ചുവപ്പു മഴയ്ക്കു പിന്നാലെ മീന്‍ മഴയും

  • Published:

തൃശൂര്‍: ചുവന്ന മഴയ്‌ക്കു പിന്നാലെ കേരളത്തില്‍ മീന്‍ മഴയും. തൃശൂരിനടുത്ത്‌ കണ്ടാണശേരി ഗ്രാമത്തില്‍ തിങ്കളാഴ്‌ച രാത്രിയാണ്‌ നാട്ടുകാരില്‍ കൗതുകമുണര്‍ത്തി മീന്‍ മഴ പെയ്‌തത്‌.

രാത്രി വീടുകളിലേക്ക്‌‌ മടങ്ങുകയായിരുന്ന രണ്ടു യുവാക്കളാണ്‌ മഴയോടൊപ്പം നനുത്തതെന്തോ ആകാശത്തു നിന്നു വീഴുന്നത്‌ ആദ്യം ശ്രദ്ധിച്ചത്‌.

മഴയ്‌ക്കൊപ്പം ദേഹത്ത്‌ വീണത്‌ മീനാണെന്ന്‌ മനസിലാക്കിയ യുവാക്കള്‍ മറ്റുള്ളവരോട്‌ ഇക്കാര്യം പറഞ്ഞെങ്കിലും നാട്ടുകാര്‍ ആരുമത്‌ വിശ്വസിക്കാന്‍ തയ്യാറായില്ല. എ‌ന്നാല്‍ ചൊവ്വാഴ്ച രാവിലെ സമീപത്തുള്ള ലൈബ്രറിയ്‌ക്കടുത്ത്‌ വച്ചിരുന്ന പാത്രത്തിലെ മഴവെള്ളത്തില്‍ മീനുകള്‍ കണ്ടതോടെ സംഭവം ശരിയാണെന്ന്‌ എല്ലാവര്‍ക്കും ബോധ്യമാകുകയായിരുന്നു.

മഴയ്‌ക്കൊപ്പം റോഡില്‍ മീന്‍ വീഴുന്നത്‌ കണ്ടതായി ശിവരാമന്‍ എന്നയാളും സാക്ഷ്യപ്പെടുത്തി. കുളത്തിലും കനാലുകളിലും കാണപ്പെടുന്ന മീനുകള്‍ തന്നെയാണ്‌ മഴയ്‌ക്കൊപ്പം ആകാശത്ത്‌ നിന്ന്‌ വീണത്‌.

കേരളത്തില്‍ മീന്‍ മഴ പ്രതിഭാസം ആദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2006 ജൂലായ് ഏഴിന് കണ്ണൂരിലെ തളിപ്പറന്പയില്‍ മീന്‍ മഴ പെയ്തിരുന്നുവെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടിരുന്നു.

മീന്‍ മഴ പെയ്‌തുവെന്ന്‌ നാട്ടുകാര്‍ പറഞ്ഞത്‌ വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ലെന്ന്‌ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ മറൈന്‍ സയന്‍സിലെ അധ്യാപകനായ ഡോ. കെ.സി രാജന്‍ പറഞ്ഞു.

ജല വിതാനത്തിലുണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ മൂലം ചെറു ജല ജീവികളും സസ്യങ്ങളും അന്തരീഷത്തിലേക്ക്‌ ഉയരുകയും മഴയോടൊപ്പം താഴേക്ക്‌ വീഴുമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു കാലം മുമ്പ്‌ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി ചുവപ്പ്‌ മഴ പെയ്‌തിരുന്നു. മഴ വെള്ളം പരിശോധിച്ച ഗവേഷകര്‍ വെള്ളത്തില്‍ കാണപ്പെട്ട ആല്‍ഗയുടെ സാന്നിധ്യമാണ്‌ ചുവപ്പ്‌ നിറത്തിന്‌ കാരണമെന്നും കണ്ടെത്തിയിരുന്നു.

Please Wait while comments are loading...