യുവാവ് മറ്റൊരാളുടെ മേല്‍ മൂത്രമൊഴിച്ചു, വിമാനത്തില്‍ കൂട്ടത്തല്ല്!
അല്‍ജിയേഴ്‌സ്: അല്‍ജിയേഴ്‌സില്‍ നിന്നും പാരിസിലേക്ക് യാത്ര പുറപ്പെട്ട എയര്‍ മെഡിറ്ററേനി വിമാനത്തില്‍ കൂട്ടത്തല്ല്. എന്താ സംഭവം എന്നു കേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും. ഒരു യാത്രക്കാരന്‍ മറ്റൊരു യാത്രക്കാരന്റെ മേല്‍ മൂത്രമൊഴിച്ചു. വിമാനം പറക്കുന്നതിനിടയാണ് സംഭവം അരങ്ങേറുന്നത്.
യാത്രക്കാര്‍ തമ്മിലുണ്ടായ കൂട്ടത്തല്ല് കാരണം വിമാനം വഴിതിരിച്ചു വിടേണ്ടി വരെ വന്നു. സംഭവത്തെ തുടര്‍ന്ന് എയര്‍ മെഡിറ്ററേനി വിമാനം ലിയോണിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഷര്‍ട്ട് ധരിക്കാതെ വളരെ വൃത്തികെട്ട വേഷത്തില്‍ വന്നു കയറിയ യുവാവാണ് ഈ പണി കാണിച്ചത്. വിമാനത്തില്‍വെച്ച് മദ്യപിക്കാനും പുകവലിക്കാനും കഴിയാതെ വന്നപ്പോള്‍ ഇയാള്‍ കാരണമില്ലാത്ത കാര്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുകയായിരുന്നു.
അനാവശ്യ കാര്യത്തിന് മറ്റ് യാത്രക്കാരുമായും എയര്‍ഹോസ്റ്റസ്മാരോടും വഴക്കിട്ട ഇയാള്‍ മറ്റൊരു യാത്രക്കാരനുമേല്‍ മൂത്രമൊഴിക്കുകയായിരുന്നു. സംഭവം വഷളായപ്പോള്‍ വിമാനത്തിലെ ജീവനക്കാര്‍ വന്ന് ഇയാളെ പിടിച്ച് കെട്ടുകയായിരുന്നു.
മറ്റു യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വിമാനം താഴെയിറക്കേണ്ടി വന്നത്. ലിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി ഇയാളെ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ വൈകിയാണ് വിമാനം പാരിസിലേക്ക് പറന്നത്.