ദില്ലി: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തായി.
കൊളംബോയില്‍ നടന്ന ടെസ്റ്റ് പരമ്പയില്‍ ശ്രീലങ്ക ഓസ്ട്രേലിയയെ ശരിയ്ക്കും നാമാവശേഷമാക്കുകയായിരുന്നു. 118 റേറ്റിങ്ങുമായി കൊളംബോയിലെത്തിയ ഓസ്ട്രേലിയന്‍ ടീം മടങ്ങിയത് 108 റേറ്റിങ്ങുമായിട്ടാണ്. മൂന്ന് കളികളിലും വിജയം ശ്രീലങ്കയ്ക്കായിരുന്നു. ഇതോടെ ശ്രീലങ്ക നിലനമെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.
20 മത്സരങ്ങളില്‍ നിന്നായി 2,238 പോയന്റും 112 റേറ്റിങും സ്വന്തമാക്കിയ ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. 25 മത്സരങ്ങളില്‍ നിന്ന് 2,767 പോയന്റും 11 റേറ്റിങും നേടിയ പാകിസ്താന് ആണ് രണ്ടാംസ്ഥാനത്ത്.
ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ഒരേ റേറ്റിങ് ആണെങ്കിലും മൂന്നാം സ്ഥാനം ഓസ്ട്രേലിയക്ക് തന്നെയാണ്. ഇംഗ്ലണ്ട് നാലാം സ്ഥാനത്തും.
ഈ വര്‍ഷം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാല്‍ സിംബാബ് വേ പര്യടനം ഏകപക്ഷീയമായി സ്വന്തമാക്കിയ ഓസ്ട്രേലിയ ഇന്ത്യയില്‍ നിന്ന് ഒന്നാം റാങ്ക് പിടിച്ചെടുക്കുകയായിരുന്നു. എന്തായലും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി!!!