കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ പരിശീലകന് വന്നേക്കുമെന്ന് സൂചന. ഇംഗ്ലണ്ട് വംശജരായവര്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുള്ള ബ്ലാസ്റ്റേഴ്സ് ഇത്തവണയും അതില്‍ മാറ്റം വരുത്തിയിട്ടില്ല. ഇംഗ്ലണ്ടിന്റെ മുന്‍ ഡിഫന്ററും കോച്ചുമായിരുന്ന സ്റ്റുവര്‍ട്ട് പിയേഴ്സിനെ പരിശീകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. കോച്ചാവുന്നതു സംബന്ധിച്ച് ബ്ലാസ്റ്റേഴ്സിന്റെ പ്രതിനിധികള്‍ പിയേഴ്സുമായി ചര്‍ച്ച നടത്തിയെന്നും ഗോള്‍ ഡോട്ട് കോം പറയുന്നു. നേരത്തേ ഇംഗ്ലണ്ടിന്റെ ഡേവിഡ് ജെയിംസ്, പീറ്റര്‍ ടെയ്ലര്, ട്രെവര്‍ മോര്ഗന്, ടെറി ഫെലാന് എന്നീ ഇംഗ്ലീഷുകാര്‍ ബ്ലാസ്റ്റേഴ്സിന്റെ കോച്ചായിട്ടുണ്ട്.
നിലവില്‍ 55 കാരനായ സ്റ്റീവ് കോപ്പലാണ് ബ്ലാസ്റ്റേഴ്സിന്റെ കോച്ച്. കഴിഞ്ഞ സീസണിലെ ടൂര്‍ണമന്റില്‍ ടീമിനെ റണ്ണറപ്പാക്കാന്‍ അദ്ദേഹത്തിനായിരുന്നെങ്കിലും പുതിയ സീസണില്‍ മറ്റൊരു കോച്ചിനെ പരീക്ഷിക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നീക്കം.
കളിക്കാരനെന്ന നിലയില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ പിയേഴ്സിനായിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുനൈറ്റഡ്, നോട്ടിങ്ഹാം ഫോറസ്റ്റ് തുടങ്ങിയയ ഇംഗ്ലീഷ് ക്ലബ്ബുകളുടെ പ്രതിരോധക്കോട്ട കാത്തിട്ടുള്ള അദ്ദേഹം ഇംഗ്ലണ്ടിനായി 78 മല്‍സരങ്ങളിലും ജഴ്സിയണിഞ്ഞു. അണ്ടര്‍ 21 യൂറോയില്‍ ഇംഗ്ലണ്ട് ടീമിനെ 2009ല്‍ ചാംപ്യന്മാരാക്കി പിയേഴ്സ് പരിശീലക കുപ്പായത്തിലും ശ്രദ്ധിക്കപ്പെട്ടു. ഇംഗ്ലണ്ട് ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം അവസാനമായി നോട്ടിങ്ഹാമിന്റെ കോച്ചായിരുന്നു.