കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ചര്‍ച്ച പുതിയ ദിശയില്‍; ലോക്‌സഭാ സീറ്റില്‍ അഹമ്മദിന്റെ മകന്‍, അപ്പൊ കുഞ്ഞാപ്പ, സമദാനി!!

മറ്റു പല നിര്‍ദേശങ്ങളും വരുന്നതിനൊപ്പം അഹമ്മദിന്റെ മക്കളിലാരെയെങ്കിലും മല്‍സരിപ്പിക്കണമെന്ന നിര്‍ദേശവും വന്നിട്ടുണ്ടെന്ന് സംസ്ഥാന നേതാക്കള്‍ പറയുന്നു.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവില്‍ ആരെ മല്‍സരിപ്പിക്കുമെന്നത് സംബന്ധിച്ച് മുസ്ലിംലീഗില്‍ ചര്‍ച്ച സജീവമായി. മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇപ്പോള്‍ പുറത്തുവരുന്നത് മറ്റുചില കാര്യങ്ങളാണ്.

അഹമ്മദ് സാഹിബിന്റെ ആണ്‍മക്കളിലാരെയെങ്കിലും തിരഞ്ഞൈടപ്പില്‍ മല്‍സരിപ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. മറ്റു പല നിര്‍ദേശങ്ങളും വരുന്നതിനൊപ്പം അഹമ്മദിന്റെ മക്കളിലാരെയെങ്കിലും മല്‍സരിപ്പിക്കണമെന്ന നിര്‍ദേശവും വന്നിട്ടുണ്ടെന്ന് സംസ്ഥാന നേതാക്കള്‍ പറയുന്നു.

കുഞ്ഞാലിക്കുട്ടിക്ക് സാധ്യത

പികെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമെന്നാണ് കഴിഞ്ഞദിവസം വരെയുണ്ടായിരുന്ന വിവരം. അതിന്റെ ചില സൂചനകള്‍ അദ്ദേഹം നല്‍കുകയും ചെയ്തിരുന്നു. ചില ചാനല്‍ അഭിമുഖങ്ങളില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എന്തും അനുസരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന്റെ സൂചനയായാണ് വിലയിരുത്തിയത്.

കുഞ്ഞാലിക്കുട്ടി ഓക്കെ പറഞ്ഞിട്ടില്ല

കുഞ്ഞാലിക്കുട്ടി ഓക്കെ പറഞ്ഞാല്‍ മറ്റൊരു സ്ഥാനാര്‍ഥിയെയും പരിഗണിക്കില്ല. എന്നാല്‍ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാണെന്ന് അഭിപ്രായമുള്ള നേതാക്കളാണ് കൂടുതല്‍. ഇ അഹമ്മദിന്റെ വിയോഗം മൂലമുണ്ടായ വിടവ് നികത്താന്‍ അനിയോജ്യന്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് മറ്റുചില നേതാക്കളും പറയുന്നു.

 വേങ്ങരയിലും ഉപതിരഞ്ഞെടുപ്പ്

കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചാല്‍ അദ്ദേഹം ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന വേങ്ങര നിയസമഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. അത്തരമൊരു സാഹചര്യം വേണ്ടെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.

ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ആലോചന

എന്നാല്‍ മലപ്പുറവും വേങ്ങരയും മുസ്ലിംലീഗിന്റെ ഉറച്ച മണ്ഡലങ്ങളാണ്. ഇവിടെ ആരു മല്‍സരിച്ചാലും ജയിക്കും. എന്നാല്‍ ഇ അഹമ്മദ് സാഹിബിന് ലഭിച്ച 194000 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്നുള്ള വിജയമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നായിരുന്നു ചില നേതാക്കളുടെ പ്രതികരണം.

അബ്ദുറഹ്മാന്‍ രണ്ടത്താണി

കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ച് വിജയിച്ചാല്‍ ഒഴിവു വരുന്ന വേങ്ങര നിയമസഭ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മല്‍സരിപ്പിക്കാനാണ് സാധ്യത. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോയാല്‍ നിയമസഭയില്‍ പാര്‍ട്ടിക്ക് ശക്തനായ നേതാവ് വേണമെന്നതാണ് രണ്ടത്താണിയെ പരിഗണിക്കാന്‍ കാരണം.

അബ്ദുസമദ് സമാദാനി പരിചയ സമ്പന്നന്‍

അതിനിടെ പാര്‍ട്ടി ദേശീയ നേതാവും മുന്‍ എംപിയുമായ അബ്ദുസമദ് സമാദാനി മല്‍സരിക്കുമെന്ന അഭ്യൂഹവുമുണ്ട്. അദ്ദേഹത്തിന് പാര്‍ലമെന്റിലുള്ള മുന്‍പരിചയമാണ് ഇതിന് കാരണമായി സൂചിപ്പിക്കുന്നത്. സമദാനി തന്നെ ചിലരോട് ഇക്കാര്യം പറഞ്ഞതായും ചില നേതാക്കള്‍ പറയുന്നു.

സമദാനിയെ ചിലര്‍ക്ക് പിടിച്ചിട്ടില്ല

സമദാനിയുടെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായവിത്യാസമുണ്ട്. അദ്ദേഹം മല്‍സരിക്കേണ്ടെന്ന് കരുതുന്നവരാണ് പ്രവര്‍ത്തകരില്‍ കൂടുതലും. എന്നാല്‍ ഇനി മല്‍സരിച്ചാല്‍ തന്നെ കുറച്ചു കാലം മാത്രമേ സഭയുടെ കാലാവധിയുള്ളു എന്നതാണ് സമദാനിക്ക് സാധ്യത നല്‍കുന്നത്.

മജീദുമായി പ്രത്യേക ധാരണ

സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് മല്‍സരിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം ചിത്രത്തിലില്ല. എപി വിഭാഗം സുന്നികളുടെ വോട്ട് മജീദിന് കിട്ടില്ലെന്നതാണ് അദ്ദേഹത്തെ തഴയാന്‍ കാരണം. അദ്ദേഹത്തെ രാജ്യസഭയിലേക്കോ അടുത്ത നിയമസഭയിലേക്കോ മല്‍സരിപ്പിക്കാമെന്നാണ് ധാരണയുള്ളതെന്ന് നേതൃത്വം പറയുന്നു.

സിറാജ് സേഠും പട്ടികയില്‍

ഈ സാഹചര്യത്തില്‍ സിറാജ് സേഠിനും സാധ്യത കല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന് ദില്ലിയിലുള്ള സ്വാധീനമാണ് പരിഗണിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് അഹമ്മദിന്റെ മക്കളുടെ പേര് മുന്നോട്ട് വന്നിരിക്കുന്നത്.

അഹമ്മദിന്റെ മക്കളെ പാര്‍ട്ടിക്ക് വേണം

അഹമ്മദിന്റെ പിന്‍ഗാമിയായി മക്കള്‍ വരട്ടെയെന്നും അദ്ദേഹത്തിന്റെ കുടുംബ സാന്നിധ്യം പാര്‍ട്ടിക്കും തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നുമാണ് ചില നേതാക്കള്‍ പ്രകടിപ്പിച്ച അഭിപ്രായം. അഹമ്മദ് ദില്ലിയിലും മറ്റും തുടര്‍ന്നിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മക്കള്‍ ഏറ്റെടുത്തിട്ടുണ്ട്.

റയീസ് അഹമ്മദിന് സാധ്യത കൂടുതല്‍

രണ്ട് ആണ്‍മക്കളാണ് ഇ അഹമ്മദിന്. അതില്‍ റയീസ് അഹമ്മദിനെ മല്‍സരിപ്പിക്കണമെന്നാണ് നേതാക്കളില്‍ ചിലരുടെ അഭിപ്രായം. അത് വോട്ട് കൂടുതല്‍ ലഭിക്കുന്നതിനും ഭൂരിപക്ഷം വര്‍ധിക്കാനും ഇടയാക്കുമെന്ന് ഇവര്‍ കരുതുന്നു. മാത്രമല്ല, അഹമ്മദ് സാഹിബിന്റെ പാരമ്പര്യം പാര്‍ട്ടിയില്‍ നിലനില്‍ക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

അന്തിമ പ്രഖ്യാപനം പിന്നീട്

മുസ്ലിം ലീഗിന്റെ ദേശീയ നിര്‍വാഹക സമിതി യോഗം ഉടന്‍ ചെന്നൈയില്‍ ചേരും. ഈ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. പരിഗണനയിലുള്ള ഓരോരുത്തരെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം പേര് പുറത്ത് വിട്ടാല്‍ മതിയെന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

ദേശീയ തലത്തില്‍ മാറ്റം വന്നേക്കും

ലീഗ് ദേശീയ അധ്യക്ഷനായിരുന്നു അന്തരിച്ച ഇ അഹമ്മദ്. തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവ് ഖാദര്‍ മൊയ്തീന് നിലവില്‍ ദേശീയ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല കൈമാറിയിട്ടുണ്ട്. ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തി കുഞ്ഞാലിക്കുട്ടിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും അഭിപ്രായമുണ്ട്. അപ്പോള്‍ ട്രഷററായി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ദേശീയ സെക്രട്ടറി ഖുറം ഹനീഫിന്റെ പേരാണ് പരിഗണനയില്‍.

English summary
The Indian Union Muslim League (IUML) is planning to field the new face for party’s candidate in Malappuram Loksabha seat, like E Ahamed son Raees ahamed, Ex MP Abdussamad samadani, National Tressurer PK Kunchalikutty have been in list. Malappuram seat is left vacant following the demise of E Ahamed. The party leadership has requested Kunhalikutty to enter national politics and is considering to appoint him as the National General Secretary as well. Kunhalikutty is yet to respond to the party’s request.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X