അയല്‍ക്കാരനുമായി വിവാഹം മുടങ്ങി, 22കാരി വിഷംകഴിച്ചുമരിച്ചു
ഹൈദരാബാദ്: അയല്‍ക്കാരനായ കാമുകനെ വിവാഹം കഴിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. 22 കാരിയായ മെഹ്‌റുന്നിസ എന്ന മെഹ്‌റയാണ് മരിച്ചത്. ഹൈദരാബാദിലെ ഹായത്‌നഗറിലാണ് നാടിനെ നടുക്കിയ ഈ സംഭവം.
അയല്‍ക്കാരനായ യുവാവുമായി മെഹ്‌റുന്നിസ കുറെ കാലമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയിച്ചെങ്കിലും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചില്ല. മാത്രമല്ല മെഹ്‌റുന്നിസയ്ക്ക് അവര്‍ മറ്റൊരു വിവാഹം ആലോചിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് മെഹ്‌റുന്നിസ മരിക്കാന്‍ തീരുമാനിച്ചത്.
രണ്ട് ദിവസം മുമ്പ് വീട്ടില്‍ മറ്റാരുമില്ലാത്ത തക്കം നോക്കി മെഹ്‌റുന്നിസ വിഷം കഴിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് മെഹ്‌റുന്നിസയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ബുധനാഴ്ച സ്വകാര്യാശുപത്രിയില്‍ വെച്ച് മെഹ്‌റുന്നിസ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബിരുദധാരിയാണ് 22 കാരിയായ മെഹ്‌റുന്നിസ. ഇവരുടെ മുറിയില്‍ നിന്നും ഒരു ആത്മഹത്യാക്കുറിപ്പ് കണ്ട് കിട്ടിയിട്ടുണ്ട്. കാമുകന്റെ കൂടെയല്ലാതെ തനിക്ക് ജീവിച്ചിരിക്കേണ്ട എന്നാണ് മെഹ്‌റുന്നിസ തന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തത് കൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും മെഹ്‌റുന്നിസയുടെ കുറിപ്പിലുണ്ട്.