ലോകവിപണിയില്‍ വില കുറഞ്ഞപ്പോള്‍ മോദി പെട്രോള്‍ വില കൂട്ടി!
ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞുകൊണ്ടിരിയ്ക്കുമ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില കൂട്ടി. അല്‍പം ആശ്വാസം പകരാന്‍ ഡീസല്‍ വില കുറച്ചിട്ടും ഉണ്ട്.
പെട്രോളിന് 64 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലിറ്ററിന് 1.35 രൂപ കുറച്ചിട്ടും ഉണ്ട്. പുതുക്കിയ വില ജൂണ്‍ 16 ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വില കൂടുകയും ഡീസല്‍വില കുറയുകയും ചെയ്തിട്ടുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. എന്നാല്‍ ഇത്രനാളും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവില കണക്കാക്കിയാണ് രാജ്യത്തെ ചില്ലറ വില്‍പനവില നിശ്ചയിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയയില്‍ കഴിഞ്ഞ ആഴ്ച ഇടിവ് സംഭവിയ്ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ പെട്രോള്‍ പമ്പ് ഉടമകളും ലോറി ഉടമകളും ദേശീയ തലത്തില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ജൂണ്‍ 23 ന് അര്‍ദ്ധരാത്രി മുതലാണ് സമരം. ഡീസല്‍ വില കുറച്ചെങ്കിലും സമരത്തില്‍ നിന്ന് പിറകോട്ട് പോകാന്‍ ലോറി ഉടമകളും പെട്രോള്‍ പമ്പ് ഉടമകളും തയ്യാറല്ല. ഡീസല്‍, പെട്രോള്‍ വിലയില്‍ നിന്ന് വാറ്റ് ഒഴിവാക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം.
ഒരു മാസത്തിനിടെ വീണ്ടും പെട്രോള്‍ വിലയില്‍ വര്‍ദ്ധന ഉണ്ടായിരിയ്ക്കുകയാണ്. മെയ് 15 നാണ് പെട്രോളിനും ഡീസലിനും വലിയ തോതില്‍ വില വര്‍ദ്ധിപ്പിച്ചത്. പെട്രോളിന് 3.13 രൂപയും ഡീസലിന് 2.71 രൂപയും ആണ് കഴിഞ്ഞ തവണ കൂട്ടിയത്.