അമ്മ ലൈംഗികമായി പീഡിപ്പിക്കുന്നതായി കാട്ടി കോളേജ് വിദ്യാര്‍ഥിനി കോടതിയില്‍
ദില്ലി: അമ്മ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നതായി കാട്ടി കോളേജ് വിദ്യാര്‍ഥിനി കോടതിയില്‍ ഹര്‍ജി നല്‍കി. ദില്ലി യൂണിവേഴ്സ്റ്റി വിദ്യാര്‍ഥിനിയാണ് ദില്ലി കോടതിയില്‍ പരാതി നല്‍കിയത്. മാതാപിതാക്കളില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനം അനുഭവിക്കുന്നതായാണ് വിദ്യാര്‍ഥി ആരോപിക്കുന്നത്.
ചെറുപ്രായം മുതല്‍ താന്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കരുതിയിരുന്നത് എല്ലാ കുട്ടികളും ഇത്തരത്തില്‍ മാതാപിതാക്കളുടെ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നാണ്. എന്നാല്‍, മുതിര്‍ന്നതോടെ പീഡനം കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. കോളേജില്‍ എത്തുമ്പോഴെങ്കിലും ഇത് അവസാനിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് പെണ്‍കുട്ടി പറയുന്നു.
എന്നാല്‍, പുലര്‍ച്ചെ തന്റെ കിടക്കയിലേക്ക് വരുന്ന അമ്മ തന്നെ പുരുഷനോടെന്ന പോലെ പെരുമാറുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്യുന്നു. താന്‍ പലവട്ടം എതിര്‍ത്തിട്ടും ഇതാണ് സ്ഥിതി. പിതാവും ഇതിന് കൂട്ടുനില്‍ക്കുകയാണ്. ഇതേക്കുറിച്ച് രണ്ടുതവണ പോലീസില്‍ പരാതി നല്‍കിയിട്ടും വേണ്ടവിധം അന്വേഷിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് കോടതിയുടെ സഹായം തേടിയതെന്ന് പെണ്‍കുട്ടി പറഞ്ഞു.
കോളേജിലെ ഒരു പരിപാടിക്കും വിദ്യാര്‍ഥിനിയെ പങ്കെടുപ്പിക്കരുതെന്ന് മാതാപിതാക്കള്‍ താക്കീത് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ സുഹൃത്തുക്കളുമായി ഫോണില്‍ വിളിച്ച് അമ്മ ബഹളമുണ്ടാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു. വിദ്യാര്‍ഥിനി ഇപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസം. അതേസമയം, മകളുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് അമ്മയുടെ പ്രതികരണം. കൂടുതല്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.