കൊല്‍ക്കത്ത: ഇന്ത്യക്കാരനല്ലെങ്കിലും ഇന്ത്യയിലെ ക്രിക്കറ്റുമായി ഇന്ത്യക്കാരോളം തന്നെ ബന്ധമുള്ള ആളാണ് വസിം അക്രം. പാകിസ്താന് മുന്‍ ക്യാപ്റ്റനും ഇതിഹാസ ഫാസ്റ്റ് ബൗളറുമായ വസിം അക്രം തന്നെ. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് കോച്ചായ അക്രത്തിന് ഇന്ത്യയിലെ ക്രിക്കറ്റിനെക്കുറിച്ചും യുവതാരങ്ങളെക്കുറിച്ചും നല്ല പിടിപാടാണ്.
ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യം ഇന്ത്യക്കാരനായ കോച്ചിനെയാണ് എന്നാണ് അക്രം പറയുന്നത്. ക്രിക്കറ്റ് കളിക്കുന്ന സീസണില്‍ മാത്രം ഇന്ത്യ സഞ്ചരിക്കുന്ന ഒരു ടൂറിസ്റ്റ് കോച്ചിനെയല്ല ഇന്ത്യയ്ക്ക് വേണ്ടത്. ഇന്ത്യയിലെ കളിക്കാരെ തിരിച്ചറിയാനും വളര്‍ത്തിക്കൊണ്ടുവരാനും കഴിയുന്ന ഒരു നല്ല മാനേജരെയാണ്. ഡങ്കന്‍ ഫ്ലച്ചര്‍ സ്ഥാനമൊഴിയുന്നതിനാല്‍ ഒരു പുതിയ കോച്ചിനെ തേടുകയാണ് ടീം ഇന്ത്യ.
ഫ്ളച്ചര്‍ കോച്ചായി തുടരുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നും അക്രം പറഞ്ഞു. ദില്ലിയില്‍ ഒരു പരിപാടിയില്‍ ദിലീപ് വെംഗ്സര്ക്കറിനൊപ്പം സംസാരിക്കുകയായിരുന്നു അക്രം. അക്രം ഇന്ത്യയുടെ കോച്ചാകുന്നതിനോടാണ് വെംഗ്സര്ക്കറിന് യോജിപ്പ്. എന്നാല്‍ വ്യക്തിപരമായ തിരക്കുകളും മറ്റ് പരിപാടികളും ഉള്ളതിനാല്‍ തനിക്ക് മുഴുവന്‍ സമയ കോച്ചാകാന്‍ പറ്റില്ല എന്നായിരുന്നു അക്രത്തിന്റെ മറുപടി.