കറാച്ചി: ടി വി ഷോയില്‍ വെച്ച് പാകിസ്താന് ക്രിക്കറ്റിനെ കളിയാക്കിയ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തറിനെതിരെ ജന്മനാട്ടില് പ്രതിഷേധം. പാകിസ്താനെ കളിയാക്കിയിട്ട് അക്തറിന് എന്ത് നേട്ടമാണ് കിട്ടിയത് എന്ന് അറിയില്ലെന്ന് മുന്‍ പാക് താരവും ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ സര്‍ഫ്രാസ് നവാസ് പറഞ്ഞു. അക്തറിനെതിരെ പാകിസ്താന് ഒട്ടാകെ അമര്‍ഷം പുകയുകയാണ്.
കോമഡി നൈറ്റ്സ് വിത് കപില്‍ എന്ന ടി വി ഷോയിലാണ് അക്തര്‍ പാകിസ്താന് ക്രിക്കറ്റിനെ കളിയാക്കി സംസാരിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗും ഒപ്പമുണ്ടായിരുന്നു. ഇന്ത്യയില്‍ മാത്രമല്ല പാകിസ്താനിലും വളരെയധികം ആരാധകരുള്ള പരിപാടിയാണ് കോമഡി നൈറ്റ്സ് വിത് കപില്‍. ഹര്ഭജന് സിംഗും ഷോയിബ് അക്തറും ഒന്നിച്ച് വന്ന എപ്പിസോഡിനും പാകിസ്താനില്‍ വളരെയധികം കാണികളുണ്ടായിരുന്നു.
ലോകകപ്പ് നടക്കുന്ന സമയമായതിനാല്‍ പാകിസ്താനിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡാണ്. മുന്‍ ക്യാപ്റ്റന്‍ വസിം അക്രമാണ് ടി വി കമന്റേറ്റര്‍മാരില്‍ ഏറ്റവും പ്രശസ്തന്‍. റമീസ് രാജ, ഷോയിബ് അക്തര്‍ തുടങ്ങിയവരും കമന്ററി പറയാനെത്തുന്നുണ്ട്. മറ്റൊരു മുന്‍ ക്യാപ്റ്റന്‍ ഷോയിബ് മാലിക് ഇന്ത്യന്‍ ടി വിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ ഒരു ചാനലില്‍ പാക് ക്രിക്കറ്റിനെയും മുന്‍ താരമായ ഇജാസ് ബട്ടിനെതിരെയും അക്തര്‍ കളിയാക്കിയത് പാക് ആരാധകര്‍ക്ക് തീരെ ഇഷ്ടമായിട്ടില്ല. കളിച്ചിരുന്ന കാലത്തും പിന്നീടും വിവാദനായകനായിരുന്നു ഷോയിബ് അക്തര്‍. ഇന്ത്യയ്ക്കെതിരെ പാകിസ്താന് തോറ്റതിന് പിന്നാലെ അക്തര്‍ ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖിനെ സ്വാര്ഥന് എന്നും ഭീരു എന്നും വിളിച്ച് രംഗത്തെത്തിയിരുന്നു.