പിള്ളേര്‍ക്കുമുണ്ടൊരോണം പിള്ളേരോണം

  • Posted By: Staff
Subscribe to Oneindia Malayalam
ഓണമെന്തെന്ന്‌ അറിയാത്ത മലയാളിയില്ല പഴയ പൊലിമയാര്‍ന്ന ഓണാഘോഷങ്ങളിന്നില്ലെങ്കിലും ഓരോ മലയാളിയുടെയും ഉള്ളില്‍ ഓണമെന്നത്‌ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓരോര്‍മ്മയാണ്‌.

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ്‌ മലയാളികള്‍ ഓണമാഘോഷിക്കുന്നതെന്ന്‌ ചെറിയ ക്ലാസുകളില്‍ പ്രബന്ധമെഴുതുന്നതിനായി ഉരുവിട്ടുപഠിച്ച വാക്കുകള്‍ ഓര്‍ക്കുന്നില്ലേ. എന്നാല്‍ ചിങ്ങമാസത്തിലെ തിരുവോണത്തിന്‌ മുമ്പായും ഒരോണമുണ്ട്‌. ഇപ്പോള്‍ അധികമാരുടെയും അറിവില്ലാത്ത എന്നാല്‍ പഴമക്കാരുടെ ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കുന്ന ഓരോണം. അതാണ്‌ പിള്ളേരോണം.

ചിങ്ങത്തിലെ തിരുവോണത്തിന്‌ 27 ദിവസം മുമ്പ്‌ കര്‍ക്കിടകത്തിലെ തിരുവോണനാളിലാണ്‌ പിള്ളേരോണം കൊണ്ടായിടിരുന്നത്‌. തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പ്‌. എന്നാല്‍ അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്ത ഒരു ഓണാഘോഷം. എന്നാല്‍ ഇത്‌ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്നു.

സദ്യയ്‌ക്കുമാത്രം മാറ്റമില്ല. തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീര സദ്യ. തോരാതെ പെയ്യുന്ന കര്‍ക്കിടകമഴയ്‌ക്കിടെയാണ്‌ പിള്ളേരോണം വരുന്നത്‌. കള്ളക്കര്‍ക്കിടകത്തിലെ തോരാ മഴമാറി പത്തുനാള്‍ വെയിലുണ്ടാവുമെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌. ഈ പത്താം വെയിലിലാണ്‌ പിള്ളേരോണം എത്തുന്നത്‌.

മുമ്പൊക്കെ തിരുവോണം പോലെതന്നെ പിള്ളേരോണവും മലയാളികളുടെ ഒരു പ്രധാന ആഘോഷമായിരുന്നു. വലിയ തറവാടുകളിലും മറ്റും വമ്പന്‍ ആഘോഷങ്ങളായിരുന്നു പിള്ളാരോണത്തിനുണ്ടായിരുന്നത്‌. കുട്ടികള്‍ കൂടുതലുണ്ടെന്നതുതന്നെയാണ്‌ ഈ പിള്ളാരോണം ഗംഭീരമാകാന്‍ കാരണം. പിള്ളേരുകൂട്ടം ഇല്ലാതാവുമ്പോള്‍ പിന്നെന്ത്‌ പിള്ളേരോണം.

ഉള്ളതുപറഞ്ഞാല്‍ ഇന്നത്തെ കുട്ടികളുടെ ഒരു വലിയ നഷ്ടമാണ്‌ ഈ പിള്ളേരോണം. കളികളും ആര്‍പ്പുവിളികളും സദ്യയുണ്ണലുമായുമായി വന്നുപോകുമായിരുന്ന പിള്ളേരോണം ഇന്നത്തെ കുട്ടികള്‍ക്ക്‌ എവിടെ മനസ്സിലാകാന്‍. അവര്‍ക്ക്‌ ഓണമെന്നതും ഏതെങ്കിലും ഹോട്ടലിലോ ഫ്ളാറ്റുകളുടെ നാലുചുവരുകള്‍ക്കുള്ളിലോ ഒതുങ്ങുന്ന ഉണ്ണാന്‍ വിഭവങ്ങള്‍ കൂടുതലുള്ള ഒരു ദിനം മാത്രം.

കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങളായി. ഓരോ വീട്ടിലും ഒന്നോ രണ്ടോ കുട്ടികള്‍. അവര്‍മാത്രമായി എന്ത്‌ പിള്ളേരോണം ആഘോഷിക്കാന്‍ അവരുടെ അച്ഛന്മാര്‍ക്കും അമ്മമാര്‍ക്കും പോലും പിള്ളേരോണമെന്നത്‌ ഒരു കേട്ടുകേള്‍വിമാത്രമായിരിക്കും. മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ ഭാഗ്യം ഈ കേട്ടുകഥ അവര്‍ക്കും നേരിട്ട്‌ കേള്‍ക്കാം.

Please Wait while comments are loading...