കോപ്പിയടി ആരോപിച്ച് പരിഹാസവും ഭീഷണിയും?പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കോളേജിനെതിരെ സംസാരിക്കുന്നവര്‍ക്ക് ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും നല്‍കാതെ പകവീട്ടുന്നത് മാനേജ്‌മെന്റിന്റെ സ്ഥിരം നടപടിയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

പാലക്കാട്: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ കോളേജ് മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും മാനസിക പീഡനമെന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ജിഷ്ണു കോളേജ് ഹോസ്റ്റലില്‍ കൈ ഞെരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ചത്.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു എന്നാരോപിച്ച് വിഷ്ണുവിനെ അധ്യാപകന്‍ പരിഹസിച്ചെന്നും, പിന്നീട് ഡീബാര്‍ ചെയ്യുമെന്ന് പറഞ്ഞതായുമാണ് മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ജിഷ്ണുവിനെ ഓഫീസില്‍ കൊണ്ടുപോയ അധ്യാപകന്‍ ഡീ ബാര്‍ നടപടികള്‍ ആരംഭിച്ചിരുന്നതായും ആരോപണമുണ്ട്. കോളേജിനെതിരെ സംസാരിക്കുന്നവര്‍ക്ക് ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും നല്‍കാതെ പകവീട്ടുന്നത് മാനേജ്‌മെന്റിന്റെ സ്ഥിരം നടപടിയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കോപ്പിയടിച്ചെന്ന് ആരോപണം...

കോപ്പിയടിച്ചെന്ന് ആരോപിച്ചാണ് അധ്യാപകന്‍ ജിഷ്ണുവിനെ പരീക്ഷാ ഹാളില്‍ വെച്ച് പരിഹസിക്കുകയും ഡീബാര്‍ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പറയുന്നത്. എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്നാണ് മറ്റു വിദ്യാര്‍ത്ഥികളുടെ ആരോപണം.

ഹോസ്റ്റല്‍ മുറിയിലെത്തി...

സംഭവത്തിന് ശേഷം ഹോസ്റ്റല്‍ മുറിയിലെത്തിയ ജിഷ്ണു കൈ ഞെരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിമരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാനായി ഹോസ്റ്റലില്‍ താമസിക്കുന്ന അതേ അധ്യാപകനെ തന്നെ വിളിച്ചെങ്കിലും താന്‍ വരില്ലെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വില്ലന്‍മാരായി കോളേജ് മാനേജ്‌മെന്റ്

കോളേജിനും മാനേജ്‌മെന്റിനുമെതിരെയും എന്തെങ്കിലും പ്രതിഷേധമുയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തലും, അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും നല്‍കാതിരിക്കുകയും പതിവാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

അന്വേഷണം വേണം...

ജിഷ്ണുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷ്ണു ആത്മഹത്യ ചെയ്തതല്ല, കോളേജ് മാനേജ്‌മെന്റ് കൊന്നതാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.

English summary
engineering student commits suicide in pamapady.
Please Wait while comments are loading...