കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ സ്‌കൂട്ടറിന് പകുതി വില; പ്രസവത്തിന് 18000 രൂപ, ഇത് അമ്മയുടെ ശിഷ്യന്‍ പഴനി വക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ശേഷം തിങ്കളാഴ്ച ഓഫിസിലെത്തിയ പളനിസ്വാമി ആദ്യം ഒപ്പിട്ട ഫയലുകളാണ് അദ്ദേഹവും അമ്മ ജയലളിതയുടെ വഴിയേ ആണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമാക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: തമിഴകത്തിന് അമ്മയെ നഷ്ടപ്പെട്ടാലും ആ അമ്മയുടെ വഴിയേ നടക്കുന്ന മകനെ ലഭിച്ചിരിക്കുന്നു! ഇങ്ങനെ തമിഴ്‌നാട്ടുകാരും പുറംലോകവും പറയുന്ന തരത്തിലാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ എടപ്പാടി പളനിസ്വാമിയുടെ നീക്കങ്ങള്‍.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ശേഷം തിങ്കളാഴ്ച ഓഫിസിലെത്തിയ പളനിസ്വാമി ആദ്യം ഒപ്പിട്ട ഫയലുകളാണ് അദ്ദേഹവും അമ്മ ജയലളിതയുടെ വഴിയേ ആണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമാക്കുന്നത്. നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുള്ള ഫയലുകളിലാണ് അദ്ദേഹം ഒപ്പിട്ടത്.

അഞ്ച് പദ്ധതികള്‍

അഞ്ച് പദ്ധതികളിലാണ് പളനിസ്വാമി ഒപ്പുവച്ചത്. സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കുന്നവയാണ് ഇതില്‍ പ്രധാനം. ജോലിക്ക് പോവുന്ന സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ പകുതി വില കൊടുത്താല്‍ മതി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

പ്രതിസന്ധി മറികടക്കാന്‍ ശ്രമം

സ്ത്രീകളുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്ന് പളനിസ്വാമിയുമായി അടുപ്പമുള്ള അണ്ണാ ഡിഎംകെ വൃത്തങ്ങള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ പ്രഖ്യാപനങ്ങള്‍ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയ തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാനാണെന്ന റിപോര്‍ട്ടുകളുമുണ്ട്.

സ്‌കൂട്ടര്‍ പദ്ധതിക്ക് മാറ്റിവയ്ക്കുന്നത് 200 കോടി

സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ 50 ശതമാനം വില കുറച്ച് നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ 200 കോടിയാണ് മാറ്റിവയ്ക്കുന്നത്. ആറ് ലക്ഷം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുന്ന പ്രസവാനുകൂല്യവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 12000 രൂപ 18000 രൂപയാക്കി

ദാരിദ്രരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യമായി ഇതുവരെ നല്‍കിയിരുന്നത് 12000 രൂപയാണ്. അതിപ്പോള്‍ 18000 രൂപയാക്കി. സര്‍ക്കാരിന് 360 കോടി രൂപയുടെ അധിക ബാധ്യത വരുന്ന പദ്ധതിയാണിത്.

ജയലളിതയെ മറികടക്കും!!

ജയലളിത പ്രഖ്യാപിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് പളനിസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ പോയാല്‍ അദ്ദേഹം ആനുകൂല്യത്തിന്റെ കാര്യത്തില്‍ ജയലളിതയെ മറികടക്കുമെന്നാണ് റിപോര്‍ട്ടുകള്‍. നിലവില്‍ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ഡിഎംകെയും ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കലും പളനിസ്വാമിയുടെ ലക്ഷ്യമാണ്.

 500 മദ്യശാലകള്‍ പൂട്ടും

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മദ്യവില്‍പ്പന സ്ഥാപനമായ ടാസ്മാകിന്റെ 500 ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വില്‍ക്കുന്ന കേന്ദ്രങ്ങളാണ് പൂട്ടുക. ഇതും സ്ത്രീകളെ കൈയിലെടുക്കാന്‍ സഹായിക്കും.

ജയലളിതയുടെ സ്വപ്നം

ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുമെന്നായിരുന്നു പാര്‍ട്ടി മുന്‍ അധ്യക്ഷ ജയലളിതയുടെ പ്രഖ്യാപനം. ഇത് പാലിക്കുന്നതിന്റെ ഭാഗമായാണ് പളനിസ്വാമിയുടെ നീക്കങ്ങളെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു. അമ്മയുടെ ഓരോ പ്രഖ്യാപനങ്ങളും നടപ്പാക്കുമെന്നും പളനിസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

യുവാക്കള്‍ക്ക് പ്രതിമാസം നിശ്ചിത സംഖ്യ

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 55228 യുവാക്കള്‍ക്ക് പ്രതിമാസം സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കുന്നതിന് 85 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. എന്നാല്‍ പളനിസ്വാമി നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയത് നിയമവിരുദ്ധമായിട്ടാണെന്ന് കാണിച്ച് ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

ഡിഎംകെ എല്ലാം തകിടംമറിക്കുമോ?

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ തമിഴ്നാട് നിയസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് ചോദ്യം ചെയ്താണ് ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡിഎംകെയുടെ അംഗങ്ങളെ സഭയില്‍ നിന്നു പുറത്താക്കിയ ശേഷമായിരുന്നു വോട്ടെടുപ്പ്. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രതിനിധികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.

 ഡിഎംകെ അംഗങ്ങളെ പുറത്താക്കിയത് ശരിയോ?

122 വോട്ടുകള്‍ നേടിയാണ് എടപ്പാടി പളനിസ്വാമി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. സഭയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെയുടെ 88 അംഗങ്ങളെ സ്പീക്കര്‍ പി ധനപാല്‍ പുറത്താക്കിയിരുന്നു. പ്രതിപക്ഷം പങ്കെടുക്കാത്ത വോട്ടെടുപ്പ് റദ്ദാക്കണമെന്ന് ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിശ്വാസവോട്ടെടുപ്പ് പ്രമേയം സഭയില്‍ രണ്ടുതവണ അവതരിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ഡിഎംകെ നേതാക്കള്‍ ആരോപിക്കുന്നു.

ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതി മാറ്റിവച്ചു. സംഘര്‍ഷത്തിനിടെ ഡിഎംകെ അംഗം സ്പീക്കറുടെ കസേരയില്‍ കയറി ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യമെല്ലാം ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ കോടതിയില്‍ ഡിഎംകെ ഹര്‍ജിയെ എതിര്‍ക്കുമെന്നാണ് വിവരം.

 ഗവര്‍ണര്‍ റിപോര്‍ട്ട് തേടി

വിശ്വാസവോട്ടെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു റിപോര്‍ട്ട് തേടിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയോടാണ് ഗവര്‍ണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും ഒ പനീര്‍ശെല്‍വവും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപ്പെട്ടത്. സഭയില്‍ പോലീസിനെ വിന്യസിച്ച് യുദ്ധസമാന സാഹചര്യമുണ്ടാക്കി, വിശ്വാസ വോട്ടെടുപ്പ് രഹസ്യബാലറ്റ് വഴി വേണമെന്ന പ്രതിപക്ഷത്തിന്റെ ഒന്നടങ്കമായ ആവശ്യം പരിഗണിച്ചില്ല, തന്റെ വാഹനം തടഞ്ഞുനിര്‍ത്തി അനാവശ്യമായി പരിശോധന നടത്തി തുടങ്ങിയ കാര്യങ്ങളാണ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്റ്റാലിന്‍ ഉന്നയിച്ച ആരോപണങ്ങള്‍.

English summary
Assuming the Tamil Nadu Chief Minister post formally, Edapadi K Palanisamy signed five schemes on Monday that included subsidised scooters for working women and increased maternity benefits for poor women. The new Tamil Nadu CM first signed the file that granted a subsidy of 50 percent to working women to buy scooters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X