കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വര്‍ഗീയത തിളച്ചുമറയുന്നു; വന്ദേമാതരം നിര്‍ബന്ധമാക്കി മേയര്‍, പറ്റില്ലെന്ന് മുസ്ലീംകള്‍

80 അംഗ നഗരസഭാ കൗണ്‍സിലില്‍ 45 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 25 മുസ്ലിം അംഗങ്ങളുമുണ്ട് കൗണ്‍സിലില്‍.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ലക്‌നൗ: ബിജെപി അധികാരത്തിലെത്തിയതോടെ ഉത്തര്‍ പ്രദേശില്‍ വര്‍ഗീയത ആളിക്കത്തുന്നു. ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ബിജെപിക്ക് സ്വാധീനമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും മുസ്ലിം വിരുദ്ധ നടപടികളാണുണ്ടാവുന്നത്. മീററ്റ് നഗരസഭയില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി മേയര്‍ പ്രഖ്യാപനം നടത്തിയെന്നാണ് ഒടുവിലെ വാര്‍ത്ത.

നഗരസഭാ യോഗങ്ങളില്‍ അംഗങ്ങള്‍ നിര്‍ബന്ധമായും വന്ദേമാതരം ആലപിക്കണമെന്നും അല്ലാത്തവരെ യോഗ ഹാളിലേക്ക് കയറ്റില്ലെന്നുമാണ് മേയര്‍ ഹരികാന്ത് അലുവാലിയ പറഞ്ഞത്. ഇതിനെതിരേ മുസ്ലിം അംഗങ്ങള്‍ രംഗത്തുവന്നു. എന്നാല്‍ ബിജെപി അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സുപ്രീംകോടതി ഉത്തരവ്

വന്ദേമാതരം നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്ന് മുസ്ലിം അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ചൊല്ലുന്നവര്‍ മാത്രം നഗരസഭാ ഹാളില്‍ കയറിയാല്‍ മതിയെന്നായി ബിജെപി അംഗങ്ങള്‍. ഒടുവില്‍ മേയര്‍ വന്ദേമാതരം നിര്‍ബന്ധമാക്കി പ്രമേയം പാസാക്കി.

ഉത്തര്‍ പ്രദേശിലെ മാറ്റങ്ങള്‍

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന മീററ്റ് നഗരസഭയുടെ ആദ്യ യോഗത്തിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. നേരത്തെ എല്ലാ മുസ്ലിംകളും നാട് വിടണമെന്ന് ആവശ്യയപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റൊരിടത്ത് ബാങ്ക് വിളി ഒഴിവാക്കണമെന്ന് ലഘുലേഖ കണ്ടിരുന്നു. പള്ളിക്ക് മുകളില്‍ ബിജെപി കൊടി നാട്ടാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

 നഗരസഭയിലെ പ്രശ്‌നം

നഗരസഭയില്‍ ഏറെ കാലമായി വന്ദേമാതരം ചൊല്ലുന്നുണ്ട്. താല്‍പര്യമില്ലാത്തവര്‍ ഈ സമയം പുറത്തുപോവുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം മുസ്ലിം അംഗങ്ങള്‍ പുറത്തുപോവുമ്പോള്‍ ബിജെപി അംഗങ്ങള്‍ ഒച്ചവച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണം

യോഗം ആരംഭിച്ച ഉടനെ അംഗങ്ങള്‍ എഴുന്നേറ്റ് നിന്നു വന്ദേമാതരം ചൊല്ലാന്‍ തുടങ്ങി. ഈ സമയം മുസ്ലിം കൗണ്‍സിലര്‍മാര്‍ ഹാളിന് പുറത്തേക്ക് നീങ്ങാന്‍ എഴുന്നേറ്റു. എന്നാല്‍ ഒച്ച വച്ച ബിജെപി അംഗങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

നിര്‍ബന്ധമായി ചൊല്ലണമെന്ന് പ്രമേയം

വാഗ്വാദം ശക്തമായതിനെ തുടര്‍ന്ന് മേയര്‍ അലുവാലിയ ഇടപ്പെട്ടു. വന്ദേമാതരം നിര്‍ബന്ധമായി ചൊല്ലണമെന്ന് അദ്ദേഹം പ്രമേയം അവതരിപ്പിച്ചു. ശബ്ദ വോട്ടോടെ പ്രമേയം പാസായി. എന്നാല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ പ്രമേയം നടപ്പാക്കാന്‍ സാധിക്കൂ.

മേയര്‍ ചോദിക്കുന്നത്

നഗരസഭയ്ക്ക് മുസ്ലിം മേയര്‍ ആയിരുന്ന കാലത്തും വന്ദേമാതരം ആലപിച്ചിട്ടുണ്ടെന്ന് അലുവാലിയ പറയുന്നു. പിന്നെ എന്താണ് ഇപ്പോള്‍ മുസ്ലിം അംഗങ്ങള്‍ക്ക് ആലപിച്ചാലെന്നും അദ്ദേഹം ചോദിച്ചു.

മുസ്ലിം അംഗങ്ങള്‍ പറയുന്നത്

80 അംഗ നഗരസഭാ കൗണ്‍സിലില്‍ 45 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 25 മുസ്ലിം അംഗങ്ങളുമുണ്ട് കൗണ്‍സിലില്‍. തങ്ങള്‍ ആരും ചൊല്ലരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ ആലപിക്കുമ്പോള്‍ സമാധാനപരമായി പുറത്തേക്ക് പോകുകയായിരുന്നുവെന്നും മുസ്ലിം കൗണ്‍സിലറായ ദിവാന്‍ ശരീഫ് പറയുന്നു. തങ്ങളുടെ പൂര്‍വികരും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരാണെന്നും ശരീഫ് പറഞ്ഞു.

 രാമക്ഷേത്രം നിര്‍മിക്കും

അയോധ്യയിലെ വിവാദ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കഴിഞ്ഞദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനായി താന്‍ മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞത്. വിഷയത്തില്‍ സുപ്രീംകോടതി മധ്യസ്ഥ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരിച്ചത്.

ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കും

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ താന്‍ മുന്‍കൈയെടുക്കും. ഇതിനായി സമവായമുണ്ടാക്കും. ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് സമാധാന പൂര്‍വമായ തീരുമാനമെടുക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ അതിനായി മുന്നിട്ടിറങ്ങും. അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ സ്വാഗതം ചെയ്യുന്നുവെന്നും യോഗി പറഞ്ഞു.

സുപ്രീംകോടതി പറഞ്ഞത്

അയോധ്യ വിഷയം വൈകാരികത നിറഞ്ഞതാണെന്നും കോടതിക്ക് പുറത്തുവച്ച് അക്കാര്യത്തില്‍ ശാശ്വതമായ തീരുമാനമെടുക്കണമെന്നും കഴിഞ്ഞാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നു. ഒരു മധ്യസ്ഥനെ നിയോഗിച്ച ശേഷം കേസില്‍ ഉള്‍പ്പെട്ട എല്ലാ വിഭാഗവും ചര്‍ച്ച നടത്തി പരിഹാരം കാണണമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

കോടതിക്ക് പുറത്ത് പറ്റില്ലെന്ന് വഖഫ് ബോര്‍ഡ്

എന്നാല്‍ കേസില്‍ കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ വിഷയമാണിത്. അത് ചര്‍ച്ച ചെയ്തല്ല പരിഹരിക്കേണ്ടത്. ബാബറി മസ്ജിദിന്റെ ചരിത്രവും നിയമപരമായ ഭൂമി രേഖകളും പരിശോധിച്ച് സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിക്കണമെന്ന് വഖഫ് ബോര്‍ഡ് പ്രതിനിധി സഫര്‍യാബ് ജിലാനി പറഞ്ഞു.

മുസ്ലിംകള്‍ നാടുവിടണം, ബാങ്ക് വിളിക്കരുത്

ബിജെപി അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശില്‍ മുസ്ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷ നടപടികളാണുണ്ടാവുന്നത്. മുസ്ലിംകള്‍ സംസ്ഥാനം വിടണമെന്ന് അടുത്തിടെ യുപിയിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നാണ് കഴിഞ്ഞദിവസമുണ്ടായ ഭീഷണി. ബറേലിയില്‍ പള്ളികളില്‍ ബാങ്ക് വിളിക്കരുതെന്ന് ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏതെങ്കിലും ഒരു സംഘടനയുടെ പേരില്‍ അല്ല ലഘുലേഖ. എല്ലാ ഹിന്ദുക്കളും എന്നാണ് അതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
In a first, Meerut mayor Harikant Ahluwalia has declared that every Nagar Nigam board member will have to sing Vande Mataram, the national song, or he will not be allowed to enter the board meeting room or participate in its proceedings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X