കൊണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയ്‌ക്ക്‌ ചെരുപ്പേറ്‌

  • Published:

Naveen Jindal
കുരുക്ഷേത്ര: പ്രതിഷേധിക്കാനുള്ള ഒരു പുതിയ മാര്‍ഗ്ഗമായി ചെരുപ്പേറ്‌ മാറുകയാണോ. ഈ സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള സംഭവങ്ങളാണ്‌ അടുത്ത കാലത്ത്‌ തുടര്‍ച്ചയായി നടന്നുവരുന്നത്‌.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌, ചൈനീസ്‌ പ്രധാനമന്ത്രി ബെന്‍ ജിയബാവോ, ഇന്ത്യയുടെ ആഭ്യന്തരമന്ത്രി പി ചിദംബരം ഇവരെല്ലാമാണ്‌ ചെരുപ്പേറ്‌ പ്രതിഷേധത്തിനിരകളായ പ്രമുഖര്‍.

ഇറാഖി മാധ്യമപ്രവര്‍ത്തകന്‍ മുന്ദാസിര്‍ സെയ്‌ദി തുടങ്ങിവെച്ച ഈ പ്രതിഷേധ മാര്‍ഗം ഇന്ത്യയിലും സ്വീകരിക്കപ്പെടുകയാണെന്നാണ്‌ പുതിയ സംഭവങ്ങള്‍ സൂചന നല്‍കുന്നത്‌. ചിദംബരത്തെ സിഖ്‌ മാധ്യമപ്രവര്‍ത്തകനായ ജര്‍ണയില്‍ സിങ്‌ ചെറുപ്പെറിഞ്ഞതിന്റെ അലയൊലികള്‍ അടങ്ങുന്നതിന്‌ മുമ്പേ വീണ്ടും ചെരുപ്പെറിഞ്ഞ്‌ പ്രതിഷേധം.

ഇത്തവണ കോണ്‍ഗ്രസ്‌ എംപിയും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയും വ്യവസായ പ്രമുഖനുമായ നവീന്‍ ജിന്‍ഡാലിനാ ചെരുപ്പേറിനെ നേരിടേണ്ടിവന്നത്‌. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടന്ന തിരഞ്ഞെടുപ്പ്‌ യോഗത്തില്‍ രാംകുമാറെന്ന മുന്‍ അധ്യാപകനാണ്‌ ജിന്‍ഡാലിന്‌ നേരെ ചെരുപ്പൂറി വലിച്ചെറിഞ്ഞത്‌.

ഏറ്‌ ജിന്‍ഡാലിന്‌ കൊണ്ടില്ല. സംഭവം നടന്നയുടന്‍തന്നെ രാംകുമാറിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കൊണ്‍ഗ്രസിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ്‌ താന്‍ ജിന്‍ഡാലിന്‌ നേരെ ചെരുപ്പെറിഞ്ഞതെന്നാണ്‌ രാംകുമാര്‍ പറയുന്നത്‌. എന്നാല്‍ രാം കുമാര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ്‌ നവീന്‍ ജിന്‍ഡാലിന്റെ ആരോപണം.

കുരുക്ഷേത്രയിലെ വേദിയിലെ ചെരുപ്പേറിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. ജിന്‍ഡാലിന്‌ നേര്‍ക്ക്‌ വന്ന ചെരുപ്പ്‌ കൊണ്ടത്‌ തൊട്ടടുത്ത സീറ്റിലിരുന്ന മറ്റൊരു നേതാവിന്റെ ദേഹത്താണ്‌. അദ്ദേഹം ഉടന്‍ ആ ചെരുപ്പെടുത്ത്‌ രാംകുമാറിനെ തിരിച്ചെറിഞ്ഞു. എന്നാല്‍ അപ്പോള്‍ ഏറ്‌ കൊണ്ടതും മറ്റൊരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണ്‌. എന്തായാലും അയാള്‍ തിരിച്ചെറിയാന്‍ മുതിരാതെ സംഭവം അവിടം കൊണ്ട്‌ നിര്‍ത്തി.

Please Wait while comments are loading...