ലണ്ടന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള സ്പെയിന് ടീമില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ യുവാന്‍ മാറ്റ പുറത്ത്. ഈ മാസം ആറിന് ടുറിനില്‍ ഇറ്റലിക്കെതിരെയാണ് ആദ്യ മത്സരം. ഒമ്പതിന് അല്ബാനിയക്കെതിരെയാണ് മറ്റൊരു യോഗ്യതാ മത്സരം. ഗ്രൂപ്പ് ജിയിലെ ആദ്യ കളിയില്‍ 8-1ന് ലിചെന്‍സ്റ്റനെ തകര്‍ത്തിരുന്നു സ്പെയിന്.
പുതിയ കോച്ച് യുലെന് ലോപെടെഗു സ്ഥാനമേറ്റെടുത്ത ശേഷം ആദ്യം പ്രഖ്യാപിച്ച ടീമില്‍ യുവാന്‍ മാറ്റ ഇടം പിടിച്ചിരുന്നു. എന്നാല്‍, പകരക്കാരുടെ നിരയിലായിരുന്നു സ്ഥാനം. ചെല്‍സി മിഡ്ഫീല്‍ഡര്‍ സെസ്ക് ഫാബ്രിഗസിന്റെ സ്ഥിതിയാണ് കൂടുതല്‍ കഷ്ടം. ഒരു കാലത്ത് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ഫാബ്രിഗസിനെ പുതിയ കോച്ച് കണ്ട ഭാവം നടിക്കുന്നില്ല.
ഈ സീസണില്‍ വെസ്റ്റ്ഹാമിനായി ആറ് മത്സരങ്ങളില്‍ നിന്ന് പതിനാറ് ഗോളുകള്‍ വഴങ്ങിയ ഗോള്‍ കീപ്പര്‍ അഡ്രിയാനെയും കോച്ച് തഴഞ്ഞിട്ടുണ്ട്. അതേ സമയം ചെല്‍സി സ്ട്രൈക്കര്‍ ഡിയഗോ കോസ്റ്റ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡേവിഡ് സില്‍വ, നൊലിറ്റോ എന്നിവര്‍ 23 അംഗ സ്ക്വാഡിലുണ്ട്.
റയല്‍മാഡ്രിഡിന്റെ നാചോ ഫെര്‍നാണ്ടസ്, ഡാനി കര്‍വായാല്‍, സെര്‍ജിയോ റാമോസ്, ഇസ്കോ, ലുകാസ് വാസ്ക്വുസ്, അല്‍വാരോ മൊറാട്ട എന്നിവര്‍ ടീമിലുണ്ട്. ബാഴ്സയില്‍ നിന്ന് ജെറാര്‍ഡ് പീക്വെ, ജോര്‍ഡി അല്‍ബ, സെര്‍ജി റോബര്‍ട്ടോ, ബുസ്ക്വുറ്റ്സ്, ഇനിയെസ്റ്റ എന്നിവര്‍.