സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ല

  • Updated:
Subscribe to Oneindia Malayalam

Homosexuality
ദില്ലി: സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ രാഷ്ട്രീയ-മത സമൂഹങ്ങളില്‍ വിവാദമായി കത്തി നില്‌ക്കെ സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന്‌ ദില്ലി ഹൈക്കോടതി വിധിച്ചു. പ്രായപൂര്‍ത്തിയായവരുടെ ലൈംഗിക സ്വാതന്ത്ര്യം നിഷേധിയ്‌ക്കുന്ന ഐപിസി 377ാം വകുപ്പ്‌ യഥാര്‍ത്ഥത്തില്‍ പൗരന്‍മാരുടെ മൗലികാവകാശം ലംഘിയ്‌ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണെന്ന്‌ വിധിയ്‌ക്കുന്ന വകുപ്പ്‌ ഭേദഗതി ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.പ്രായപൂര്‍ത്തിയായവര്‍ക്ക്‌ ഉഭയകക്ഷി സമ്മതപ്രകാരം സ്വവര്‍ഗ്ഗ രതിയിലേര്‍പ്പെടാമെന്ന്‌ കോടതി ഉത്തരവ്‌ വ്യക്തമാക്കുന്നു.

ഹര്‍ജി പരിഗണിച്ച ചീഫ്‌ ജസ്റ്റിസ്‌ എ.ബി ഷാ, ജസ്റ്റിസ്‌ എസ്‌ മുരളീധര്‍ എന്നിവരുള്‍പ്പെടുന്ന ബഞ്ചിന്റേതാണ്‌ വിധി. നാസ്‌ ഫൗണ്ടേഷനാണ്‌ സ്വവര്‍ഗരതിയ്‌ക്ക്‌ നിയമ സാധുത നല്‍കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌.

നിലവിലുള്ള നിയമപ്രകാരം സ്വവര്‍ഗ്ഗാനുരാഗം പ്രകൃതി വിരുദ്ധ ലൈംഗികതയായാണ്‌ പരിഗണിച്ചിരുന്നത്‌. എന്നാല്‍ സ്വവര്‍ഗ്ഗപ്രേമം പ്രകൃതി വിരുദ്ധമാണെന്ന്‌ കരുതാനാവില്ലെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ മുന്‍നിലപാടുകളില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടു പോയതിന്‌ പിന്നാലെയാണ്‌ കോടതി സ്വവര്‍ഗ്ഗപ്രേമത്തിനനുകൂലമായി വിധി പുറപ്പെടുവിച്ചിരിയ്‌ക്കുന്നത്‌. കേസില്‍ 2008 നവംബറില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ സ്വവര്‍ഗ്ഗ ലൈംഗികതയെ എതിര്‍ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്‌.

എന്നാല്‍ രണ്ടാമതും അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാരിലെ ആഭ്യന്തരമന്ത്രാലയവും നിയമ മന്ത്രാലയവും സ്വവര്‍ഗ്ഗ പ്രേമികള്‍ക്കനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചത്‌. എന്നാല്‍ ഇതിനെതിരെ വിവിധ ക്രിസ്‌ത്യന്‍-മുസ്ലീം സംഘടനകള്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ നിലപാടില്‍ നിന്നും പിന്‍വലിഞ്ഞിരുന്നു.

കോടതി വിധി വന്നയുടനെ തന്നെ വിവിധ ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആവശ്യമാണെങ്കില്‍ വിധിയ്‌ക്കെതിരെ അപ്പീലിന്‌ പോകുമെന്ന്‌ കെസിബിസി വക്താക്കള്‍ പറഞ്ഞു. സ്വവര്‍ഗ്ഗ പ്രണയത്തിന്‌ നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ വിവിധ മുസ്ലീം വിഭാഗങ്ങളും മതനേതാക്കളും രൂക്ഷമായി വിമര്‍ശിച്ചരുന്നു.

Please Wait while comments are loading...