എല്ലാം മറന്ന് ഒന്നിക്കാന്‍ മുജാഹിദുകള്‍...സുന്നി ഐക്യവും ഉടനെയുണ്ടാവുമോ?

ഡിസംബറില്‍ ഇരുവിഭാഗവും സംയുക്തമായി ഒൗദ്യോഗിക ലയനപ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.

  • Updated:
  • By: Afeef Musthafa
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തിലെ ഇരുവിഭാഗം മുജാഹിദുകളും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മുജാഹിദ് ലയന സമ്മേളനം 2016 ഡിസംബര്‍ 20ന് കോഴിക്കോട് വെച്ചു നടക്കുമെന്നാണ് സൂചന. ലയനം സംബന്ധിച്ചുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഹുസൈന്‍ മടവൂരും സി പി ഉമ്മര്‍ സുല്ലമിയും നേതൃത്വം നല്‍കുന്ന വിഭാഗവും ടി പി അബ്ദുള്ളക്കോയ മദനി നേതൃത്വം നല്‍കുന്ന വിഭാഗവുമാണ് ഇനി മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കെ എന്‍ എമ്മില്‍ നിന്ന് ഒരു വിഭാഗം പിരിഞ്ഞു പോകുകയും മര്‍ക്കസുദ്ദഹ്വ വിഭാഗം എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തത്. ഇതിനുശേഷം പലതവണ ഔദ്യോഗിക വിഭാഗവും മര്‍ക്കസുദ്ദഹ്വ വിഭാഗവും ഒന്നിക്കുമെന്നുള്ള വാര്‍ത്തകള്‍ ഉണ്ടായെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇരുവിഭാഗവും അവരുടെ സമ്പൂര്‍ണ്ണ പ്രവര്‍ത്തകസംഗമം സംഘടിപ്പിച്ച് ലയന തീരുമാനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

സംസ്ഥാന സമിതിയുടെ അംഗീകാരം

ടി പി അബ്ദുള്ളക്കോയ മദനി വിഭാഗം പെരിന്തല്‍മണ്ണയില്‍ വിളിച്ചു ചേര്‍ത്ത സമ്പൂര്‍ണ്ണ പ്രവര്‍ത്തകസംഗമത്തിലും, ഹുസൈന്‍ മടവൂര്‍ വിഭാഗം കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമിതിയിലും ലയന തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു.

സംയുക്ത പ്രഖ്യാപനം ഉടന്‍

ലയനത്തെ സംബന്ധിച്ചുള്ള ഇരുവിഭാഗങ്ങളുടെയും സംയുക്ത പ്രഖ്യാപനം ഡിസംബര്‍ ആദ്യവാരം കോഴിക്കോട് നടക്കുമെന്നാണ് സൂചന. ഇരുവിഭാഗങ്ങളുടെയും സംയുക്ത സംസ്ഥാന എക്‌സിക്യൂട്ടീവ് ചേര്‍ന്നതിന് ശേഷമാകും പ്രഖ്യാപനമുണ്ടാകുക

സ്ഥാനമാനങ്ങള്‍ തീരുമാനമായില്ല

ഇരുവിഭാഗങ്ങളും ലയിക്കുന്നതോടെ സംസ്ഥാന നേതൃത്വത്തില്‍ മുതല്‍ താഴെക്കിടയിലുള്ള കമ്മിറ്റികളില്‍ വരെയുള്ള സ്ഥാനങ്ങളിലും കമ്മിറ്റികളിലും തീരുമാനമെടുക്കേണ്ടത് വലിയ പ്രതിസന്ധിയാണ്. എന്നാല്‍ ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ ലയനത്തിനു ശേഷം സ്വീകരിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.

വിസ്ഡം വിഭാഗം ലയിക്കാനില്ല

മുജാഹിദിലെ മറ്റൊരു വിഭാഗമായ വിസ്ഡം വിഭാഗം ലയനനീക്കത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിസ്ഡം വിഭാഗത്തെ ലയിപ്പിക്കാനുള്ള നീക്കങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നാണ് കെ എന്‍ എം നേതാക്കളും മര്‍ക്കസുദ്ദഹ്വ നേതാക്കളും പറഞ്ഞത്. ലയനപ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കാമെന്നാണ് വിസ്ഡം നേതാക്കളും അറിയിച്ചത്.

സുന്നികളുടെ ലയനം ഉടനെ?

മുജാഹിദ് ഐക്യം യാഥാര്‍ത്ഥ്യമായതോടെ സുന്നി ഐക്യം ഉടന്‍ ഉണ്ടാകുമോ എന്നാണ് എല്ലാവരുടെയും ചോദ്യം. കാന്തപുരം വിഭാഗവും സമസ്ത വിഭാഗവും തമ്മിലുള്ള ഭിന്നത ഇടക്കാലത്ത് രൂക്ഷമായിരുന്നെങ്കിലും സമുദായത്തിന്റെ പുരോഗതിക്ക് ഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്നാണ് സാധാരണ പ്രവര്‍ത്തകരുടെ അഭിപ്രായം. മുസ്ലീംലീഗ് ഇതിനു മുന്‍കൈ എടുത്തിരുന്നെങ്കിലും പലപ്പോഴും ഒന്നും എവിടെയും എത്തിയില്ല. എന്നാല്‍ സുന്നി ഐക്യം ഉണ്ടാവില്ലെന്ന വ്യക്തമായ മറുപടി നല്‍കാന്‍ ഇരുവിഭാഗം നേതാക്കളും തയ്യാറാകാത്തത് സുന്നി ഐക്യം ഒരു അടഞ്ഞ അധ്യായമല്ല എന്ന സൂചനയാണ് നല്‍കുന്നത്.

Read Also: സുന്നികൾ കൊല്ലപ്പെടേണ്ടവരെന്ന് സലഫികൾ പറഞ്ഞോ? അവരുടെ രക്തവും സ്വത്തും അനുവദനീയമോ?

English summary
The stage is set for the reunion of two major Salafi organizations in the state, the Kerala Nadvathul Mujahideen(KNM), the official faction, and the Markazudawa faction.
Please Wait while comments are loading...