നായനാരും വിഎസും വിദേശത്തേക്ക്

Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി ഇ.കെ.നായനാരും ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദനും വിദേശത്തേക്ക്.

മലേഷ്യയിലും യൂറോപ്പിലുമായി 15 ദിവസത്തെപര്യടനത്തിനായാണ് നായനാര്‍ പുറപ്പെടുന്നത്. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫും നായനാര്‍ക്കൊപ്പം മലേഷ്യ സന്ദര്‍ശിക്കുന്നുണ്ട്.

ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച വിദഗ്ധ പരിശോധനയ്ക്കായി വിഎസ് ലണ്ടനിലേക്ക് തിരിക്കും. ഡിസംബര്‍ ഒന്നിന് ഖത്തറിലെത്തുന്ന വിഎസും ഭാര്യ വസുമതിയും മകന്‍ വി.എസ്.അരുണ്‍കുമാറും മരുമകന്‍ ഡോ.തങ്കരാജും അന്നു തന്നെ അവിടെ നിന്നും ലണ്ടനിലേക്ക് തിരിക്കും.

ലണ്ടനിലെ പ്രോംറ്റന്‍ ആശുപത്രിയിലാണ് വിഎസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയനാകുക. ചികിത്സ ആവശ്യമായി വരികയാണെങ്കില്‍ അതും അവിടെയായിരിക്കും നടത്തുന്നത്.

ചികിത്സയ്ക്കായും മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കുമായാണ് നായനാര്‍ വിദേശ പര്യടനം നടത്തുന്നത്. ഇംഗ്ലണ്ടില്‍ നായനാരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കും. അവിടെയുള്ള മലയാളി സംഘടനകള്‍ നടത്തുന്ന പരിപാടികളിലും നായനാര്‍ പങ്കെടുക്കും.

നായനാര്‍ നയിക്കുന്ന ഏഴംഗ സംഘം യാത്ര തിരിക്കുന്ന ദിവസം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ രണ്ടാംവാരത്തോടെയായിരിക്കും ഇവര്‍ പുറപ്പെടുക എന്ന് കരുതുന്നു.

നായനാരോടൊപ്പം ഭാര്യ ശാരദ ടീച്ചര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.മുരളീധരന്‍ നായര്‍, പിഎ വാര്യര്‍, ദേശാഭിമാനി ലേഖകന്‍ ആര്‍.എസ്.ബാബു എന്നിവരാണ് വിദേശ പര്യടനത്തിനുള്ളത്. മന്ത്രി ജോസഫും സംഘവും നായനാര്‍ക്കൊപ്പം പുറപ്പെടുമെങ്കിലും മലേഷ്യ സന്ദര്‍ശിച്ച ശേഷം ഇവര്‍ മടങ്ങും.

Please Wait while comments are loading...