കാത്തിരിപ്പിനൊടുവില്‍ ആന്‍ഡ്രോയിഡ് ഫോണുമായി നോക്കിയ തിരിച്ചെത്തി...വിപണി പിടിച്ചടക്കുമോ നോക്കിയ 6?

നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ ചൈനയിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

ദില്ലി: ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ എന്നു മാത്രമായിരുന്നു, ജാവ, സിംബിയന്‍ പ്ലാറ്റ്‌ഫോമുകളിലായി ഒട്ടേറെ മോഡലുകളാണ് നോക്കിയ പുറത്തിറക്കിയത്. എന്നാല്‍ ആന്‍ഡ്രോയിഡിന്റെ കടന്നുവരവോട് കൂടി നോക്കിയയുടെ പ്രതാപം അവസാനിച്ചു. ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളുമായി സാംസങ്ങും മറ്റു കമ്പനികളും വിപണി പിടിച്ചടക്കിയപ്പോള്‍ ഗ്യാലറിയിലിരുന്ന് കളി കാണാനായിരുന്നു നോക്കിയയുടെ വിധി.

എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നോക്കിയ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണുകളുടെ കുത്തൊഴുക്കില്‍ മുങ്ങിപ്പോയ നോക്കിയ പുതുപുത്തന്‍ ആന്‍ഡ്രോയിഡ് ഫോണുമായാണ് വിപണി പിടിക്കാനിറങ്ങിയിരിക്കുന്നത്. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ ചൈനയിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.

നോക്കിയ 6

ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ നൂഗട്ടിലാണ് നോക്കിയ 6 പ്രവര്‍ത്തിക്കുന്നത്. ഒട്ടേറെ സവിശേഷതകളുള്ള നോക്കിയ 6 ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ചൈനയിലാണ് ആദ്യം പുറത്തിറക്കിയിരിക്കുന്നത്. നോക്കിയയുടെ ഉത്പാദന, വിപണന അവകാശമുള്ള ഫിന്‍ലാന്‍ഡ് കമ്പനിയായ എച്ച്എംഡി ഗ്ലോബലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

അടിപൊളി ഫീച്ചറുകള്‍...

അലൂമിനിയം മെറ്റല്‍ ബോഡി, 2.5 ഗോറില്ല ഗ്ലാസ്, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, യുഎസ്ബി ഒടിജി തുടങ്ങിയ ധാരാളം ഫീച്ചകറുകള്‍ ലഭ്യമായ നോക്കിയ 6ന്റെ റാം 4 ജിബിയാണ്. 64 ജിബി സ്‌റ്റോറേജ് സ്‌പേസുള്ള ഫോണില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ ഉയര്‍ത്താം. 5.5 ഡിസ്പ്‌ളേയുള്ള ഫോണില്‍ ഡോള്‍ബി അറ്റ്‌മോസ് ടെക്‌നോളജിയിലുള്ള ഓഡിയോ സിസ്റ്റമാണുള്ളത്. ഇരട്ട എല്‍ഇഡി ഫഌഷുള്ള 16 മെഗാപിക്‌സലിന്റെ ബാക്ക് ക്യാമറയും, എട്ടു മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്.

ചൈനയില്‍ മാത്രം...

നിലവില്‍ ചൈനയില്‍ മാത്രം അവതരിപ്പിച്ചിട്ടുള്ള ഫോണിന്റെ വില 1699 യുവാനാണ്(ഏകദേശം 17000രൂപ). ചൈനീസ് വാണിജ്യ വെബ്‌സൈറ്റായ JD.comല്‍ നിന്ന് മാത്രമേ ഉപഭോക്താക്കള്‍ക്ക് നോക്കിയ 6 വാങ്ങാനാകൂ.

ഇന്ത്യയില്‍?

നോക്കിയ 6 ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളില്‍ എന്ന് അവതരിപ്പിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ നോക്കിയ 6 വരാന്‍ ഇനിയും സമയമെടുക്കുമെന്ന് തീര്‍ച്ചയാണ്.

തിരിച്ചുവരവിനെ വീക്ഷിച്ച് മറ്റു കമ്പനികള്‍

എല്ലാവരുടെയും നോട്ടം ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആന്‍ഡ്രോയിഡ് ഫോണുമായി തിരിച്ചെത്തിയ നോക്കിയയിലേക്കാണ്. കൂടുതല്‍ ഫോണുകള്‍ അവതരിപ്പിച്ച് നഷ്ടപ്പെട്ട തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ നോക്കിയയ്ക്ക് കഴിയുമോ എന്നത് കാത്തിരുന്നു കാണണം.

English summary
nokia 6 android phone launched
Please Wait while comments are loading...