റാഗിങ്‌: എസ്‌എഫ്‌ഐ നേതാക്കളടക്കം 6 പേര്‍ പിടിയില്‍

  • Published:

തൃശ്ശൂര്‍: തൃപ്രയാര്‍ ശ്രീരാമ ഗവണ്‍മെന്റ്‌ പോളിടെക്‌നിക്കിലെ ബധിര മൂക വിദ്യാര്‍ത്ഥിയെ റാഗിങ്‌്‌ ചെയ്‌ത സംഭവത്തില്‍ എസ്‌എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ ആറ്‌ പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. കോളെജ്‌ ഹോസ്‌ററലില്‍ നിന്നുമാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. ആറു പേരെയും കോളേജില്‍ നിന്നും പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു.

മുല്ലശേരി കുരിശുപള്ളിക്കുസമീപം താമസിക്കുന്ന പൊന്നറമ്പില്‍ നന്ദകിഷോറി(23)നെയാണ്‌ റാഗിംങിനെതുടര്‍ന്ന്‌ പരിക്കുകളോടെ മുല്ലശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ 10 പേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്‌ ട്‌.

പോളിടെക്‌നിക്കിലെ ആദ്യവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ്‌ വിദ്യാര്‍ഥിയാണ്‌ നന്ദകിഷോര്‍. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ നന്ദകിഷോര്‍ ഇവിടെ ചേര്‍ന്ന്‌ പോളിടെക്‌നിക്കിന്റെ തന്നെ ഹോസ്റ്റലില്‍ താമസം ആരംഭിച്ചത്‌. വ്യാഴാഴ്‌ച രാത്രി ഉറങ്ങാന്‍ കിടന്ന സമയത്ത്‌ പത്തോളം വരുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ മുറിയിലെത്തുകയും ഉടുത്തിരുന്ന മുണ്ട്‌ ബലമായി വലിച്ചഴിക്കുകയും ചെയ്‌തതായാണ്‌ പരാതി.

അടിവസ്‌ത്രവും അഴിക്കുന്നതു തടയാന്‍ ശ്രമിച്ച നന്ദകിഷോറിനെ കൂട്ടമായി മര്‍ദിക്കുകയായിരുന്നെന്ന്‌ അമ്മ വത്സല പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. വത്സല കോളെജ്‌ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‌കാന്‍ വിദ്യാഭ്യാസ മന്ത്രി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്‌ടറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Please Wait while comments are loading...