ദില്ലി: റിയോ ഒളിംപിക്സിനുള്ള ഗുസ്തി ടീമിലേക്ക് പ്രവീണ്‍ റാണയ്ക്ക് പച്ചക്കൊടി. നാഡയുടെ മരുന്ന് പരിശോധനയില്‍ കുടുങ്ങിയില്ലെങ്കില്‍ നര്‍സിംഗിന് പകരം പ്രവീണ്‍ റാണയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് എതിര്‍പ്പില്ലെന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനാണ് വ്യാഴാഴ്ച അറിയിച്ചത്.
Read also: ദുബായ്: കുപ്പിവെള്ളത്തില്‍ ബാക്ടീരിയ, വെള്ളക്കമ്പനി ദുബായിലുള്ളത്!!!
നര്‍സിംഗ് പങ്കെടുക്കാനിരുന്ന 74 കിലോ ഫ്രീസ്റ്റൈലിലേക്കാണ് റെസ് ലിംഗ് ഫെഡറേഷന് റാണയെ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ റെസ് ലിംഗ് ഫെഡറേഷന്റെ നിര്‍ദ്ദേശം യുണൈറ്റഡ് വേള്‍ഡ് റസ് ലിംഗ് അസോസിയേഷനും അംഗീകരിച്ചിട്ടുണ്ട്. നാഡ നടത്തിയ പരിശോധനയില്‍ നര്‍സിംഗ് യാദവിന്റെ രക്ത സാമ്പിളില്‍ സ്റ്റിറോയ്ഡിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന്റെ ഒളിംപിക്സ് മോഹത്തിന് മങ്ങലേറ്റത്. നര്‍സിംഗിന്റെ കേസില്‍ നാഡ ഡിസിപ്ലിനറി പാനല്‍ വാദം കേള്‍ക്കുകയാണ്.
നാഡയുടെ അച്ചടക്ക കമ്മറ്റി നര്‍സിംഗിന് അനുകൂലമായ തീരുമാനം സ്വീകരിക്കുകയാണെങ്കില്‍ ഇന്ത്യന്‍ റെസ് ലിംഗ് ഫെഡറേഷന് അയക്കാമെന്നുമാണ് യുണൈറ്റഡ് വേള്‍ഡ് റെസ് ലിംഗിന്റെ നിലപാട്. 124 അത്ലറ്റുകളുള്പ്പെടെ 211 അംഗ ടീമാണ് ആഗസ്ത് അഞ്ചിന് ബ്രസീലിലെ റിയോഡി ജനീറോയില്‍ ആരംഭിക്കുന്ന ഒളിംപിക്സിനായി ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നത്. ഇതിന് പുറമേ കോച്ചുകളും ഒഫീഷ്യലുകളും ഉള്‍പ്പെടെ 87 പേരും ടീമിനൊപ്പമുണ്ടാകും.