കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടനങ്ങള്‍ക്കിടെ ട്രംപ് സൗദിയില്‍; എരിതീയില്‍ എണ്ണയൊഴിച്ച് 11000 കോടിയുടെ ആയുധ കരാര്‍

20000 കോടി ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കാമെന്ന് സൗദി അറേബ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ 30000 കോടി ഡോളറിന്റെ ആയുധം അമേരിക്കയില്‍ നിന്നു സൗദി വാങ്ങുകയും ചെയ്യും.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ നിന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ വിദേശ പര്യടനം തുടങ്ങിയത്. ശനിയാഴ്ച റിയാദിലെത്തിയ ട്രംപിന് ഉജ്വല സ്വീകരണമാണ് സല്‍മാന്‍ രാജാവും സൗദിയുടെ മറ്റു പ്രമുഖരും ചേര്‍ന്ന് നല്‍കിയത്. നിരവധി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയ ട്രംപ് സൗദിയുമായി 11000 കോടി ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവച്ചു.

സൗദിയില്‍ ട്രംപ് എത്തുന്നതിന് മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനവും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തീഫില്‍ നടന്ന ആക്രമണത്തില്‍ ഒരു സൈനികനും സൗദിക്ക് നഷ്ടമായി. ഈ ആശങ്കകള്‍ക്കിടെയാണ് ട്രംപിന്റെ സന്ദര്‍ശനം. ലോക മുസ്ലിം നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ട്രംപ് പ്രധാനമായും ഉന്നയിക്കുന്ന വിഷയം ഭീകരവാദം ആയിരിക്കും.

ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷ അതി പ്രധാനമാണെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ആയുധ കരാറിന്റെ നടപടികളിലേക്ക് കടന്നത്. ഒബാമ ഭരണകൂടം പിടിച്ചുവച്ച ആയുധങ്ങള്‍ കൂടി സൗദിക്ക് കൊടുക്കാന്‍ ട്രംപ് തീരുമാനിച്ചിട്ടുണ്ട്.

ഒബാമ ആയുധങ്ങള്‍ നല്‍കിയില്ല

യമനില്‍ സൗദി സൈന്യം ഇടപെട്ട പശ്ചാത്തലത്തിലാണ് ഒബാമ ഭരണകൂടം സൗദിക്ക് അത്യാധുനിക ആയുധങ്ങള്‍ കൈമാറുന്നത് താല്‍ക്കാലികമായി തടഞ്ഞത്. എന്നാല്‍ എല്ലാ തടസങ്ങളും നീക്കിയാണ് ട്രംപിന്റെ സൗദി സന്ദര്‍ശനം. മിസൈല്‍ വേധ സംവിധാനം വരെ ഇനി സൗദിക്ക് കൈമാറുമെന്ന് അമേരിക്ക അറിയിച്ചു.

35000 കോടി ഡോളറിന്റെ കരാറുകള്‍

അമേരിക്കയും സൗദിയും 35000 കോടി ഡോളറിന്റെ കരാറുകളാണ് ട്രംപിന്റെ ആദ്യ ദിവസത്തില്‍ തന്നെ ഒപ്പുവച്ചത്. ഇതില്‍ 11000 കോടി ഡോളര്‍ ആയുധ കരാറാണ്. 10 വര്‍ഷത്തിനിടെ 30000 കോടി ഡോളറിന്റെ ആയുധങ്ങള്‍ അമേരിക്കയില്‍ നിന്നു വാങ്ങാമെന്നും സൗദി ഉറപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ കരാര്‍ ഉറപ്പിക്കുന്നത്. 20000 കോടി ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കാമെന്ന് സൗദി അറേബ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്.

നാട്ടില്‍ അശാന്തി, വിദേശത്ത് പുഞ്ചിരി

എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയ പുറത്തിക്കിയതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വിവാദം കത്തി നില്‍ക്കുമ്പോഴാണ് ട്രംപ് സൗദിയിലേക്ക് എത്തിയിരിക്കുന്നത്. രഹസ്യവിവരങ്ങള്‍ റഷ്യയ്ക്ക് കൈമാറിയെന്നും ട്രംപിനെതിരേ ആരോപണമുണ്ട്. ട്രംപിനെതിരേ കുറ്റവിചാരണ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇനി സന്ദര്‍ശിക്കുന്നത്

ഇസ്രായേല്‍, ഫലസ്തീന്‍, ബ്രസല്‍സ്, വത്തിക്കാന്‍, സിസിലി തുടങ്ങി സ്ഥലങ്ങളും സൗദി സന്ദര്‍ശിക്കും. സൗദിയില്‍ നിന്ന് നേരെ ഇസ്രായേലിലേക്കാണ് പോവുക. പിന്നീട് വത്തിക്കാനിലെത്തും. മുസ്ലിം, ക്രൈസ്തവ, ജൂത മത നേതാക്കളെ ഒറ്റ സന്ദര്‍ശനത്തിനിടെ ട്രംപ് കാണുന്നുവെന്ന പ്രത്യേകതയും ഈ യാത്രയക്കുണ്ട്.

ഇറാനാണ് മുഖ്യ ലക്ഷ്യം

ഇറാനെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് സൗദിക്ക് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നതെന്ന് അമേരിക്ക വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. സൗദിയുടെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും സുരക്ഷയ്ക്ക് അമേരിക്ക കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇറാനിലെ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചില്ല.

ഇറാനും സൗദി അറേബ്യയും

ഇത്രയധികം കോടികളുടെ ഇടപാട് അമേരിക്കയെ കൂടെ നിര്‍ത്താനുള്ള സൗദിയുടെ തന്ത്രമാണെന്നാണ് ആക്ഷേപം. ഇറാനും സൗദി അറേബ്യയും കനത്ത ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നുണ്ട്. ഇറാനെ ആക്രമിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞാഴ്ച ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇറാന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

മതനേതാക്കളുമായി ചര്‍ച്ച

ഇസ്രായേലില്‍ നിന്നു ഇറ്റലിയിലെത്തുന്ന ട്രംപ് ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കും. തുടര്‍ന്ന് ബ്രസല്‍സിലെത്തുന്ന അദ്ദേഹം നാറ്റോ സേനാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. സൗദിയില്‍ മുസ്ലിം നേതാക്കളുമായും വത്തിക്കാനില്‍ ക്രൈസ്തവ നേതാക്കളുമായും ഇസ്രായേലില്‍ ജൂത നേതാക്കളുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുവെന്നതാണ് ഈ യാത്രയുടെ പ്രത്യേകത.

നിരവധി തൊഴിലവസരങ്ങള്‍

അമേരിക്കയില്‍ 20000 കോടി ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് സൗദി അറേബ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കും. അമേരിക്കയില്‍ നിക്ഷേപിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സൗദി വൃത്തങ്ങള്‍ അറിയിച്ചതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്‍കിട ബിസിനസുകള്‍ ആരംഭിക്കാന്‍ അമേരിക്കന്‍ നിയമം എളുപ്പവഴികള്‍ ഒരുക്കുന്നതാണ് സൗദിയെ ആകര്‍ഷിച്ചതത്രെ.

 ഇറാനെതിരായ നീക്കം

ഇറാനെതിരായ നീക്കം ശക്തമാക്കാനാണ് സൗദിയുടെ തീരുമാനം. സിറിയയിലും യമനിലും ബഹ്റൈനിലും ഇറാന്‍ ഇടപെടുന്നുവെന്നും പ്രശ്നമുണ്ടാക്കുന്നുവെന്നുമാണ് സൗദിയുടെ ആരോപണം. ഈ പ്രദേശങ്ങളിലെല്ലാം ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്.

English summary
The US says it has signed deals worth more than $350bn (£270bn) with Saudi Arabia as Donald Trump begins his first foreign trip as president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X