ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍;ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികള്‍ തിരുവനന്തപുരത്ത്...

എച്ച്ഐവി അണുവ്യാപനം മുന്‍പത്തെപോലെ തടയാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട്.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ എച്ച് ഐ വി അണുവ്യാപനം ഫലപ്രദമായി നിയന്ത്രിക്കാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. എച്ച് ഐ വി ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും, എച്ച് ഐ വി അണുവ്യാപനം മുമ്പത്തെ പോലെ ഫലപ്രദമായി തടയാന്‍ കഴിയുന്നില്ലെന്നാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്.

മെച്ചപ്പെട്ട ചികിത്സയിലൂടെ കൂടുതല്‍ കാലം ജീവിക്കാന്‍ കഴിയുന്നതിനാല്‍ രോഗത്തോട് ഭയമില്ലാതായതും, മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചതുമൊക്കെയാണ് അണുവ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടാനുണ്ടായ കാരണമെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പറയുന്നു.

ഇതുവരെ 1199 പേര്‍ക്ക് എച്ച്‌ഐവി സ്ഥിതീകരിച്ചു

2016 ഒക്ടോബര്‍ വരെ സംസ്ഥാനത്ത് 1199 പേര്‍ക്ക് എച്ച്‌ഐവി അണുബാധ സ്ഥിതീകരിച്ചതായാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്

നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികള്‍ തിരുവനന്തപുരം ജില്ലയിലാണുള്ളത്. 2005 മുതലുള്ള കണക്കനുസരിച്ച് ജില്ലയില്‍ 5649 രോഗികളുണ്ടെന്നാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പറയുന്നത്. എന്നാല്‍ ഇവരെല്ലാം തിരുവനന്തപുരം സ്വദേശികളാണെന്ന് ഉറപ്പിക്കാനാവില്ലെന്നും, ഇവിടെ പരിശോധന നടത്തിയവരാകാനും സാധ്യതയുണ്ടെന്നും സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു.

മരണമടഞ്ഞവര്‍ 4673 പേര്‍

സംസ്ഥാനത്ത് ഇതുവരെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ വിവിധ കേന്ദ്രങ്ങളിലായി 20954 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും, ഇതില്‍ 15071 പേര്‍ക്ക് ചികിത്സ ആരംഭിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 4673 എച്ച്‌ഐവി അണുബാധിതര്‍ ഇതുവരെ മരണമടഞ്ഞെന്നും പറയുന്നു.

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനം

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ ബോധവത്ക്കരണ പരിപാടികളും ക്യാംപയിനുകളുമാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.

English summary
Report about HIV positive cases in Kerala. most of the HIV positives are in Trivandrum district.
Please Wait while comments are loading...