കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് യഥാര്‍ത്ഥ ഫാസിസ്റ്റ്? ; അഭിപ്രായ സ്വാതന്ത്ര്യത്തിന് വാളെടുക്കുന്നവരോട് വിനയന്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിഷേധിച്ച ഫെഫ്കയ്‌ക്കെതിരെ സംവിധായകന്‍ വിനയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫെഫ്കയെയും നേതാക്കളേയും വിമര്‍ശിച്ചത്.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ട് ശബ്ദിക്കുന്നതിന്റെ തിരക്കിലാണ് ഇന്ന് കേരളം. അഭിപ്രായം പറയാന്‍ ഇന്ത്യന്‍ ഭരണ ഘടന പൗരന് അവകാശം നല്‍കുന്നുണ്ടെന്നത് സത്യം. എന്നാല്‍ ചിലര്‍ക്ക് മാത്രം അഭിപ്രായം പറയാം ചിലര്‍ക്ക് പറയാന്‍ പാടില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ സംഘപരിവാറിന്റെ ഭീഷണി നേരിട്ട എംടി വാസു ദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനും ആഭിമുഖ്യം പ്രഖ്യാപിച്ച് ഫെഫ്കയുടെ നേതൃത്വത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ ഒത്ത് കൂടി പ്രതിജ്ഞയെടുത്തിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഫെഫ്ക ചിലതൊക്കെ മറന്ന് പോയെന്നാണ് സംവിധായകന്‍ വിനയന്‍ ഓര്‍മിപ്പിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. തിലകനെതിരെ ഫെഫ്ക കൈക്കൊണ്ട നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് വിനയന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനാണ് വിനയന്‍. ഇടുപക്ഷത്തിന്റെ പിന്തുണയോടെയാണ് ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫെഫ്കയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ പ്രതികരിച്ചിരിക്കുന്നത്. കൂട്ടായ്മക്കെതിരെയല്ല ഫെഫ്കയ്‌ക്കെതിരെയാണ് വിനയന്റെ പോസ്റ്റ്. തിലകനെതിരായ ഫെഫ്കയുടെ നിലപാടുകളെ ഓര്‍മപ്പെടുത്തിയായിരുന്നു പോസ്റ്റ്.

ഫാസിസത്തിനെതിരെ ഫാസിസ്റ്റ് സംഘടന

അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അനുവദിക്കാത്ത ഫാസിസ്റ്റ് നടപടികള്‍ക്കെതിരെയായിരുന്നു ഫെഫ്കയുടെ പ്രതിഷേധം. അത്തരത്തില്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം തടഞ്ഞ അനുഭവം പണ്ട് ഫെഫ്കയ്ക്കും ഉണ്ട്. അന്തരിച്ച പ്രമുഖ നടന്‍ തിലകനെതിരെയായിരുന്നു അത്. ഫെഫ്കയ്‌ക്കെതിരെ സംസാരിച്ച തിലകനെ അവര്‍ വിലക്കുകയായിരുന്നെന്നും പോസ്റ്റില്‍ വിനയന്‍ കുറിക്കുന്നു.

ഫെഫ്കയ്‌ക്കെന്ത് യോഗ്യത

അഭിപ്രായ പ്രകട സ്വാതന്ത്ര്യത്തിന് വേണ്ട് വാളെടുക്കാന്‍ ഫെഫ്കയ്‌ക്കെന്ത് അവകാശമെന്നാണ് വിനയന്റെ ചോദ്യം. അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരിലാണ് തിലകനെ സിനിമയില്‍ നിന്നും ഫെഫ്ക വിലക്കിയത്. അങ്ങനെയുള്ളൊരു സംഘടന എങ്ങനെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുക എന്നാണ് വിനയന്റെ ചോദ്യം.

ഫെഫ്ക എന്ന ഫാസിസ്റ്റ് സംഘടന

ഫെഫ്കയെ ഫാസിസ്റ്റ് സംഘടന എന്ന് ആദ്യം വിശേഷിപ്പിച്ചത് തിലകാനാണെന്നും വിനയന്‍ പറയുന്നു. അതിന്റെ പേരില്‍ തിലകന് പലതും നഷ്ടപ്പെടുത്തേണ്ടി വന്നു. സിനിമയില്‍ നിന്ന് തന്നെ അദ്ദേഹം മാറ്റി നിര്‍ത്തപ്പെട്ടു. അതും ഇവരിപ്പോള്‍ വാദിക്കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ പേരില്‍.

തിലകനോടൊരു മാപ്പ്

ഈ പ്രതിഷേധ പ്രകടനത്തിന് ഇറങ്ങുന്നതിന് മുമ്പ് തങ്ങള്‍ മൂലം ക്രൂശിക്കപ്പെട്ട മഹാനടന്‍ തിലകന്റെ ആത്മാവിനോടെങ്കിലും മാപ്പ് ചോദിക്കണമായിരുന്നെന്ന് വിനയന്‍ പറഞ്ഞു. ഫെഫ്കയുടെ നേതൃത്വത്തില്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭം കാണമ്പോള്‍ സംഘടനയേപ്പറ്റിയും നേതാക്കളെ പറ്റിയും അറിയുന്നവര്‍ ചിരിച്ചുപോകുമെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.

തിലകനെ വിലക്കിയ ഫെഫ്ക

ഫെഫ്കയ്‌ക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഫെഫ്ക തിലകനെ വിലക്കി. തിലകനുമായി ഫെഫ്കയിലെ ഒരാള്‍ പോലും സഹകരിക്കാന്‍ പാടില്ല എന്ന് സംഘടന അറിയിച്ചു. ഇത് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറിയായിരുന്ന ബി ഉണ്ണികൃഷ്ണന്‍ ഉത്തരവും ഇറക്കിയിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിനയന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെഫ്കയേക്കാള്‍ ഭേദം ബിജെപി

ഫെഫ്ക ഫാസിസ്റ്റ് എന്ന് മുദ്രകുത്തിയ ബിജെപി തന്നെയാണ് ഫെഫ്കയേക്കാള്‍ ഭേദമെന്നാണ് വിനയന്റെ പക്ഷം. അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ചീത്തവിളിക്കുകയോ വാക്കുകൊണ്ട് അധിക്ഷേപിക്കുകയോ അല്ല അവര്‍ ചെയ്തത്. പകരം ആ വ്യക്തിയുടെ തൊഴിലിനെ തന്നെ വിലക്കിക്കൊണ്ട് ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യുകയാണ് ചെയ്തത്.

അര്‍ത്ഥം മറന്നു പോയോ?

തങ്ങള്‍ക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ നിങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം മറന്നു പോയോ എന്നും വിനയന്‍ ചോദിച്ചു. ഇപ്പോള്‍ ഈ ധാര്‍മിക രോഷം എവിടെ നിന്നുണ്ടായി? ഫെഫ്കയേയും നേതാക്കളേയും അടിമുടി വിമര്‍ശിക്കുകയാണ് കുറിപ്പില്‍.

ഇരട്ടത്താപ്പ്

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു വ്യക്തിയെ വേറൊരാള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചാല്‍ ആ ക്ഷണിച്ച ആളെപ്പോലും വച്ചേക്കില്ല. വിലക്കി ഒറ്റപ്പെടുത്തുക എന്ന നിഷ്ടൂരമായ നയം സ്വീകരിച്ച് നടപ്പിലാക്കിയവരാണ് കലാകാരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിജ്ഞയെടുക്കുന്നത്. ഈ ഇരട്ടത്താപ്പ് നമ്മള്‍ മനസിലാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്വകാര്യ നേട്ടങ്ങള്‍ക്ക് വേണ്ടി

ഇപ്പോഴത്തെ ഫെഫ്കയുടെ ഈ നലപാടിനെ സ്വകാര്യ നേട്ടങ്ങല്‍ വേണ്ടിയുള്ളതെന്നും ചില വ്യക്തികള്‍ക്ക് മുന്നില്‍ നല്ല പിള്ള ചമയാനുള്ളതെന്നുമാണ് വിനയന്‍ ചൂണ്ടിക്കാട്ടുന്നത്. അവസരവാദികളാകുന്ന കലാകാരന്മാരുണ്ടെങ്കില്‍ അവരെ തുറന്ന് കാട്ടാനും നമ്മള്‍ തയാറാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വര്‍ഗീയതയേയും ഫാസിസത്തേയും എന്നും എതിര്‍ത്തിട്ടുള്ളവനാണ് താനെന്നും വിനയന്‍ പറയുന്നു.

എംടിയെ അനുകൂലിച്ച്

വിശ്വ സാഹിത്യകാരനായ എംടി വാസുദേവന്‍നായര്‍ക്ക് ലോകത്തുള്ള എന്തിനേക്കുറിച്ചും അഭിപ്രയാം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നവര്‍ പരഹാസ്യരാകുകയേയുള്ളു. വിമര്‍ശിക്കുന്നവര്‍ രാജ്യം വിട്ട് പോകണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിജ്ഞയെടുക്കുമ്പോള്‍ ആ പ്രതിജ്ഞയും സ്വന്തം പ്രവര്‍ത്തിയും തമ്മില്‍ പുല ബന്ധമെങ്കിലും ഉണ്ടായില്ലെങ്കില്‍ ഈ കലാകാരന്മാര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസകഥാപാത്രങ്ങളാകും എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

English summary
Vinayan against FEFKA and its leaders in his facebook post. He criticise their moment on freedom of expression.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X