ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ പത്തില്‍ നിന്നും പുറത്തായി. ഒന്നാം ടെസ്റ്റില്‍ സെഞ്ചുറിയും രണ്ടാം ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയും നേടിയിട്ടും കോലിക്ക് പതിനൊന്നാം റാങ്കിലെത്താനേ കഴിഞ്ഞുള്ളൂ. അവസാന ടെസ്റ്റ് കളിച്ച കുമാര്‍ സങ്കക്കാര ഏഴാം റാങ്കിലാണ്. വിരമിച്ച മറ്റൊരു താരമായ മൈക്കല്‍ ക്ലാര്ക്കാകട്ടെ 25 ആം റാങ്കിലാണ്.
ശ്രീലങ്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളില്‍ നിന്നും 17 വിക്കറ്റുകള്‍ വീഴ്ത്തിയ ആര് അശ്വിനാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബൗളിംഗില്‍ എട്ടാം സ്ഥാനത്താണ് അശ്വിന്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബൗളറും അശ്വിനാണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന് രണ്ടാം സ്ഥാനത്താണ്. സെഞ്ചുറിയോടെ ഇന്ത്യയെ ജയിപ്പിച്ച അജിന്‍ക്യ രഹാനെ കരിയര്‍ ബെസ്റ്റ് ആയ ഇരുപതാം റാങ്കിലെത്തി.
ബാറ്റിംഗില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാം റാങ്കില്‍. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരാണ് രണ്ടും മൂന്നും റാങ്കുകളില്‍. ശ്രീലങ്കയ്ക്കെതിരായ പരമ്പര ജയിച്ചാല്‍ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡിനെ പിന്തള്ളി അഞ്ചാം റാങ്കിലെത്താം. അതേസമയം, തോറ്റാല്‍ ഏഴാം സ്ഥാനത്തുള്ള ശ്രീലങ്ക ഇന്ത്യയെ പിന്തള്ളി ആറാം സ്ഥാനത്തെത്തും.