കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഴലും വെളിച്ചവും കൊണ്ട് ലോകത്തെ വരച്ച കലാകാരന്‍

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

അക്ഷരാര്‍ത്ഥത്തില്‍ ഫോട്ടോഗ്രാഫര്‍ വെളിച്ചം കൊണ്ട് ചിത്രം വരയ്ക്കുന്നവനാണ്. ഈ ഡോക്യുമെന്ററി നിഴലും വെളിച്ചവും കൊണ്ട് ലോകത്തെ വരയ്ക്കുകയും മാറ്റിവരയ്ക്കുകയും ചെയ്ത ഒരു മനുഷ്യനെ കുറിച്ചാണ്.

The Salt of the Earth (2014)

ഫോട്ടോ ജേര്‍ണലിസ്റ്റ് എന്നതിനേക്കാള്‍ മനുഷ്യാവസ്ഥകളുടെ സാക്ഷി എന്ന വിശേഷണമാവും സെബാസ്റ്റ്യോ സല്‍ഗാദോ എന്ന മനുഷ്യന് ചേരുക. ഇപ്പോള്‍ 71 വയസ്സുള്ള സല്‍ഗാദോയുടെ നാല്‍പ്പതില്‍ പരം വര്‍ഷങ്ങള്‍ നീളുന്ന ഫോട്ടോഗ്രഫി ജീവിതത്തെയും അയാളുടെ ക്യാമറ കണ്ട മനുഷ്യന്റെ വ്യത്യസ്ഥ അവസ്ഥകളെയുമാണ് ഇത് നമുക്ക് പരിചയപ്പെടുത്തുന്നത്.

1-salt-of-earth

സാധാരണ ഡോക്യുമെന്ററികള്‍ പോലെ ഇത് നിങ്ങളെ മുഷിപ്പിക്കുകയോ നിങ്ങളുടെ തീവ്രശ്രദ്ധ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. മറിച്ച് കണ്ടു തുടങ്ങിയാല്‍ വിട്ടുപോകാനാവാത്ത വണ്ണം അത് നിങ്ങളെ ഒടുക്കം വരെ കൂടെ നിര്‍ത്തുന്നു.

പല പ്രമുഖ സംവിധായകരും കുറെ ഫീച്ചര്‍ സിനിമകള്‍ക്ക്‌ ശേഷം പതിയെ ഡോക്യുമെന്ററികളിലേയ്ക്കു ചുവടു മാറ്റുന്നത് കാണാം. Werner Herzog അതിന്റെ മികച്ച ഉദാഹരണമാണ്. പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമായും കൃത്യമായും മെച്ചപ്പെട്ട രീതിയില്‍ പറയുവാന്‍ ഡോക്യുമെന്ററിയിലൂടെ സാധിക്കുന്നത് കൊണ്ടാവാം. കഥയുടെയും കഥാപാത്രങ്ങളുടെയും സങ്കീര്‍ണ്ണതകളില്ലാതെ കാര്യങ്ങള്‍ നേരിട്ട് പറയുവാന്‍ അത് അവസരം നല്‍കുന്നു. മറ്റൊന്ന് തങ്ങള്‍ കാണുന്നത് മുഴുക്കെ സത്യങ്ങളാണ് എന്ന മുന്‍വിധിയോടെയാണ് ഒട്ടു മിക്ക കാഴ്ചക്കാരും ഡോക്യുമെന്ററിയെ സമീപിക്കുന്നത് എന്നത് സൃഷ്ടാവിന് കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാക്കുന്നുണ്ട്.

പക്ഷെ കാണുന്ന കാര്യങ്ങള്‍ മുഴുക്കെ സത്യമാണോ എന്ന് തീരുമാനിക്കേണ്ടത് കാണുന്നവന്റെ വിവേകവും വിശകലന ശേഷിയുമാണ്. മറ്റൊന്ന് ഓരോ സംവിധായകന്റെയും സാമൂഹിക പ്രതിബദ്ധത എന്ന ബോധത്തെ തൃപ്തിപ്പെടുത്തുവാന്‍ അവ വലിയൊരു പരിധി വരെ സഹായിക്കുന്നുമുണ്ടാകണം.

"Kings of the Road", "Paris, Texas", "Wings of Desire", "Until the End of the World" തുടങ്ങിയ പ്രസിദ്ധ സിനിമകളുടെ സംവിധായകനായ Wim Wenders വിവിധ കലാ രൂപങ്ങളിലൂടെ പ്രസിദ്ധരായ കലാകാരന്മാരെക്കുറിച്ചുള്ള ഡോക്യുമെന്ററികളിലൂടെ ഒരു സമാന്തര കലാജീവിതം കൂടി നയിക്കുന്നുണ്ട്. അദ്ദേഹവും സല്‍ഗാദോയുടെ മകന്‍ കൂടിയായ Juliano Ribeiro Salgadoയും ചേര്‍ന്നാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. അങ്ങനെ ഒരു കലാകാരന്‍ മറ്റൊരു കലാകാരന് നല്‍കുന്ന ആദരം കൂടിയായി മാറുന്നുണ്ട് ഇത്. ഒപ്പം ഒരു കലാകാരന്റെ സൃഷ്ടികള്‍ എങ്ങനെ മറ്റൊരു കലാകാരനെ സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാകുന്നു ഇതിന്റെ അവതരണ രീതി. ഡോക്യുമെന്ററിയുടെ മൊത്തത്തിലുള്ള കളര്‍ ടോണും aspect ratio യും സല്‍ഗാദോയുടെ ഫോട്ടോഗ്രാഫുകളോട് വല്ലാതെ കടപ്പെട്ടിരിക്കുന്നത് കാണാം.

2-salt-of-earth

The Salt of the Earth തുടങ്ങുന്നത് ബ്രസീലിലെ Sierra Pelada യിലെ സ്വര്‍ണ്ണ ഖനിയില്‍ നിന്നുമുള്ള ഫോട്ടോകളില്‍ നിന്നുമാണ്. The Workers എന്ന ഫോട്ടോ സീരീസിലെ നടുക്കി കളയുന്ന ഫോട്ടോകള്‍. പതിനായിരത്തോളം മനുഷ്യര്‍ ഒരുമിച്ചു പണിയെടുത്തിരുന്ന, യന്ത്ര സഹായമോ ഒരു തരത്തിലുള്ള സുരക്ഷയോ ഇല്ലാതെ ആ മനുഷ്യരുടെ കായികാധ്വാനം കൊണ്ട് മാത്രം അയിര് കുഴിച്ചെടുത്തിരുന്ന ആ ഖനിയില്‍ നിന്നുമുള്ള കാഴ്ചകള്‍ മാത്രം മതി സല്‍ഗാദോയുടെ ഫോട്ടോകളെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ധാരണ കിട്ടുവാന്‍. കണ്ട കാഴ്ച്ചയെ അതിന്റെ തീവ്രതയില്‍ നമ്മിലേയ്ക്ക് പകര്‍ന്നു തരുന്ന മായാജാലം ആ ഫോട്ടോകളില്‍ നമുക്കറിയാനാവുന്നുണ്ട്.
3-salt-of-earth

ഇന്നത്തെ കാലത്ത് അമിത ഉപയോഗം കൊണ്ട് ചെടിപ്പിച്ചു കളയുന്ന ആ മാധ്യമത്തിന്റെ യഥാര്‍ത്ഥ ശക്തി മനസ്സിലാക്കി തരുന്നുണ്ട് ഈ ഫോട്ടോകള്‍. മനുഷ്യാവസ്ഥകളുടെ നേര്‍ക്കാഴ്ചയാകുന്നു അവ. കറുപ്പിലും വെളുപ്പിലും മാത്രമാണ് എന്നും ഫോട്ടോകളെടുക്കുവാന്‍ സല്‍ഗാദോ താല്‍പര്യപ്പെട്ടിരുന്നത്. ഡോക്യുമെന്ററിയുടെ ഭൂരിഭാഗവും സല്‍ഗാദോയുടെ ഫോട്ടോകളിലൂടെയും അദ്ദേഹത്തിന്റെ തന്നെയും പിന്നീട് സംവിധായകന്റെയും വോയ്സ് ഓവറിലൂടെയുമാണ് അവതരിപ്പിക്കപ്പെടുന്നത്. ഫോട്ടോകളുടെ പിന്നിലെ കഥകളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നും സല്‍ഗാദോയുടെ മുഖം തെളിഞ്ഞു വരുന്ന രീതിയിലുള്ള അവതരണം രസകരവും മികവുറ്റതാണ്.

ഈ ഡോക്യുമെന്ററിയെ പ്രധാനമായും മൂന്ന് ഭാഗങ്ങളായി തിരിക്കാം. ഒന്ന് സല്‍ഗാദോയുടെ ആദ്യ കാല ജീവിതത്തെയും അദ്ദേഹത്തിന്റെ ജോലിയുടെ പൊതുവായ ശൈലിയെയും പരിചയപ്പെടുത്തുന്നു. രണ്ടാം ഭാഗം അദ്ദേഹത്തിന്റെ പ്രധാന പ്രോജക്ടുകളെയും അതിനായി നടത്തിയ യാത്രകളെയും. മൂന്നാം ഭാഗം നരക സമാനമായ കാഴ്ചകള്‍ കണ്ടുമടുത്തു തിരിച്ചു വന്നു പ്രകൃതി ജീവനം നടത്തുന്ന സല്‍ഗാദോയെ കാണിച്ചു തരുന്നു.

സല്‍ഗാദോയുടെ ജീവിതത്തെ, ഫോട്ടോഗ്രഫിക്കായുള്ള യാത്രകളെ വിശദമായിത്തന്നെ പരിചയപ്പെടുത്തുന്നുണ്ട്. ബ്രസീലില്‍ ജനിച്ച സല്‍ഗാദോ എക്കണോമിക്സ് പഠിക്കുകയും 1969ല്‍ ലോക ബാങ്കില്‍ ജോലി ലഭിച്ച് ഫ്രാന്‍സിലേയ്ക്ക് പോകുകയും ചെയ്തു. പിന്നീടാണ് ഫോട്ടോഗ്രഫിയാണ് തന്റെ മേഖല എന്ന് മനസ്സിലാക്കി ജോലിയുപേക്ഷിച്ച് മുഴുവന്‍ സമയ ഫോട്ടോഗ്രഫി പ്രൊജക്ടുകളില്‍ മുഴുകുകയും ചെയ്തു.

വിശദമായ ഒരു ജീവിതത്തില്‍ നിന്നും എന്തൊക്കെ കാര്യങ്ങള്‍ ഈ ഡോക്യുമെന്ററിക്കായി തിരഞ്ഞെടുത്തു എന്നതും അതെങ്ങിനെ അവതരിപ്പിച്ചു എന്നതിലുമാണ് സംവിധായകരുടെ പ്രതിഭ. ചില ഉദാഹരണങ്ങള്‍ പറയാം. ആര്‍ടിക് സമുദ്രത്തിലെ ഒരു ദ്വീപില്‍ വാല്‍റസുകളുടെ ഒത്തുകൂടല്‍ ഷൂട്ട്‌ ചെയ്യുവാനായി സല്‍ഗാദോയോടൊപ്പം മകനും പോകുന്നു. അതുവരെ വീട്ടില്‍ വല്ലപ്പോളും വന്നു പോകുന്ന അതിഥി മാത്രമായ അച്ഛന്‍ ആരെന്നും അയാളുടെ സാഹസികമായ ജീവിതത്തെ അടുത്തറിയുക എന്നതുമായിരുന്നു മകന്റെ യാത്രാ ലക്‌ഷ്യം. അവിടെ ഒരു ദിവസം അവരുടെ താമസ സ്ഥലത്തിന്റെ തൊട്ടടുത്ത് ഒരു ഹിമക്കരടി വരുന്നു. തൊടാവുന്ന ദൂരത്തെത്തിയിട്ടും ക്യാമറ കയ്യില്‍ പിടിച്ച് ചിന്താ നിമഗ്നനായിരിക്കുന്ന അയാളോട് മകന്‍ ചോദിക്കുന്നു, എന്താണ് ഇത്ര അടുത്തു കിട്ടിയിട്ടും ആലോചിച്ചിരിക്കുന്നതെന്ന്. അപ്പോള്‍ അയാളുടെ ഉത്തരം ശ്രദ്ധിക്കുക:

"I'm thinking, you know, doing this will be difficult. I do not know if it's okay. It is different when the bear is close, we can take a picture with him closely.
But with a scenario that is not good. We have a document of the bear, but we do not have a photo. This is not right.
There's nothing behind. Nothing to frame the photo, to beautify the landscape. Not have stock, we have nothing."

ഈ ഒരു ഷോട്ടിന്റെ തെരഞ്ഞെടുപ്പിലൂടെ അയാളുടെ ഓരോ ഫോട്ടോയുടെയും ഫ്രെയ്മിങ്ങിലുള്ള ശ്രദ്ധ, കരുതല്‍, കാത്തിരിപ്പ് ഒക്കെ കൃത്യമായി നമ്മിലേയ്ക്ക് ആ ഒരു ഷോട്ട് കൊണ്ട് വരുന്നുണ്ട്. ഇതൊക്കെ തന്നെയാവണം സല്‍ഗാദോയുടെ ഫോട്ടോകളിലെയ്ക്ക് ഇത്ര ജീവന്‍ സന്നിവേശിപ്പിക്കുന്നത്.

ശ്രദ്ധേയമായ മറ്റൊരു കാര്യം സല്‍ഗാദോയുടെ ജീവിതത്തില്‍ ഉടനീളമുള്ള നിശബ്ദ സാന്നിധ്യമായ ഭാര്യ ലേലിയയാണു. അയാളുടെ ഓരോ പ്രോജക്റ്റുകളും യാത്രകളും തീരുമാനിക്കുന്നതിന് പിന്നില്‍ ശക്തമായ അവരുടെ സ്വാധീനം പ്രകടമാണ്. 1994 മുതല്‍ മറ്റു ഫോട്ടോ ഏജന്‍സികള്‍ വിട്ട് അവര്‍ ഒരുമിച്ചു തുടങ്ങിയ Amazonas Images എന്ന ഏജന്‍സിയാണ് സല്‍ഗാദോയുടെ ഫോട്ടോകളുടെ ഉടമസ്ഥാവകാശവും മറ്റു കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുത്ത് അയാളുടെ സഞ്ചാരങ്ങള്‍ക്കും സൃഷ്ടിക്കും നട്ടെല്ലായി നിന്ന അവരെ കുറിച്ച് പറയാതെ പറയുന്നുണ്ട് ഇതില്‍.

നാം കാണുന്ന ഫോട്ടോ പ്രോജക്ടുകളില്‍ ഏറ്റവും തീവ്രമായ കാഴ്ച Sahel, Exodus എന്നിവയാണ്. Sahel എത്യോപ്യയിലെ പട്ടിണി മരണങ്ങളെക്കുറിച്ചും മെച്ചപ്പെട്ട ഒരു ജീവിതം കൊതിച്ചുള്ള ഒരു ജനതയുടെ പലായനങ്ങളെക്കുറിച്ചുമാണ്. Exodus പറയുന്നതാകട്ടെ തൊണ്ണൂറുകളില്‍ റുവാണ്ട, യുഗോസ്ലാവിയ എന്നിവിടങ്ങളില്‍ നടന്ന അഭയാര്‍ത്തി പ്രവാഹങ്ങളെക്കുറിച്ചും.

4-salt-of-earth

ഒരു കുറ്റബോധത്തോടെയല്ലാതെ, മനസ്സില്‍ വിങ്ങലില്ലാതെ നിങ്ങള്‍ക്കീ കാഴ്ചകള്‍ കണ്ടു തീര്‍ക്കാനാവില്ല. നമുക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലുമാകാത്ത മനുഷ്യാവസ്ഥകള്‍ അയാള്‍ നമുക്ക് കാണിച്ചു തരുന്നു.

ആ കാഴ്ചകള്‍ അയാളെ നിരാശയുടെ പടുകുഴിയിലെയ്ക്കാണു എടുത്തെറിഞ്ഞത്. മനുഷ്യന് ഈ ഭൂമിയില്‍ ജീവിക്കാന്‍ തന്നെ അവകാശമില്ല എന്ന് പറഞ്ഞ് പലതവണ ക്യാമറ വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞ സല്‍ഗാദോയെയും നാമറിയുന്നു.

മൂന്നാം ലോകത്തിന്റെ ദുരിതങ്ങളെ വിദേശികള്‍ക്ക് ആര്‍ട്ട് ഗാലറികളില്‍ കണ്ടു രസിക്കാനുള്ള മനോഹര ചിത്രങ്ങളാക്കി മാറ്റിയവന്‍ എന്ന ആരോപണവും പല നിരൂപകരും ആ കാലത്ത് സല്‍ഗാദോയ്ക്ക് എതിരെ ഉയര്‍ത്തിയിരുന്നു.

ഭൂമിയിലെ ഇരുണ്ട ജീവിതങ്ങള്‍ കണ്ടു മടുത്ത അയാള്‍ പിന്നീട് അയാള്‍ തന്റെ യാത്രകള്‍ അവസാനിപ്പിച്ച് ബ്രസീലിലെയ്ക്ക് തിരിച്ചു വന്നു. തന്റെ ചെറുപ്പത്തില്‍ വനമായിരുന്ന പല പ്രദേശങ്ങളും തരിശു ഭൂമികളായത് കണ്ട് വനം വെച്ച് പിടിപ്പിക്കുക എന്ന ഉദ്യമത്തിലാണ് അയാള്‍ ഏര്‍പ്പെട്ടത്.

ഒടുവില്‍ നിരാശയില്‍ നിന്നും കരകയറി വീണ്ടും ആരഭിച്ച Genesis എന്ന, ഭൂമിയെയും പ്രകൃതിയെയും കുറിച്ചുള്ള ചിത്ര പരമ്പരയെക്കൂടി പരിചയപ്പെടുത്തിയാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്. നാം ജീവിക്കുന്ന ഭൂമിയോട് നാം എന്താണ് തിരിച്ചു ചെയ്യുന്നത് എന്ന അന്വേഷണം കൂടിയാണു ഈ പരമ്പര.

5-salt-of-earth

ഫോട്ടോഗ്രഫിയെ ഗൌരവമായി സമീപിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില അവശ്യ കാര്യങ്ങള്‍ സല്‍ഗാദോയിലെ ഫോട്ടോഗ്രാഫരറുടെ രീതികള്‍ നമുക്ക് കാണിച്ചു തരുന്നു:
1. ഓരോ ഫോട്ടോയിലും നിങ്ങളുടെ ആശയസംഹിത (ideology) സൂക്ഷിക്കേണ്ടതിന്റെ ആവശ്യം.
2. നല്ല ഫോട്ടോകള്‍ക്കായി നടത്തേണ്ടുന്ന യാത്രകള്‍.
3. ഫോട്ടോ പ്രോജക്റ്റുകള്‍ പിന്തുടരേണ്ടുന്നതിന്റെ പ്രാധാന്യം.
4. നിങ്ങള്‍ ഫോട്ടോയെടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കളും, വ്യക്തികളും, വിഷയങ്ങളുമായി ആത്മബന്ധം സ്ഥാപിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യം.
5. നല്ല ഫോട്ടോയ്ക്കായുള്ള നീണ്ട കാത്തിരിപ്പ്.

6-salt-of-earth

സല്‍ഗാദോ എടുത്ത കൂടുതല്‍ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ കാണാം.

കരുണയുടെ ഉറവു വറ്റിയ മനസ്സുകളിലും തരിശായി മാറിയ ഭൂമിയിലും പച്ചപ്പിന്റെ തുരുത്തുകള്‍ മുളപ്പിക്കുന്ന, ഭൂമിയുടെ ഉപ്പായി മാറുന്ന ഇത് പോലുള്ള ചില മനുഷ്യരാണ് മനുഷ്യ ജീവിതം കുറേക്കൂടി ജീവസ്സുറ്റതാക്കുന്നത്. തീര്‍ച്ചയായും കാണുക. ഇത് മികച്ചൊരു കാഴ്ചാനുഭവം മാത്രമല്ല. നാം കാണാതെ പോകുന്ന, കണ്ടിട്ടും അറിയാതെ പോകുന്ന പലതും ഈ ജീവിതത്തില്‍ നമുക്ക് ചുറ്റുമുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

Directors: Juliano Ribeiro Salgado, Wim Wenders
Language: French, Portuguese, English

ട്രെയിലര്‍ കാണാം:

<iframe width="600" height="450" src="https://www.youtube.com/embed/jgd3ZDtx8lg" frameborder="0" allowfullscreen></iframe>

English summary
Vellithira talking about the movie The Salt of the Earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X