്ചക്കാര്‍ കൂടുന്നുവോ അത്രയും വേഗം അയാള്‍ മരിക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് ആകാംക്ഷ അടക്കാനാവുന്നില്ല. ഇനി നിങ്ങള്‍ എപ്പോളും ഒരു വിന്‍ഡോയില്‍ ആ സൈറ്റ് തുറന്നു വച്ചിരിക്കും. അയാള്‍ മരിച്ചോ ഇല്ലയോ എന്നറിയാന്‍. മരിച്ചെങ്കില്‍ എത്ര വേഗം എന്നറിയാന്‍. അടുത്തത്‌ ആരെയാണ്, എങ്ങിനെയാണ് കൊല്ലാന്‍ പോകുന്നത് എന്നറിയാന്‍. മാത്രമല്ല നിങ്ങള്‍ക്കിപ്പോള്‍ അതിനെപ്പറ്റി നിങ്ങളുടെ സുഹൃത്തുക്കളോടും പറയണം. മുകളില്‍ പറഞ്ഞ പോലെ നിങ്ങളറിയാതെ നിങ്ങള്‍ കൂടി ആ മരണത്തിനു കാരണമാകുന്നു.

മറ്റൊരു വശത്ത്‌ ആ സൈറ്റ് ബ്ലോക്ക്‌ ചെയ്യാന്‍ FBI ശ്രമിക്കുന്നുണ്ട്. പക്ഷെ ഓരോ IP ബ്ലോക്ക്‌ ചെയ്യുമ്പോളും മറ്റൊരു മിറര്‍ സെര്‍വറില്‍ നിന്നും ആ സൈറ്റ് സ്ട്രീം ചെയ്യപ്പെടുന്നു. ആരെന്നു പോലും ഒരു തെളിവും കൊടുക്കാത്ത അതിവിദഗ്ദ്ധനായൊരു കുറ്റവാളിയും അയാളെ പിന്തുടരുന്ന ഒരു വനിതാ FBI ഏജന്റിന്റെയും കഥയാണ് സിനിമ പറയുന്നത്. എന്ത് കൊണ്ട് അയാളൊരു സീരിയല്‍ കില്ലര്‍ ആയി എന്ന് കാണിച്ചു തരുന്നുണ്ട് സിനിമ. അയാള്‍ക്ക്‌ ന്യായീകരിക്കത്തക്കതായ ഒരു കാരണവും ഉണ്ടതിന്. കുറച്ചു കാലം മുന്‍പ് വരെ ആ സൈറ്റ് അതെ പേരില്‍ ഉണ്ടായിരുന്നു. സിനിമയില്‍ കാണിക്കുന്ന അതെ ഹോം പേജോടെ. സിനിമയുടെ പ്രചരണാര്‍ത്ഥം അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയതായിരുന്നു അത്. ഇപ്പോളാ ഡൊമൈന്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട്.
Directed by: Gregory Hoblit
Written by: Robert Fyvolent / Mark R. Brinker / Allison Burnett
Language: English

ട്രെയിലര്‍ കാണാം

നമ്മള്‍ പതിയെ കാഴ്ച്ചയുടെ കാലത്തേയ്ക്ക് മാറുകയാണ്. കാണുന്നതെല്ലാം വെറുമൊരു ലൈവ് ഷോ. അതെന്തുമാകട്ടെ അപകടമോ, കൊലപാതകമോ എന്തും, അതെത്രയും വേഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി youtubeല്‍ അപ്‌ലോഡ്‌ ചെയ്യാന്‍ നമ്മള്‍ തിരക്ക് കൂട്ടുകയാണ്. ആദ്യം അപ്‌ലോഡ്‌ ചെയ്യണം, എത്രയും വേഗമത് വൈറല്‍ ആകണം. അതാ നിങ്ങള്‍ക്കു നേരെ തുറന്നു പിടിച്ചിരിക്കുന്ന ഒരുപാട് ക്യാമറകള്‍ ചുറ്റുമുണ്ടെന്ന് കൂടി ഓര്‍ത്തു കൊള്ളുക. ഈ സൈബര്‍ ലോകത്തില്‍ ഒരേ സമയം നിങ്ങളൊരു വേട്ടക്കാരനും ഇരയുമാണ്.

English summary
The best two movies telling about the context of Internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X