മോണ്ട്രിയല്: ആറരക്കോടിയുടെ കിലുക്കവുമായി അത്ലറ്റിക്കൊ കൊല്‍ക്കത്ത സമീപിച്ചെങ്കിലും ഓഫര്‍ നിരസിച്ച് സൂപ്പര്‍താരം ദിദിയര്‍ ദ്രോഗ്ബ മറ്റൊരു ക്ലബ്ബില്‍ ചേര്‍ന്നു. കനേഡിയന്‍ ക്ലബ്ബായ മോണ്ട്രിയല് ഇംപാക്ടിലാണ് ദ്രോഗ്ബയുടെ പുതിയ ചേക്കേറല്‍. വര്‍ഷം 3 മില്യണ്‍ ഡോളറിന് 18 മാസത്തേക്കാണ് 37കാരന് കരാറില്‍ ഏര്‍പ്പെട്ടതെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയുടെ ഇതിഹാസതാരങ്ങളിലൊരാളായ ദ്രോഗ്ബ കഴിഞ്ഞ സീസണിലാണ് ടീം വിട്ടത്. ഐവറികോസ്റ്റിനെ മൂന്നു പ്രാവിശ്യം ലോകകപ്പിനെത്തിച്ചതില് പ്രധാന പങ്കു വഹിച്ചത് ദ്രോഗ്ബയാണ്. ദ്രോഗ്ബയുടെ വരവിനെ തങ്ങള്‍ സന്തോഷത്തോടുകൂടി സ്വാഗഗം ചെയ്യുന്നതായി ഇംപാക്ട് ടീം പ്രസി ജോയ് സാപ്റ്റോ പറഞ്ഞു.
ദ്രോഗ്ബയെ പോലെയുള്ള ഒരു കളിക്കാരന് ടീമിലെത്തുന്നത് തീര്‍ച്ചയായും തങ്ങള്‍ക്ക് ഗുണം ചെയ്യും. വര്‍ഷങ്ങളായി ഫുട്ബോളിലുള്ള ദ്രോഗ്ബയുടെ പരിചയം ടീം അംഗങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും. ദ്രോഗ്ബയുമായി കരാര്‍ ടീമിന്റെ ചരിത്രത്തിലെതന്നെ വലിയൊരു ദിവസമായാണ് കാണുന്നത്. ദ്രോഗ്ബയുടെ സാന്നിധ്യം മേജര്‍ സോക്കര്‍ ലീഗ് കരസ്ഥമാക്കാന്‍ ടീമിനെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദ്രോഗ്ബ എത്തുന്നത് കനേഡിയന്‍ ഫുട്ബോള്‍ പ്രേമികളും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് അവിടെനിന്നുള്ള മാധ്യമങ്ങള്‍ പറയുന്നു. ചെല്‍സിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് ട്രോഫി എന്നിവ നേടിക്കൊടുക്കുന്നതില്‍ ദ്രോഗ്ബ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 164 ഗോളുകളാണ് ടീമുവേണ്ടി ദ്രോഗ്ബ അടിച്ചു കൂട്ടിയത്.