കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുത്തന്‍ തൊഴില്‍ സാധ്യതകള്‍ തുറന്നിട്ട് ബിഗ് ഡേറ്റ അനലിറ്റിക്‌സ്; പരിശീലനം ഇനി കേരളത്തിലും

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വിവരസാങ്കേതിക മേഖലയില്‍ അനന്തമായ തൊഴില്‍ സാധ്യതകള്‍ തുറന്നിടുന്ന ബിഗ് ഡേറ്റ അനലറ്റിക്‌സില്‍ കേരളത്തിലും പരിശീലനപരിപാടി ആരംഭിക്കുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി ഐടി പരിശീലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐ ട്രാന്‍സ് ഇന്ത്യയിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ പരിശീലകരായ 361 ഡിഗ്രി മൈന്‍ഡ്‌സുമായി ചേര്‍ന്നാണ് ബിഗ് ഡേറ്റ അനലറ്റിക്‌സിലും മറ്റ് തൊഴിലധിഷ്ഠിത പരിപാടികളിലും പരിശീലനം നല്‍കുന്നത്.

ഏറെ പ്രതീക്ഷകളോടെയാണ് 361 ഡിഗ്രി മൈന്‍ഡ്‌സിന്റെ ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ തങ്ങള്‍ കേരളത്തില്‍ അവതരിപ്പിക്കുന്നതെന്ന് ഐട്രാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റോബിന്‍സ് ജെ. ആലപ്പാട്ട് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ മാധ്യമങ്ങള്‍ വഴി രൂപപ്പെടുന്ന അതിബൃഹത്തായ വിവരശേഖരത്തില്‍ നിന്ന് അതതുമേഖലകള്‍ക്കാവശ്യമായ വിശകലന റിപ്പോര്‍ട്ടുകളും അനുമാനങ്ങളും സ്ഥിതിവിവരക്കണക്കുകളും സമയബന്ധിതമായി തയ്യാറാക്കുന്ന പ്രക്രിയയാണ് ബിഗ് ഡേറ്റ അനാലിസിസ്. ഇതിന്‍പ്രകാരം ഒരു വ്യക്തിയുടെയോ ഒരു സംഘം വ്യക്തികളുടേയോ താല്‍പര്യങ്ങള്‍ എന്തൊക്കെയെന്ന് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെയുള്ള അവരുടെ ഇടപെടലുകള്‍ പരിശോധിച്ചും ക്രോഡീകരിച്ചും മനസ്സിലാക്കുന്നതുമുതല്‍ ഒരു രാജ്യത്തെ സാമ്പത്തിക സ്ഥിതി ആ രാജ്യത്തെ കഴിഞ്ഞകാല സംഭവങ്ങളുടേയോ ആനുകാലിക സംഭവങ്ങളുടേയോ അടിസ്ഥാനത്തില്‍ എങ്ങനെ പ്രതികരിക്കും എന്ന മുന്‍കൂട്ടി മനസ്സിലാക്കാന്‍വരെ ബിഗ് ഡേറ്റ അനലറ്റിക്‌സ് സഹായിക്കും.

Big Data Analytics

ഇന്ന് ലോകത്ത് വാണിജ്യവ്യവസായവ്യാപാര രംഗങ്ങളില്‍ ബിഗ് ഡേറ്റ അനലറ്റിക്‌സിന് സാധ്യതകളേറെയാണ്. കേരളത്തില്‍ മാത്രമല്ല,ഇന്ത്യയില്‍പോലും ഇപ്പോഴും ഈ മേഖലയില്‍ വേണ്ടത്ര പരിശീലനം സിദ്ധിച്ചവരില്ല. ആവശ്യത്തിന് പരിശീലകരും പരിശീലന കേന്ദ്രങ്ങളുമില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഈ സാഹചര്യത്തിലാണ് സ്വകാര്യ മേഖലയില്‍ ഈ രംഗത്തെ പ്രമുഖ പരിശീലകരായ 361 ഡിഗ്രി മൈന്‍ഡ്‌സുമായി കൈകോര്‍ത്ത് കേരളത്തില്‍ ഐട്രാന്‍സ് കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നതെന്ന് റോബിന്‍സ് പറഞ്ഞു.

തിരുവനന്തപുരത്തിനൊപ്പം കേരളത്തില്‍ മറ്റ് ഏഴു ജില്ലകളില്‍കൂടി ഇവര്‍ പരിശീലനപരിപാടികള്‍ക്ക് രൂപം നല്‍കുന്നുണ്ട്. എന്‍ജിനീയറിംഗ്, എംസിഎ, എംഎസ്‌സി തുടങ്ങിയ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കൊപ്പം ഐടി വിദ്യാര്‍ഥികള്‍ക്കും മാനേജ്‌മെന്റ് ബിരുദധാരികള്‍ക്കും ബിഗ് ഡേറ്റ അനലറ്റിക്‌സില്‍ ഒട്ടേറെ സാധ്യതകളുണ്ട്. വിദ്യാര്‍ഥികള്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വളരെ വേഗത്തില്‍ തൊഴില്‍വളര്‍ച്ച ഉണ്ടാക്കാനാവശ്യമായ സഹായങ്ങളും ഐട്രാന്‍സ്361ഡിഗ്രി മൈന്‍ഡ്‌സ് പങ്കാളിത്തത്തിലൂടെ സാധിക്കും. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ ഉള്‍പ്പെടെ ഒട്ടേറെ ഐടി അധിഷ്ഠിത മേഖലകളില്‍ പതിനായിരക്കണക്കിനാളുകള്‍ക്ക് ഐട്രാന്‍സ് ഇതിനോടകം വിദഗ്ദ്ധപരിശീലനം നല്‍കിക്കഴിഞ്ഞു. ഈ പരിചയം മുന്‍നിറുത്തിയാണ് ബിഗ് ഡേറ്റ അനലറ്റിക്‌സില്‍ കേരളത്തില്‍ ആദ്യമായി പരിശീലന പദ്ധതിക്ക് ഇവര്‍ തുടക്കമിടുന്നത്.

ബിഗ് ഡേറ്റ ടെക്‌നോളജികള്‍, യുജിസി സര്‍ട്ടിഫിക്കറ്റ് ഉള്ള സര്‍വ്വകലാശാലകളുടെ എംബിഎ, എംകോം തുടങ്ങി നിരവധി ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ തുടങ്ങിയവയുടെയെല്ലാം ഓണ്‍ലൈന്‍ ബോധനപരിപാടികള്‍ ചെന്നൈ ആസ്ഥാനമായുള്ള 361 ഡിഗ്രി മൈന്‍ഡ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. പല പുതിയ മേഖലകളിലും ഇവര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളും നടത്തുന്നു. അനലിറ്റിക്‌സില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ബിസിനസ് സ്‌കൂളായ കൊല്‍ക്കൊത്ത പ്രാക്‌സിസ് ബിസിനസ് സ്‌കൂളുമായി ചേര്‍ന്നാണ് 361 ഡിഎം ബിഡ് ഡേറ്റ പ്രോഗ്രാമുകള്‍ നടത്തുന്നത്.

എന്‍ജിനീയറിംഗ്, ഐടി, ബിസിനസ് മേഖലകളില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകര്‍ ധാരാളമുള്ള കേരളത്തില്‍ ബിഗ് ഡേറ്റ അനലറ്റിക്‌സിനു സാധ്യത ഏറെയാണെന്ന് 361 ഡിഎം പ്രൊജക്ട് മേധാവി ടെറന്‍സ് പറഞ്ഞു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഈ രംഗത്ത് 75 പങ്കാളികളുള്ള361 ഡിഎമ്മിന്റെ ഏറ്റവും പുതിയ പങ്കാളികളാണ് ഐട്രാന്‍സ്. കേരളത്തില്‍ ഈ പങ്കാളിത്തത്തിലൂടെ പുതിയൊരു തൊഴില്‍ സാധ്യതയിലേക്ക് ചെറുപ്പക്കാരെ കൈപിടിച്ചു നടത്തുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ടെറന്‍സ് പറഞ്ഞു.

English summary
I Trans started Big Data Analytics course in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X