കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ്; ആ രാത്രി നടന്ന കാര്യങ്ങളെന്ത്? പ്രതികളുടെ അഭിഭാഷകന്‍ പറയുന്നത്

സംഭവം നടന്ന ദിവസം തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് പ്രതികള്‍ തന്നെ വന്നു കണ്ടുവെന്നാണ് അഭിഭാഷകന്‍ പറയുന്നത്. ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസില്‍ പ്രതികള്‍ നേരിട്ടെത്തിയാണ് തന്നെ കണ്ടതെന്ന് അഭിഭാഷകന്‍ ഇസി പൗലോസ്. പോലിസ് തിരയുന്ന മുഖ്യപ്രതി പള്‍സര്‍ സുനി, ബിജീഷ്, മണികണ്ഠന്‍ എന്നിവര്‍ നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി 9.30 ഓടെയാണ് തന്നെ വന്ന് കണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് തൃശൂരില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടിയെ തട്ടിക്കൊണ്ടുപോയതും അപമാനിച്ചതും. സംഭവം നടന്ന ദിവസം തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് പ്രതികള്‍ തന്നെ വന്നു കണ്ടുവെന്നാണ് അഭിഭാഷകന്‍ പറയുന്നത്. ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

പ്രതികളുടെ രേഖകള്‍ ആലുവ കോടതിയില്‍

പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പ്രതികള്‍ അഭിഭാഷകനെ ഏല്‍പ്പിച്ചിരുന്നത്രെ. ഇവയെല്ലാം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെന്ന് അഭിഭാഷകന്‍ പറയുന്നു.

കാരണം അഭിഭാഷകന്‍ വിശദീകരിക്കുന്നു

പ്രതികള്‍ നേരിട്ടെത്തിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടത്. കേസ് അന്വേഷണത്തില്‍ യാതൊരു രീതിയിലും തടസമാവരുതെന്ന് കരുതിയാണ് രേഖകള്‍ കോടതിയില്‍ നല്‍കിയതെന്നും പൗലോസ് പറഞ്ഞു.

 സംശയങ്ങള്‍ ബാക്കി

എന്നാല്‍ പള്‍സര്‍ സുനിയെ സംഭവത്തിന് ശേഷവും പ്രമുഖര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സംഭവം വിവാദമായപ്പോള്‍ നിര്‍മാതാവ് മുഖേന പോലിസ് തന്നെ ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ കോടതിയില്‍ നല്‍കിയെന്ന് പറയുന്ന മൊബൈല്‍ നമ്പറിന് പുറമെ മറ്റു നമ്പറും ഇയാള്‍ക്കുണ്ടോ എന്നാണ് സംശയമുണരുന്നത്.

നിരപരാധികള്‍? അനാവശ്യ വകുപ്പുകള്‍

നിരപരാധികളാണെന്നും 376 ാം വകുപ്പ് അനാവശ്യമായി ചുമത്തിയെന്നും പ്രതികള്‍ പറഞ്ഞിരുന്നത്രെ. പള്‍സര്‍ സുനി പല കേസുകളിലും പ്രതിയാണ്. ഇതില്‍ പലതിലും പൗലോസും ബന്ധപ്പെട്ട അഭിഭാഷകരുമാണ് ഹാജരാവുന്നത്. ഈ ബന്ധം വച്ചാണ് ഇയാള്‍ നടി ആക്രമിക്കപ്പെട്ട കേസിലും പൗലോസിനെ തേടിയെത്തിയതെന്ന് കരുതുന്നു.

ഹൈക്കോടതി തീരുമാനിക്കും

മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, ബിജീഷ്, മണികണ്ഠന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. എട്ട് വകുപ്പുകളാണ് ഇവര്‍ക്കെതിരേ പോലിസ് ചുമത്തിയത്. കേസില്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നുമാണ് മൂവരുടെയും ആവശ്യം.

സുനി കേരളം വിട്ടിട്ടില്ല

പ്രമുഖ മലയാളി നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കേരളം വിട്ടിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. ഇയാള്‍ക്ക് കൈയിലുള്ള പണം വച്ച് അധിക ദൂരം പോകാനാവില്ലെന്നാണ് പോലിസ് പറയുന്നത്. കൂടുതല്‍ പണം ലഭിക്കാന്‍ സുനി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

കൈയില്‍ പണമില്ലെന്ന് പോലിസ്

നടി ആക്രമിക്കപ്പെട്ട സംഭവം വിവാദമായതോടെ അമ്പലപ്പുഴ കാക്കാഴത്തെത്തിയ സുനിയും സംഘവും ഇവിടെയുള്ള സുഹൃത്തില്‍ നിന്ന് പണം സംഘടിപ്പിച്ചാണ് യാത്രയായത്. എന്നാല്‍ 10000 രൂപ മാത്രമാണ് ഇവിടെ നിന്ന് ലഭിച്ചതെന്ന് അന്വേഷണത്തില്‍ പോലിസിന് വ്യക്തമായി. ഈ സംഖ്യകൊണ്ട് സുനിക്കും കൂട്ടുപ്രതികള്‍ക്കും അധിക ദൂരം പോകാനാവില്ല.

സ്ഥിരം കുറ്റവാളികളില്‍ നിന്ന് സൂചന കിട്ടി

സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ പോലിസ് ചോദ്യം ചെയ്തു. സുനി ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ തിരിച്ചില്‍ നടത്താനാണ് പോലിസിന്റെ നീക്കം. കേസില്‍ നടിയുടെ ഡ്രൈവറടക്കം മൂന്ന് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി നാല് പേരെയാണ് പിടികൂടാനുളളത്. ആലപ്പുഴ, കൈനകരി, കോയമ്പത്തൂര്‍, ഗോവ എന്നിവിടങ്ങളില്‍ സുനി ഒളിവില്‍കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ചില സ്ഥലങ്ങളില്‍ പോലിസ് തിരച്ചില്‍ നടത്തുകയും ചെയ്തു. ഈ തിരച്ചിലിനിടെയാണ് രണ്ടുപേരെ പിടികൂടിയത്.

വനിതാ കമ്മീഷന്‍ ഇടപെടുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു. സംസ്ഥാന പോലിസ് വിവരം നല്‍കാന്‍ വൈകുകയോ നടപടിയില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്താനും വനിതാ കമ്മീഷന് പദ്ധതിയുണ്ട്.

English summary
Advocate EC Poulose, the advocate appearing for the accused in the case relating to the abduction of a prominent actress, said that the accused including Pulsar Suni approached him in person to entrust him with the responsibility of filing the aniticipatory bail plea. Paulose said that the accused visited him at 9.30 pm on the day of the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X