കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനി ഒരു പമ്പര വിഡ്ഢിയാണ്... ഇങ്ങനെ തോന്നിയില്ലെങ്കില്‍ നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി എന്ന പ്രധാന പ്രതി അറസ്റ്റിലാകുന്നതോടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടും എന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍. സുനി അറസ്റ്റിലായിട്ട് ഇപ്പോള്‍ ദിവസം മൂന്ന് കഴിഞ്ഞിരിക്കുന്നു. നിര്‍ണായകമെന്ന് കരുതുന്ന ഒരു വിവരവും 'മാധ്യമങ്ങള്‍' വഴി ഇതുവരെ പുറത്ത് വന്നില്ല.

എന്നാല്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒട്ടേറെ വാര്‍ത്തകള്‍ പുറത്ത് വരുന്നും ഉണ്ട്. സംഭവത്തിന് പിന്നില്‍ മറ്റാരും ഇല്ലെന്ന് സുനി പറയുന്നു, അങ്ങനെ അല്ലെന്ന് മറ്റ് ചിലര്‍ പറയുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയുന്ന മൊബൈല്‍ ഫോണിനെ സംബന്ധിച്ചാണെങ്കില്‍ പ്രചരിക്കുന്ന കഥകള്‍ അത്രത്തോളം അസംബന്ധങ്ങള്‍ തന്നെയെന്നും പറയേണ്ടിവരും.

പുറത്ത് വരുന്ന വാര്‍ത്തകള്‍ കേട്ടാല്‍ ആര്‍ക്കായാലും സംശയം തോന്നും... ഇത്രയ്ക്ക് പമ്പര വിഡ്ഢിയാണോ പള്‍സര്‍ സുനി എന്ന കൊടും ക്രിമിനല്‍?

പിന്നില്‍ ആരും ഇല്ല

തനിക്ക് പിന്നില്‍ ആരും ഇല്ല. മാസങ്ങളായി താനും മാര്‍ട്ടിനും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ഈ ആക്രമണം എന്ന് സുനി മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല, എല്ലാം സുനി ആസൂത്രണം ചെയ്തതാണ് എന്ന മാര്‍ട്ടിന്റെ മൊഴിയ്ക്ക് അപ്പോള്‍ എന്ത് സംഭവിച്ചു?

എളുപ്പത്തില്‍ കടന്നുകളയാമെന്ന് വിചാരിച്ചോ?

ആക്രമിച്ചാലും നടി ഒന്നും പുറത്ത് പറയില്ലെന്നാണത്രെ സുനിയും സംഘവും വിചാരിച്ചത്. പക്ഷേ ധീരയായ ആ പെണ്‍കുട്ടി പരാതിയുമായി രംഗത്ത് വരികയും ശക്തമായ നിലപാടെടുക്കുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് സുനി കൊച്ചി വിട്ടത് എന്നാണല്ലോ പറയുന്നത്.

പോലീസിന്റെ വലപൊട്ടിച്ച് അഭിഭാഷകനെ കണ്ടു

സംഭവം വിവാദമായതിന്റെ അടുത്ത ദിവസം സുനി അഭിഭാഷകനെ കണ്ടു എന്നൊക്കെ പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും എന്നതാണ് ചോദ്യം. സംഭവം നടന്ന ദിവസം രാത്രി തന്നെ സുനി തന്നെ വന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു എന്നായിരുന്നല്ലോ അഭിഭാഷകന്‍ ആദ്യം പറഞ്ഞത്. പിന്നീടദ്ദേഹം അത് തിരുത്തുകയും ചെയ്തു എന്ന കാര്യവും മറക്കാനാവില്ല.

വന്ന് കണ്ട് മടങ്ങാന്‍ എളുപ്പമാണോ

നഗരം മുഴുവന്‍ പോലീസ് വലയും വിരിച്ച് കാത്തിരിക്കുമ്പോള്‍ അഭിഭാഷകനെ കണ്ട് വക്കാലത്തും ഒപ്പിട്ട് സുനിയും സംഘവും മടങ്ങിയെന്ന് സുനി പറഞ്ഞാല്‍ പോലും അതിന് വിശ്വാസ്യതയില്ല. പിടിയിലാകാനുള്ള എല്ലാ സാധ്യതകളും ഉള്ളപ്പോള്‍ ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ മാത്രം മണ്ടനാകുമോ സുനി?

മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും

തന്റെ മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും ഒക്കെ എടുത്താണ് സുനി അഭിഭാഷകന്റെ അടുത്ത് എത്തിയത് എന്നാണ് പറയുന്നത്. ചെയ്ത കുറ്റത്തെ കുറിച്ച് നല്ലധാരണയുള്ള സുനി സ്വയം ഇങ്ങനെ ഒന്ന് ചെയ്യുമെന്ന് എത്രപേര്‍ക്ക് വിശ്വസിക്കാന്‍ പറ്റും?

ആ ഫോണില്‍ എല്ലാം ഉണ്ടെന്ന്

അഭിഭാഷകന് കൈമാറിയ ഫോണിലാണ് പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്നായിരുന്നു മറ്റൊരു വാര്‍ത്ത. കോടതിയില്‍ ഹാജരാക്കാനാണോ അതോ സൂക്ഷിക്കാനാണോ അഭിഭാഷകന്റെ കൈയ്യില്‍ ഫോണും പാസ്‌പോര്‍ട്ടും ഏല്‍പിച്ചത് എന്ന ചോദ്യവും സ്വാഭാവികം.

അഭിഭാഷകന്‍ പറ്റിച്ചെന്ന്

എന്നാല്‍ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ അഭിഭാഷകന്‍ പാസ്‌പോര്‍ട്ടിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. അതും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍. ഇക്കാര്യം സുനി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലത്രെ.

അത്രയ്ക്ക് വിഡ്ഢിയാണോ അഭിഭാഷകന്‍

ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കേസിലെ നിര്‍ണായകമായ തെളിവാണ്. അത് ഹാജരാക്കിക്കഴിഞ്ഞാല്‍ തന്റെ കക്ഷിയ്ക്ക് രക്ഷപ്പെടാന്‍ പറ്റില്ലെന്ന് അഭിഭാഷകനും നന്നായി അറിയാം. അപ്പോള്‍ പിന്നെ അറിഞ്ഞുകൊണ്ട് ആ ഫോണ്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയുമോ?

ഏത് ക്രിമിനലും

ലോകത്ത് ഏതെങ്കിലും ക്രിമിനല്‍ പിടിക്കപ്പെട്ട ഉടന്‍ തന്നെ കുറ്റം സമ്മതിച്ചതായി കണ്ടിട്ടുണ്ടോ(ചില കേസുകളുണ്ടെന്നത് സത്യം തന്നെ). അപ്പോള്‍ പിന്നെ സുനി കുറ്റമെല്ലാം സ്വയം ഏറ്റെടുത്ത് നല്ല പിള്ള ചമയാനുള്ള സാധ്യത എത്രത്തോളമാണെന്ന് കൂടി ഓര്‍ക്കേണ്ടേ...

നിറംപിടിപ്പിച്ച കഥകള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തായാലും പ്രചരിച്ചുകൊണ്ടിരിക്കുന്നത് നിറംപിടിപ്പിച്ച കഥകളാണെന്ന് ഉറപ്പാണ്. പക്ഷേ മാധ്യമങ്ങള്‍ക്ക് അതിന്റെ പിറകേ പോകാതിരിക്കാന്‍ പോലും പറ്റാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഒരുപക്ഷേ ജനങ്ങളില്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നതും ഇതൊക്കെ തന്നെയാണ്.

English summary
Attack against Actress: How media reports make conflicts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X