ദില്ലി: ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഡ്രീം ടീമില്‍ ഇന്ത്യയില്‍ നിന്നും സച്ചിന് തെണ്ടുല്‍ക്കര്‍ മാത്രം. മിന്നുന്ന ഫോമില്‍ കളിക്കുന്ന വിരാട് കോലിയെ ഒഴിവാക്കിയാണ് ബ്രോഡ് ടീമിനെ തിരഞ്ഞെടുത്തത് എന്നതാണ് രസകരം. ഇംഗ്ലണ്ടിനെതിരെയും കോലി നല്ല ഫോമിലായിരുന്നു. രാഹുല്‍ ദ്രാവിഡ്, സേവാഗ് തുടങ്ങിയ പ്രമുഖരും ബ്രോഡിന്റെ ലോക ടീമില്‍ ഇല്ല.
സ്വന്തം ടെസ്റ്റ് ടീമായ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കാണ് ലോക ഇലവനെയും നയിക്കുക. കുക്കിനെ കൂടാതെ മറ്റ് രണ്ടുപേര്‍ കൂടി ഇംഗ്ലണ്ടില്‍ നിന്നും ടീമിലുണ്ട്. നാല് പേര് ഓസ്ട്രേലിയയില്‍ നിന്നാണ്. മാത്യു ഹെയ്ഡന്, റിക്കി പോണ്ടിംഗ്, ഷെയ്ന് വോണ്‍, ഗ്ലെന്‍ മക്ഗ്രാത്ത് എന്നിവരാണ് ഓസ്ട്രേലിയയില്‍ നിന്നും ടീമിലുള്ളത്. ഇംഗ്ലണ്ടില്‍ നിന്നും കുക്കിനെ കൂടാതെ മാത്യു പ്രയോര്‍, ജെയിംസ് ആന്ഡേഴ്സണ് എന്നിവരാണ് ടീമിലുള്ളത്.
ശരാശരിയിലും താഴ്ന്ന റെക്കോര്‍ഡുള്ള മാറ്റ് പ്രയോറിനെ എന്ത് കാര്യത്തിലാണ് ബ്രോഡ് ടീമിലെടുത്തത് എന്നതാണ് രസകരമായ ചോദ്യം. ഗില്‍ക്രിസ്റ്റ്, ധോണി, സങ്കക്കാര തുടങ്ങി എത്രയോ സമകാലീനരായ കീപ്പര്‍ക്കെതിരെ കളിച്ചയാളാണ് ബ്രോഡ്. സച്ചിന് തെണ്ടുല്‍ക്കര്‍, റിച്ചാര്‍ഡ് ഹാഡ്ലീ, ബ്രയാന്‍ ലാറ, ജാക്വിസ് കലിസ് എന്നിവരാണ് ടീമിലെ മറ്റ് കളിക്കാര്‍. പാകിസ്താന്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും ഒരാളെപ്പോലും ബ്രോഡ് ടീമിലെടുത്തിട്ടില്ല.