കൊച്ചി: കൊച്ചിയിലെ തങ്ങളുടെ അവസാന ഹോം മത്സരത്തില്‍ ഗോവയോട് 5-1 ന് തോറ്റ് കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സെമികാണാതെ പുറത്താകുന്ന ആദ്യ ടീമായി. എന്നാല്‍ കേരളത്തെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച ഗോവ പ്ലേ ഓഫ് ഉറപ്പിച്ചു. ഗോവയ്ക്കായി റെയ്നാള്‍ഡോ (29, 50, 61) ഹാട്രിക് നേടി.
കളിതുടങ്ങി രണ്ട് മിനിറ്റ് തികയുന്നതിനുമുമ്പ് ഗോളടിച്ച് ബ്ലാസ്റ്റേഴ്സ് കാണികളെ ആവേശത്തിലാക്കി. മത്സരം ബ്ലാസ്റ്റേഴ്സ് ജയിക്കാനാണ് ഇറങ്ങിയതെന്ന പ്രതീതി ഉടലെടുത്ത ഏക നിമിഷവും അതായിരുന്നു. പന്ത് കൈവശം വയ്ക്കുന്നതില്‍ മിടുക്ക് കാണിച്ച ഗോവ തുടരെ തുടരെ ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖം ആക്രമിച്ച് കൊണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയെന്നവണ്ണം 12-ാം മിനിറ്റില്‍ ഗോവ, ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. വലതുഭാഗത്തുനിന്നും ജൊഫ്രെ ഗൊണ്സാലെസ, ഗോളിമാത്രം മുന്നില്‍ നില്‍ക്കെ തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് വലചലിപ്പിക്കുകയായിരുന്നു.
39-ാം മിനിറ്റില്‍ റെയ്നാള്‍ഡോ ലീഡ് ഉയര്‍ത്തി. മത്സരത്തിലെ 45-ാം മിനിറ്റില്‍ ഹോസു ഗോവന്‍ കളിക്കാരന് ജോഫ്രിയുമായി അടികൂടിയതിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന്റെ കേളീശൈലിയെ ശരിക്കും ബാധിച്ചു.
ഇടവേളയ്ക്കുശേഷം 10 പേരുമായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഗോവ ശരിക്കും വെള്ളം കുടുപ്പിച്ചു. 50-ാം മിനിറ്റിലും 61-ാം മിനിറ്റിലും റെയ്നാള്‍ഡോ ബ്ലാസ്റ്റേഴ്സ് വലകുലുക്കി ഹാട്രിക് തികച്ചു. 64-ാം മിനിറ്റില്‍ ദേശായിയും ഗോള്‍ കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പരാജയം പൂര്‍ണമായി.
തോല്‍വിയോടെ ബ്ലാസ്റ്റേഴ്സിന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ലീഗില്‍ 12 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്താണ്. എന്നാല്‍ 13 മത്സരങ്ങളില്‍ 22 പോയിന്റ് നേടി ഗോവ രണ്ടാം സ്ഥാനത്തേക്കുയരുകയും പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു.