കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നചിത്രത്തിന് തന്റെ തലവച്ച് ഫോട്ടോഷോപ്പ് നടത്തിയ സംഘികൾക്ക് ദീപ നിശാന്തിന്റെ കിടിലൻ മറുപടി!!

തനിക്കെതിരായ സംഘികളുടെ സൈബർ ആക്രമണത്തിന് ഫേസ്ബുക്ക് പോസ്റ്റിൽ ചുട്ട മറുപടി നൽകിയിരിക്കുകയാണ് ദീപ. ഇതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും ദീപ നിശാന്ത് പോസ്റ്റിൽ വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന് നേരെ സംഘപരിവാറിന്റെ സൈബർ ആക്രമണം. നഗ്നചിത്രത്തിൽ ദീപയുടെ തല വച്ച് ഫോട്ടോഷോപ്പ് നടത്തിയ മോശം ചിത്രങ്ങളുൾപ്പെടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ദീപയ്ക്കു നേരെ സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്. തനിക്കെതിരായ സംഘികളുടെ സൈബർ ആക്രമണത്തിന് ഫേസ്ബുക്ക് പോസ്റ്റിൽ ചുട്ട മറുപടി നൽകിയിരിക്കുകയാണ് ദീപ.

ഇതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും ദീപ നിശാന്ത് പോസ്റ്റിൽ വ്യക്തമാക്കുന്നു. തൃശൂര്‍ കേരള വര്‍മ കോളേജില്‍ എംഎഫ് ഹുസൈന്റെ 'സരസ്വതി'യുടെ പകര്‍പ്പ് എസ്എഫ്‌ഐയുടെ ചില ബാനറുകളില്‍ പുനരാവിഷ്‌കരിച്ചതിനെ പിന്തുണച്ചതിനെതിരെയാണ് സംഘപരിവാര്‍ അനുകൂലികള്‍ ദീപയ്‌ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്.

.അപകീർത്തികരമായ ചിത്രങ്ങൾക്കൊപ്പം

.അപകീർത്തികരമായ ചിത്രങ്ങൾക്കൊപ്പം

ദീപയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മറ്റേതോ നഗ്ന ചിത്രത്തിൽ ദീപ നിശാന്തിൻറെ തലവച്ച് ഫോട്ടോഷോപ്പ് നടത്തിയ ചിത്രങ്ങളും പ്രചരിപ്പിച്ചും അസഭ്യം പറഞ്ഞുമാണ് സംഘികളുടെ പ്രതികരണം. കാവിപ്പട എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അപകീർത്തികരമായ പ്രതികരണങ്ങൾ വന്നിരിക്കുന്നത്. ഇത് ഞാൻ വിശ്വസിക്കുന്ന എന്റെ ദേവി. ഈ ദേവിക്ക് എന്റെ ദീപ ടീച്ചറിന്റെ മുഖഛായയാണ്. എന്റെ ടീച്ചറിനെ ഞാൻ ദേവിയെ പോലെയാ കാണുന്നത്. സരസ്വതി ദേവി. ഇത് എന്റെ ആവിഷ്കാര സ്വാതന്ത്ര്യം. എന്ന് എഴുതിയ പോസ്റ്റിന് താഴെയായി ദീപയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കിടിലൻ മറുപടി

കിടിലൻ മറുപടി

അതേസമയം സംഘപരിവാറിന്റെ സൈബർ ആക്രമണത്തിന് കിടിലൻ മറുപടിയുമായി ദീപ നിശാന്ത് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ദീപയുടെ പ്രതികരണം. അവഹേളിക്കുന്ന തരത്തിൽ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയ്ക്കും ദീപ കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. ഫോട്ടോഷോപ്പ് തീരെ പോരെന്നും കുട്ടി ഇനീം പഠിക്കേണ്ടി ഇരിക്കുന്നുവെന്നുമായിരുന്നു ദീപ മറുപടി നൽകിയിരിക്കുന്നത്.

താമസിയാതെ മനസിലാകും

താമസിയാതെ മനസിലാകും

ഗതികേടിനോ ചതിക്കപ്പെട്ടോ അല്ലെങ്കിൽ സ്വന്തം ഇഷ്ടത്തിനോ തുണിയില്ലാതെ, ലവലേശം കലയില്ലാതെ വെറുമൊരു 'പോൺ ഉടലായി ' ഫോട്ടോയിൽപ്പെട്ടുപോയ ഏതെങ്കിലുമൊരു പാവം പെൺകുട്ടിയുടെ ശരീരത്തിൽ എന്റെ തല ദയനീയമായി ഫോട്ടോഷോപ്പ് ചെയ്ത് കേറ്റി നാടുമുഴുവനും പോരാത്തതിന്‌ എന്റെ തന്നെ പോസ്റ്റിലും കൊണ്ട് ഒട്ടിക്കുന്ന എന്റെ പ്രിയപ്പെട്ടവരേ. കലയിലെ സ്വാതന്ത്ര്യമല്ല ഒരു ജീവിച്ചിരിക്കുന്ന വ്യക്തിയെ വച്ച് കളിക്കുന്നത് എന്ന് നിങ്ങൾക്ക് താമസിയാതെ മനസ്സിലായിക്കോളും- ദീപ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

മിത്തും റിയാലിറ്റിയും രണ്ടാണ്

മിത്തും റിയാലിറ്റിയും രണ്ടാണ്

മിത്തും റിയാലിറ്റിയും രണ്ടാണെന്ന് ദീപ വ്യക്തമാക്കുന്നു. നിങ്ങൾക്ക് മിത്തിന്റെ പുറത്തേ സ്വാതന്ത്ര്യമുള്ളൂവെന്നും വ്യക്തികളുടെ പുറത്തില്ലെന്നും ദീപ പറയുന്നു. മിത്ത് ഏതോ കാലത്തിലെ ഭാവനയാണ്‌. ആ ഭാവനക്കു മുകളിലുള്ള തുടർഭാവനകളെ മരവിപ്പിക്കാൻ ആർക്കും ഒരു ജനാധിപത്യരാജ്യത്തിൽ കഴിയില്ല. കഴിയുകയുമരുത്-ദീപ പറയുന്നു. മിത്തല്ല വ്യക്തി. അത് ചോരയും നീരും ജീവനും വികാരവും ബുദ്ധിയുമുള്ള ജനനവും മരണവുമുള്ള ഒരു മനുഷ്യജീവിയാണ്‌. നിലനിൽക്കുന്ന ഭൗതികയാഥാർത്ഥ്യമാണ്‌. ഭരണഘടനാവകാശങ്ങളുള്ള പൗരനാണ്‌. അതിന്റെ പുറത്ത് വല്ലാണ്ടങ്ങ് ഭാവനിക്കാൻ പറ്റില്ല. ദീപാ നിശാന്ത് വ്യക്തമാക്കുന്നു. നിങ്ങൾക്ക് തോന്നുന്നത് കൂട്ടിച്ചേർക്കാൻ പറ്റില്ലെന്നും തുണിയുരിക്കാനോ നിങ്ങൾക്കിഷ്ടമുള്ള തുണിയുടുപ്പിക്കാനോ പറ്റില്ല എന്നും അവർ പറയുന്നു. നിങ്ങളുടെ മിത്തുകളിലെ കഥാപാത്രങ്ങളുടെ ഇഷ്ടഭക്ഷണം പൗരൻ കഴിക്കണമെന്നോ ഇഷ്ടമില്ലാത്തത് കഴിക്കരുതെന്നോ വാശിപിടിക്കാൻ പറ്റില്ലെന്നും ദീപ.

ആ കാലമൊക്കെ കഴിഞ്ഞു

ആ കാലമൊക്കെ കഴിഞ്ഞു

തലവെട്ടി വേറൊരു നഗ്നമായ ഉടലിലൊട്ടിച്ചത് കണ്ട് ഹൃദയം നൊന്ത് സ്വയം തീ കൊളുത്തുകയോ ഉത്തരത്തിൽ സ്വന്തം ശരീരം കൊളുത്തിയിടുകയോ ചെയ്യേണ്ടിവന്നിരുന്ന പാവം പെൺകുട്ടികളുടെ കാലമൊക്കെ കഴിഞ്ഞുവെന്ന് ദീപ മറുപടി നൽകുന്നു. ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി, പരാതി കൊടുത്ത് രണ്ടാം ദിവസം കൂളായി ജോലിക്ക് ചെന്ന് ചെയ്തവനേം ചെയ്യിച്ചവനേം നാടുമുഴുവൻ കൊണ്ട് നടന്ന് പഴനിക്ക് പോവാൻ നോമ്പെടുത്തവരെപ്പോലെ തെണ്ടിക്കുന്ന കാലമാണിതെന്നും അതിന്റെടേലാണ് അവന്റൊരു ഫോട്ടോ മോർഫിങെന്നും ദീപ പരിഹസിക്കുന്നു. ഇതൊക്കെകണ്ട് ഇവിടാരും തൂങ്ങിച്ചാവാനൊന്നും പോണില്ലെന്നും അതുകൊണ്ട് പോയി പണി നോക്കാന്‍ ദീപ പറയുന്നു.

ഭീഷണി വേണ്ട

ഭീഷണി വേണ്ട

മതവികാരം വ്രണപ്പെടുത്തുക എന്ന ഒരു വകുപ്പും വച്ച് തന്നെ ഭീഷണിപ്പെടുത്തുന്നത് അതിലും വലിയ തമാശയാണെന്ന് ദീപ. അത് സാംസ്കാരിക വ്യാഖ്യാനങ്ങൾക്കെതിരെ പോലും ഉപയോഗിക്കാൻ കഴിയില്ലെന്ന് അവർ പറയുന്നു. അക്കാദമിക് സ്വാതന്ത്ര്യം എന്ന തൊഴിൽപരമായ പ്രിവിലേജുകൂടി തനിക്കുണ്ടെന്നും ദീപ വ്യക്തമാക്കുന്നു.

മാനസിക രോഗ ആശുപത്രിയിൽ പോണം

മാനസിക രോഗ ആശുപത്രിയിൽ പോണം

താൻ പറഞ്ഞത് ദേവീശില്പങ്ങളിൽ ആർക്കിയോളജിക്കലായി കാണുന്ന വസ്ത്രസംസ്കാരത്തിലും കൂടുതലായി കോളേജിൽ പ്രദർശിപ്പിച്ച കലാസൃഷ്ടിയുടെ കോപ്പിയിലും ഒന്നുമില്ല എന്നതാണ്. അത് തന്റെ അഭിപ്രായമാണെന്നും അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആകാമെന്നും അവർ പറയുന്നു. വിയോജിപ്പിൻറെ ഭാഷയിലാണ് പ്രശ്നം. പറയുന്ന വസ്തുതയിൽ നിങ്ങളുടെ വികാരം വ്രണപ്പെടുന്നുണ്ടെങ്കിൽ അതിന് മാനസികരോഗാശുപത്രിയിലാണ്‌ പോകേണ്ടത്. കോടതിയിലല്ല-ദീപ പറയുന്നു.

വരേണ്ടവർ വീട്ടിൽ വരും

വരേണ്ടവർ വീട്ടിൽ വരും

ഞാൻ ചുമ്മാ ഫോട്ടോ‌ മോ‌‌ർഫ് ചെയ്തല്ലേയുള്ളൂ എന്ന് കരുതി വീട്ടിലിരിക്കാമെന്ന് ആരും കരുതണ്ടെന്നും വരേണ്ടവർ താമസിയാതെ വീട്ടിൽ എത്തുമെന്നും ദീപ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു. നടന്ന് തെറി വിളിച്ച കമന്റുകളും പോസ്റ്റുകളും സ്വമേധയാ അപ്രത്യക്ഷമാകുന്നുണ്ടെന്നും ചിലരെ ബ്ലോക്കാക്കിയിട്ടുണ്ടെന്നും ദീപ വ്യക്തമാക്കുന്നു. എന്നാൽ ഇത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നും കമൻറും കൊണ്ട് ഓടാതിരിക്കാനാണെന്നും അവർ പറയുന്നു.

എല്ലാവർക്കും ഉദകക്രിയ

എല്ലാവർക്കും ഉദകക്രിയ

ഐഡി ഡീആക്റ്റിവേറ്റ് ചെയ്ത് രക്ഷപ്പെടാൻ നോക്കിയവർക്കും രക്ഷയില്ലെന്ന് ദീപ. ഡെലീറ്റ് ചെയ്ത് ഊരിയാൽ പ്രത്യേകിച്ചൊരു കാര്യവുമില്ല. സി സി ടി വി യുടെ ദൃശ്യങ്ങൾ കൃത്യം മൂന്ന് ദിവസത്തേക്ക് മായ്ച്ചുകളഞ്ഞ ജനപ്രിയനടന്റെ അവസ്ഥയായിപ്പോകും- ദീപ പറയുന്നു. നിയമപ്രക്രിയക്കാവശ്യമുള്ള എല്ലാം ലിങ്കും ഉള്ളടക്കവും സ്ക്രീൻ ഷോട്ടും അടക്കം ശേഖരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ നിയമമുണ്ടോ എന്ന് അറിയണമെന്നും അവർ.

വിശ്വാസത്തെ കുറിച്ചും വിശ്വാസികളെ കുറിച്ചുമല്ല

വിശ്വാസത്തെ കുറിച്ചും വിശ്വാസികളെ കുറിച്ചുമല്ല

എന്തുകൊണ്ട് മറ്റ് മതക്കാർക്കെതിരെ സംസാരിക്കുന്നില്ല എന്ന സ്ഥിരം ചോദ്യത്തിനും ദീപ മറുപടി നൽകിയിട്ടുണ്ട്. താൻ ഒരു മതത്തിനും എതിരെ സംസാരിച്ചിട്ടില്ലെന്നും വിശ്വാസം ഒരു വ്യക്തിപരമായ ആഭിമുഖ്യമാണെന്നും അതിൽ വിശ്വാസിയായ വ്യക്തിക്കൊഴിച്ച് മറ്റാർക്കും കാര്യമില്ലെന്നും ദീപ പറയുന്നു. താൻ അഭിസംബോധന ചെയ്തത് തീവ്രവാദത്തെയാണെന്നും വിശ്വാസത്തെയോ വിശ്വാസികളെയോ അല്ലെന്നും ദീപ പോസ്റ്റിൽ വ്യക്തമാക്കുന്നു. നിങ്ങളുടെയും എൻറെയും മതവിശ്വാസം എപ്പോഴെങ്കിലും സമൂഹത്തിലെ മറ്റ് വ്യക്തികളുടെ അവകാശങ്ങളിൽ സാമൂഹ്യമായോ വ്യക്തിപരമായോ കടന്നുകയറുകയോ നിയന്ത്രിക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ അത് തീവ്രവാദമാവും. ഒരു തീവ്രവാദം മറ്റൊരു തീവ്രവാദത്തിനുള്ള മറുപടിയോ ന്യായീകരണമോ അല്ല. മുന്നിലുണ്ടായിരുന്ന പ്രശ്നത്തിന്റെ സാമൂഹ്യ ഉത്തരവാദി ഹിന്ദുതീവ്രവാദമായിരുന്നതുകൊണ്ട് സ്വാഭാവികമായും ഹിന്ദുതീവ്രവാദികളെ അഭിമുഖീകരിച്ചാണ്‌ സംസാരിച്ചത്- ദീപ വ്യക്തമാക്കുന്നു. ഹൈന്ദവതയെ തീവ്രവാദത്തിന് ഉപയോഗിക്കുന്നവരെ മാത്രമാണ് താനങ്ങനെ അഭിസംബോധന ചെയ്തിട്ടുള്ളതെന്നും സാമാന്യവത്കരണമല്ലെന്നും അവർ. സാമാന്യവത്കരണമാണെങ്കിൽ അതിൽ താനും ഉൾപ്പെടും. ഹിന്ദു മതത്തിൽ നിന്ന് വിട്ടു പോകാൻ താൻ ആഗ്രഹിക്കുന്നേ ഇല്ല. നിങ്ങൾ വിചാരിച്ചാൽ അത് സാധിക്കാനും പോണില്ലെന്നും ദീപ പറയുന്നു.

വായിൽ കുത്തി പറയിച്ചത്

വായിൽ കുത്തി പറയിച്ചത്

തീവ്രവാദം എന്ന സാമൂഹ്യ പ്രശ്നം താൻ പഠിപ്പിക്കുന്ന കോളേജിലെത്തി അവിടെ വിദ്യാർത്ഥികൾ കോപ്പി ചെയ്തുവച്ച ഇന്നേവരെ നിരോധിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്ടിയുടെ പേരും പറഞ്ഞ് അക്കാര്യത്തിൽ ഒരക്ഷരം മിണ്ടാതിരുന്ന തന്റെ ഫോട്ടോയും വച്ച് പോസ്റ്ററടിച്ച് നാടുനീളെ കൊണ്ടിട്ട് തന്റെ വായിൽ കുത്തി പറയിപ്പിച്ചതാണ് ഇതെന്ന് ദീപ . താൻ ജീവിക്കുന്ന ഇടത്തിൽ ക്രമേണ തന്റെ വ്യക്തിത്വത്തിനുനേരെക്കൂടി വന്ന ഒരാക്രമണത്തിനോടുള്ള പ്രതിഷേധവും അതിന്റെ സാംസ്കാരിക കാരണങ്ങളോടുള്ള വ്യക്തിയുടെ വിയോജനക്കുറിപ്പുമാണ്‌ തന്റെ പോസ്റ്റ്. അതിൽ വിഷയവുമായി ബന്ധമില്ലാത്ത മറ്റ് മതത്തിലെ തീവ്രവാദത്തെ എന്തിന് അഭിമുഖീകരിക്കണമെന്നും അവർ ചോദിക്കുന്നു.

പുസ്തകം വിറ്റുപോകാൻ

പുസ്തകം വിറ്റുപോകാൻ

പുസ്തകം വിറ്റുപോകുന്നതിനാണ് ദീപ ഇത്തരത്തിൽ ഇടയ്ക്കിടയ്ക്ക് വിവാദമുണ്ടാക്കുന്നതെന്ന് പറയുന്നവർക്കും ദീപ കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. തന്റെ പുസ്തകം ഇത്തരം വിവാദങ്ങളുടെ അകമ്പടിയില്ലാതെ തന്നെ നല്ല ഉഷാറുഷാറായി ചെലവാകുന്നുണ്ടെന്നും ഒന്നന്വേഷിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും ദീപ പറയുന്നു. കൃത്യമായി പുസ്തകത്തിന്‍റെ പതിപ്പും ഇറങ്ങുന്നുണ്ടെന്നും റോയൽറ്റി ഇനത്തിൽ കനത്ത തുക കൈപ്പറ്റി ആ തുക കൊണ്ട് നാലു നേരോം ഞാൻ ബീഫ് ബിരിയാണി വാങ്ങിത്തിന്നുന്നുണ്ടെന്നും അവർ പരിഹസിക്കുന്നു.

ലിമിറ്റഡ് പീരിയഡ് ഓഫര്‍ സ്നേഹക്കാരോട്

ലിമിറ്റഡ് പീരിയഡ് ഓഫര്‍ സ്നേഹക്കാരോട്

ടീച്ചറിൻറെ പുസ്തകം വായിച്ചിട്ട് ആദ്യമൊക്കെ ഇഷ്ടമായിരുന്നു. ഇപ്പോൾ വെറുക്കുന്നു എന്ന് പറയുന്നവർക്കും ദീപ മറുപടി നൽകിയിട്ടുണ്ട് .പുസ്തകവായന എഴുത്തുകാരനോ എഴുത്തുകാരിക്കോ നിങ്ങൾ കൊടുക്കുന്ന ഔദാര്യമല്ലെന്ന് അവർ പറയുന്നു. സ്നേഹവും ഔദാര്യമായി ആവശ്യമില്ലെന്നും ദീപ. നിങ്ങൾക്കാവശ്യമുണ്ടെങ്കിലാണ് നിങ്ങൾ പുസ്തകം വാങ്ങേണ്ടതെന്ന് ദീപ പറയുന്നു. ‍തന്റെ പുസ്തകത്തിൽ ഈ ഫേസ്ബുക്കിൽ ഞാൻ കുറിച്ചിട്ടതല്ലാതെ പുതുമയുള്ള മറ്റൊന്നും തന്നെയില്ലെന്ന് ദീപ വ്യക്തമാക്കുന്നു. പുസ്തകം വാങ്ങുന്നതിനാൽ എനിക്ക് നിങ്ങളോട് വ്യക്തി എന്ന നിലയിൽ എന്തെങ്കിലും ബാദ്ധ്യതയുണ്ടാവും എന്ന് കരുതരുതെന്നും നിങ്ങളുടെ രാഷ്ട്രീയ- സാമൂഹ്യ - സാംസ്കാരിക പ്രതീക്ഷകൾ പ്രതി എന്റെ മുകളിൽ പുസ്തകം വാങ്ങിക്കൊണ്ട് സ്ഥിരനിക്ഷേപം നടത്തരുതെന്നും അവർ വ്യക്തമാക്കിയിരിക്കുന്നു. എന്റെ പുസ്തകം വാങ്ങി എന്നുവച്ച് നിങ്ങൾ പറയുന്നതൊക്കെ കേൾക്കാൻ ഞാൻ ലോകബാങ്കിൽ നിന്ന് ലോണൊന്നുമല്ലല്ലോ എടുത്തിട്ടുള്ളത് എന്ന് പറഞ്ഞാണ് ദീപ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

English summary
deepa nishanth facebook post reply to rss cyber attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X