കോഴിക്കോട്: നാഗ്ജി അന്താരാഷ്ട്ര ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന അണ്ടര്‍ 23 ടീമിനെ ടിഎസ്വി 1860 മ്യൂണിക് മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. അദ്യ പകുതിയില്‍ തീര്‍ക്കും നിറം മങ്ങിയ അര്‍ജന്റീന രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി എതിര് ഗോള്‍ മുഖം ആക്രമിച്ചെങ്കിലും ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല.
എന്നാല്‍ കളിയിലെ ഒത്തിണക്കവും പ്രതിരോധത്തിലെ മികവുമാണ് മ്യൂണിക്കിന് മിന്നും ജയം നേടിക്കൊടുത്തത്. 21-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് മ്യൂണിക് ആദ്യ ഗോള്‍ കണ്ടെത്തിയത്. ഫെലിക്സ് വെബര്‍ എടുത്ത പെനാല്‍റ്റി അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ ഫെറെറോ തട്ടിയകറ്റിയെങ്കിലും ഫെലിക്സ് ബാസ്ചിസ്മിഡ് റീബൗണ്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
നാല് മിനിറ്റിന് ശേഷം സൈമണ്‍ സെഫറിങ്സ് മ്യൂണിക്കിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നും മ്യൂണിക് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച അര്‍ജന്റീന മികച്ച അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും നിര്‍ഭാഗ്യവും മ്യൂണിക് ഗോളി പെരേറോയും അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി. എന്നാല്‍ 78-ാം മിനിറ്റില്‍ പ്രത്യാക്രമണത്തിലൂടെ മ്യൂണിക് ഗോള്‍ നേട്ടം മൂന്നാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.