ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കോച്ച് ഞാനാണെന്ന് ഹോസെ മൗറീന്യോ സ്വയം പുകഴ്ത്തുമ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സി പുതിയ സീസണില്‍ നിലയില്ലാ കയത്തിലാണ്. ആദ്യ എട്ടു മത്സരങ്ങള്‍ കഴിയുമ്പോഴേക്കും ചാമ്പ്യന്മാര് കിരീടം കൈവിട്ട നിലയിലാണ്. നാലു മത്സരങ്ങളില്‍ തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ചെല്‍സിക്ക് ജയിക്കാനായത്.
ശനിയാഴ്ച സതാംപ്ടനോട് 3-1 എന്ന സ്കോറിന് സ്വന്തം മൈതാനത്ത് തോറ്റതോടെ കോച്ച് ഹോസെ മൗറീന്യോയുടെ നില്നില്പ് ചോദ്യം ചെയ്യപ്പെടുകയാണ്. തന്നെ ക്ലബ്ബ് പുറത്താക്കിയേക്കുമെന്ന് മൗറീന്യോ തന്നെ പറയുന്നു. അതേസമയം രാജിവെച്ച് ക്ലബ്ബിനെ തനിച്ചാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പുറത്താക്കിയില്ലെങ്കില്‍ ആദ്യ നാലില്‍ ടീമിനെ എത്തിക്കുമെന്നും കോച്ച് വാഗ്ദാനം നല്‍കുന്നുണ്ട്.
ചെല്‍സിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം കോച്ചിന്റെതാണോ അതോ കളിക്കാരുടെതാണോ എന്ന് കളി നിരീക്ഷകര്‍ക്ക് ഉറപ്പില്ല. ഏതാണ്ട് മുഴുവന്‍ താരങ്ങളും തങ്ങളുടെ ഫോമിന്റെ അരികിലെങ്ങുമില്ലെന്ന് ചിലര്‍ പറയുമ്പോള്‍ കോച്ചിന്റെ പിഴച്ച തീരുമാനങ്ങളാണ് ചെല്‍സിയെ ബാധിക്കുന്നതെന്ന് മറ്റു ചിലര്‍ പറയുന്നു. മത്സരങ്ങള്‍ തോറ്റു തുടങ്ങിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലായതാണ് താരങ്ങള്‍ക്ക് വിനയായതെന്ന് വേറെ ചിലരും പറയുന്നു.
എന്തായാലും, ക്ലബ്ബ് ഉടമ റോമന്‍ അബ്രമോവിച്ച് ഒട്ടും സന്തോഷവാനല്ല. ക്ലബ്ബ് റിസല്‍ട്ട് കൊണ്ടുവരാത്തപ്പോഴെല്ലാം കോച്ചിനെ മാറ്റിയ ചരിത്രമാണ് മാനേജ്മെന്റിനുള്ളത്. അതുകൊണ്ടുതന്നെ അടുത്ത ഒന്നോ രണ്ടോ മത്സരങ്ങള്‍ കൂടി നിരീക്ഷിച്ചശേഷം മൗറീന്യോയെ പുറത്താക്കാനാണ് സാധ്യതയെന്ന് കളിയെഴുത്തുകാര്‍ പറയുന്നു.