സിഡ്നി: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്സ്മാന് വിരാട് കോലി നേടിയത് കേവലം ഒരു റണ്‍സ്. 13 പന്തുകളിലാണ് കോലി ഒരു റണ്‍ നേടിയത്. ജോണ്‍സണിന്റെ ഉയര്‍ന്നു വന്ന പന്തില്‍ ബാറ്റുവെച്ച് കോലി വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്ത് മടങ്ങുകയായിരുന്നു.
കോലി പുറത്തായതിന്റെ തൊട്ടുപിന്നാലെ കളികാണാനെത്തിയ കാമുകി അനുഷ്കയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ തെറിവിളിയും തുടങ്ങി. ട്വിറ്ററിലും ഫേസ്ബുക്കിലും കോലിക്കും കാമുകിക്കും കൈനിറയെ തെറിവിളിയും പരിഹാസവുമാണ്. ഇതുവരെ ലോകകപ്പ് കാണാനെത്താതിരുന്ന അനുഷ്ക സിഡ്നിയില്‍ എത്തിയതോടെ കോലിയുടെ ഏകാഗ്രത നഷ്ടപ്പെട്ടെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി.
ക്വാര്‍ട്ടര്‍ ഫൈനല്‍വരെ കാമുകിമാരെയും ഭാര്യമാരെയും അനുവദിക്കാതിരുന്ന ബിസിസിഐ അതിനുശേഷമാണ് പെണ്‍സുഹൃത്തുക്കള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍, ഇന്ത്യ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത് കാത്തിരുന്ന ആരാധകരെ തീര്‍ത്തും നിരാശരാക്കുന്നതായിരുന്നു സെമിയില്‍ കളിക്കാരുടെ പ്രകടനം.
തുടര്‍ച്ചയായി ഏഴു മത്സരങ്ങള്‍ ജയിച്ചുകയറിവന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയുടെ ബാറ്റിങ്ങിനും ബൗളിങ്ങിനും മുന്നില്‍ മറുപടി ഉണ്ടായിരുന്നില്ല. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര ബാറ്റ്സ്മാന്മാര് തകര്‍ന്നടിഞ്ഞതാണ് തോല്‍വിക്ക് പ്രധാന കാരണമായത്. അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ മോശം പന്തുകളെറിഞ്ഞതും ഇന്ത്യയ്ക്ക് വിനയായി.