ഐഐടി ലേഡീസ് ഹോസ്റ്റലില്‍ ശരീരം മുഴുവന്‍ മറയ്ക്കണമെന്ന് നോട്ടീസ്,പുറത്തുനിന്നുള്ളവര്‍ വരുന്നത് അതിനോ?

ഹൗസ് ഡേ നടക്കുന്ന ദിവസം ഹോസ്റ്റല്‍ അന്തേവാസികളായ വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തുനിന്നുള്ള അതിഥികളെ ഒരു മണിക്കൂറോളം ലേഡീസ് ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ അനുമതിയുണ്ട്.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: ലേഡീസ് ഹോസ്റ്റലില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് നോട്ടീസ്. ദില്ലി ഐഐടിയിലെ ഹിമാദ്രി ഹോസ്റ്റലിലാണ് വാര്‍ഡന്‍ നോട്ടീസ് പതിച്ചിരിക്കുന്നത്. ഹോസ്റ്റലില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയായ ഹൗസ് ഡേ നടക്കുന്ന ദിവസമാണ് ഇത്തരത്തില്‍ വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഐഐടി ലേഡീസ് ഹോസ്റ്റലില്‍ ഏപ്രില്‍ 20ന് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിലാണ് മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന മാന്യമായ ഇന്ത്യന്‍, പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഹൗസ് ഡേ നടക്കുന്ന ദിവസം ഹോസ്റ്റല്‍ അന്തേവാസികളായ വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തുനിന്നുള്ള അതിഥികളെ ഒരു മണിക്കൂറോളം ലേഡീസ് ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള നോട്ടീസ് നല്‍കിയതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ നിന്നും വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

ശരീരം മുഴുവന്‍ മറയ്ക്കണം...

ശരീരം മുഴുവന്‍ മറയ്ക്കുന്ന രീതിയില്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് ഐഐടി ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മുന്‍പും ഇത്തരത്തില്‍ പല നിര്‍ദേശങ്ങളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും, ഇത്തരത്തില്‍ നോട്ടീസ് പതിക്കുന്നത് ആദ്യമാണെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.

ഹോസ്റ്റല്‍ ഹൗസ് ഡേ...

ലേഡീസ് ഹോസ്റ്റലിലെ വാര്‍ഷികാഘോഷ പരിപാടിയായ ഹൗസ് ഡേ നടക്കുന്ന ഏപ്രില്‍ 20നാണ് ഇത്തരത്തില്‍ വസ്ത്രം ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആ ദിവസം പുറത്ത് നിന്നു വരുന്ന അതിഥികളും പെണ്‍കുട്ടികളും തമ്മില്‍ അരുതാത്തത് വല്ലതും നടക്കുമെന്ന് പറയുന്ന സദാചാര പോലീസുകാരായ ഐഐടി അധികൃതരാണ് ഈ നോട്ടീസിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം.

പുറത്തുനിന്നും അതിഥികള്‍...

ഹൗസ് ഡേ നടക്കുന്ന ദിവസം അന്തേവാസികളായ വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തുനിന്നുള്ളവരെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ വരുന്ന അതിഥികള്‍ക്ക് ഒരു മണിക്കൂര്‍ ഹോസ്്റ്റലില്‍ ചിലവഴിക്കുകയും ചെയ്യാം. എന്നാല്‍ ഐഐടി ഹോസ്റ്റല്‍ ഓഫീസില്‍ നിന്നും വിദ്യാര്‍ത്ഥിനികളുടെ പേരില്‍ നല്‍കുന്ന പ്രവേശന പാസുകള്‍ മുഖേന വളരെ കുറച്ച് പേര്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു.

പ്രതിഷേധം...

ദില്ലി ഐഐടിയിലെ വിദ്യാര്‍ത്ഥിനി നോട്ടീസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നത്. നോട്ടീസിനെതിരെ വിദ്യാര്‍ത്ഥിനികളും മഹിള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോസ്റ്റല്‍ അധികൃതര്‍ സദാചാര പോലീസ് ചമയുകയാണെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം.

ദില്ലിയില്‍ മുന്‍പും...

പെണ്‍കുട്ടികള്‍ വസ്ത്രധാരണത്തില്‍ മാന്യത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ ചില കോളേജുകളില്‍ ഇതിന് മുന്‍പും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദില്ലി സര്‍വകലാശാലയ്ക്ക് കീഴിലെ ഹിന്ദു കോളേജ് പെണ്‍കുട്ടികള്‍ക്ക് ലേഡീസ് ഹോസ്റ്റലില്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതിനെതിരെ അന്ന ശക്തമായ പ്രതിഷേധമാണുയര്‍ന്നിരുന്നത്.

English summary
IIT-Delhi girls directed to wear 'full covered, decent dresses' for event.
Please Wait while comments are loading...